ദീപാവലിയുടെ അവധി ദിവസങ്ങളിലാണ് ഹിമാചലിലേക്ക് യാത്ര പോയാലോ എന്നൊരു ആലോചന വന്നത്. മൂന്ന് ദിവസത്തെ അവധിയുണ്ട്. ഡല്‍ഹിയില്‍ നിന്ന് ആയതുകൊണ്ട് ഇത്രയും ദിവസം മതിയാകും യാത്ര പോയി വരാന്‍. ഉത്തരേന്ത്യയില്‍ ദീപാവലി വലിയ ആഘോഷമായതുകൊണ്ടു തന്നെ ഹിമാചലിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വലിയ തിരിക്കാകുമെന്ന് ഉറപ്പായിരുന്നു. തിരക്കില്ലാത്ത ഇടം തെരഞ്ഞപ്പോള്‍ കണ്ടെത്തിയത് കസോള്‍ എന്ന ഹിമാചല്‍ ഗ്രാമം. വലിയ ജനവാസമില്ലാത്ത ഗ്രാമമാണ് കസോള്‍. കൂടാതെ ട്രക്കിംഗിന് പോകുന്നവര്‍ തങ്ങുന്ന ഇടത്താവളം കൂടിയാണ് അതെന്നറിഞ്ഞപ്പോള്‍ യാത്ര അവിടേക്ക് തന്നെ ആകാമെന്ന് ഉറപ്പിച്ചു.
പെട്ടെന്നുള്ള പ്‌ളാന്‍ ആയതുകൊണ്ട് യാത്രക്ക് ഞാനും സഹമുറിയത്തിയും മാത്രം. ഡല്‍ഹിയില്‍ നിന്ന് മണാലിയിലേക്കുള്ള വോള്‍വോ ബസില്‍ ആയിരുന്നു യാത്ര. രാത്രിയില്‍ ഡല്‍ഹിയില്‍ നിന്ന് കയറിയാല്‍ കൊച്ചുവെളുപ്പാന്‍ കാലത്ത് ബുന്ദറില്‍ എത്തും. കസോളില്‍ പോകാന്‍ ഞങ്ങള്‍ക്ക് ബുന്ദറിലാണ് ഇറങ്ങേണ്ടത്. അവിടെ നിന്ന് സാധാരണ ലൈന്‍ ബസ് കിട്ടും കസോളിലേക്ക്. അഞ്ചരയോടെ ഞങ്ങള്‍ ബുന്ദറിലെത്തി. അല്‍പനേരത്തെ കാത്തിരിപ്പിനു ശേഷം വെള്ളയില്‍ മഞ്ഞ പെയിന്റടിച്ച 'വര്‍ദ്ധമനേശ്വര്‍' എന്ന പേരുള്ള ബസ് പതുക്കെ ഞരങ്ങിയൊതുങ്ങി സ്റ്റോപ്പിലെത്തി. നാട്ടുകാരാണ് ബസില്‍ അധികവും. ചന്തയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വരുന്നവരും ബന്ധുവീടുകളിലേക്ക് പോകുന്നവരുമൊക്കെയായി നിമിഷനേരം കൊണ്ട് ബസില്‍ ജനം നിറഞ്ഞു. പൈന്‍മരക്കാടുകള്‍ക്കും ആപ്പിള്‍ തോട്ടങ്ങള്‍ക്കുമിടയിലൂടെയുള്ള ചെറിയ വഴിയിലൂടെ സോപ്പുപെട്ടി പോലെയുള്ള ബസ് വളരെ പതുക്കെ നീങ്ങിക്കൊണ്ടിരുന്നു. രണ്ടു മണിക്കൂര്‍ നേരത്തെ യാത്രക്കൊടുവില്‍ ഞങ്ങള്‍ കസോളിലെത്തി.
ചെറിയ പട്ടണമാണ് കസോള്‍. ടൂറിസ്റ്റുകള്‍ക്കായി നിരവധി ഹോട്ടലുകളും ഹോം സ്‌റ്റേകളും ഒക്കെയുള്ള ഇടം. പല നിറങ്ങളിലുള്ള കമ്പിളി വസ്ത്രങ്ങള്‍ തൂക്കിയിട്ടിരിക്കുന്ന കടകള്‍ കാണാന്‍ തന്നെ ബഹുരസം. കുറച്ചു നേരം ടൗണില്‍ കറങ്ങി നടന്ന് അധികം തിരക്കില്ലാത്ത ഒരു ഹോംസ്‌റ്റേ കണ്ടെത്തി. ഒരു ചെറിയ കുന്നിന്റെ മുകളിലാണ് വീട്. തടികൊണ്ടുണ്ടാക്കിയ രണ്ടു നിലയുള്ള വീടാണ്. ചുറ്റും ആപ്പിള്‍ മരങ്ങള്‍. ദൂരെ മഞ്ഞുമൂടിയ പര്‍വതങ്ങള്‍. ഒരു രാത്രി തങ്ങാന്‍ 500 രൂപ. ഞങ്ങള്‍ കുളിച്ച് ഉഷാറായി അടുത്ത പരിപാടിയെന്തെന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് എന്റെ കൂട്ടുകാരി ഗ്രാഹണ്‍ ഗ്രാമത്തെ കുറിച്ച് പറയുന്നത്. കസോളില്‍ നിന്ന് 10 കിലോമീറ്റര്‍ കാട്ടിലൂടെ നടന്നു വേണം അവിടെയെത്താന്‍. ഗതാഗതസൗകര്യങ്ങളോ മറ്റ് ആധുനികസംവിധാനങ്ങളോ ഒന്നും ഇല്ലാത്ത ഒരു പുരാതന ഗ്രാമം. ഒരു ദിവസം അവിടെ താമസിച്ച് പിറ്റേന്ന് തിരിച്ചു വരാമെന്നുള്ള പരിപാടിയിട്ട് ഞങ്ങള്‍ ഇറങ്ങി. വഴി പറഞ്ഞു തരാന്‍ ഗൈഡിനെ കിട്ടിയാല്‍ നന്നാകുമെന്ന് ഹോംസ്‌റ്റേ നടത്തുന്ന ദീദി പറഞ്ഞതനുസരിച്ച് ഞങ്ങള്‍ ടൗണിലെത്തി. 1000 രൂപ തരാമെന്ന് പറഞ്ഞിട്ടു പോലും ആരേയും കിട്ടിയില്ല. അവസാനം ഒരു കുതിരക്കാരനെ കണ്ട് കാര്യം ധരിപ്പിച്ചു. അദ്ദേഹം അരമണിക്കൂറിനുള്ളില്‍ തന്നെ ഒരാളെ തപ്പിയെടുത്ത് കൊണ്ടു വന്നു. പേര് അമര്‍. കൂളിംഗ് ഗ്‌ളാസ് ഒക്കെ വച്ച മെലിഞ്ഞ ഒരു മധ്യവയസ്‌കന്‍. ചിരിക്കുമ്പോള്‍ മുന്‍നിരയിലെ കേടായ പല്ലുകള്‍ ഒക്കെ തെളിഞ്ഞു കാണാം. എഴുപതുകളിലെ ഹിന്ദി സിനിമകളിലെ വില്ലന്‍മാരുടെയൊക്കെ രൂപം ഓര്‍മ വരും അദ്ദേഹത്തെ കാണുമ്പോള്‍. വേറെ വഴിയില്ലാത്തതുകൊണ്ടും ഗ്രാഹണ്‍ ഗ്രാമം കാണാനുള്ള ആഗ്രഹം വേണ്ടാന്നു വയ്ക്കാന്‍ മനസു വരാത്തതുകൊണ്ടും ഞങ്ങള്‍ അമര്‍ജിക്കൊപ്പം കാടു കയറാന്‍ തീരുമാനിച്ചു.
മനസില്‍ ആശങ്കകള്‍ വളര്‍ന്നുകൊണ്ടിരുന്നു. കാട്ടിലൂടെയാണ് നടക്കേണ്ടത്. അമര്‍ജിയേയോ ആ കുതിരക്കാരനേയോ മുന്‍ പരിചയം ഇല്ല. കാട്ടില്‍ വച്ച് ഇയാള്‍ ഉപദ്രവിച്ചാല്‍ എന്ത് ചെയ്യും... സഹായത്തിന് ആരെയെങ്കിലും വിളിച്ചാല്‍ കൂടി കാട്ടിനുള്ളില്‍ ആരെത്താനാണ്.... ആകെയുള്ള സമാധാനം അമര്‍ജിക്കൊപ്പം അദ്ദേഹത്തിന്റെ മകനും ഉണ്ട് എന്നതായിരുന്നു. ആറാം ക്‌ളാസില്‍ പഠിക്കുന്ന രാഹുല്‍. ഓറഞ്ച് നിറത്തിലുള്ള വലിയ ജാക്കറ്റ് ധരിച്ചാണ് അവന്റെ നടപ്പ്. അച്ഛനും മകനും പരസ്പരം സംസാരിക്കുന്നത് പഹാഡി ഭാഷയാണ്. ഞങ്ങളോട് ഹിന്ദിയും. തലേ ദിവസം വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതിനായി മലയിറങ്ങിയതാണ് അച്ഛനും മകനും. ഞങ്ങള്‍ കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ അമര്‍ജിക്ക് വലിയ സന്തോഷം. കടല്‍ ഒക്കെയുള്ള സ്ഥലമല്ലേ എന്ന് ഞങ്ങളോട് അന്വേഷിച്ചു. അമര്‍ജി സിനിമയില്‍ അല്ലാതെ കടല്‍ നേരില്‍ കണ്ടിട്ടില്ല!!! ഞങ്ങള്‍ അദ്ദേഹത്തോട് കടലിനെക്കുറിച്ചും അദ്ദേഹം ഞങ്ങളോട് പര്‍വതങ്ങളെക്കുറിച്ചും സംസാരിച്ചുകൊണ്ടേയിരുന്നു. മൂന്നു മണിക്കൂറുകള്‍ കടന്നു പോയപ്പോഴേക്കും അമര്‍ജി ഞങ്ങളുടെ ആശങ്കകളെ അദ്ദേഹത്തിന്റെ നിഷ്‌കളങ്കമായ പുഞ്ചിരി കൊണ്ട് മായ്ച്ചു കളഞ്ഞിരുന്നു. കടലിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ അല്‍ഭുതം കൊണ്ട് വികസിച്ചു. രാഹുലിനേക്കാളും കൗതുകത്തോടെയാണ് അമര്‍ജി വിശേഷങ്ങള്‍ കേട്ടത്.
രസകരമാണ് അമര്‍ജിയുടെ കഥ. കസോളിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് അമര്‍ജി വളര്‍ന്നത്. പര്‍വതങ്ങള്‍ കയറി നടക്കാന്‍ അദ്ദേഹത്തിന് വളരെ ഇഷ്ടമായിരുന്നു. ഒരിക്കല്‍ അങ്ങനെയൊരു കറക്കത്തിനിടയില്‍ ഗ്രാഹണ്‍ ഗ്രാമത്തില്‍ എത്തിപ്പെട്ടതാണ് അദ്ദേഹം. അവിടെ വച്ച് ഗ്രാമത്തിലെ പെണ്‍കൊടിയുമായി പ്രണയത്തിലായി. വിവാഹം കഴിഞ്ഞതോടെ കൃഷിയും കാര്യങ്ങളുമായി അദ്ദേഹവും ഗ്രാഹണ്‍ ഗ്രാമക്കാരനായി.
മഴക്കാടുകളിലൂടെ നിരവധി യാത്ര നടത്തിയിട്ടുണ്ടെങ്കിലും ഹിമാലയന്‍ കാടുകള്‍ പുതിയ അനുഭവമായിരുന്നു. ആകെ അറിയാവുന്നത് പൈന്‍ മരങ്ങള്‍ മാത്രം. പേരറിയാത്ത മരങ്ങള്‍ തിങ്ങിനിറഞ്ഞ കാട്ടിനുള്ളിലൂടെ ഒരു ഒറ്റയടിപ്പാത. അരികിലൂടെ ഒരു അരുവി ഒഴുകുന്നു. ഇടയ്ക്ക് ചില പുല്‍മേടുകള്‍... പിന്നെയും പച്ചയും ഇളം മഞ്ഞയും നിറങ്ങളിലുള്ള ഇലകള്‍ കുട പിടിച്ച കാടുകള്‍... സൂര്യപ്രകാശം അരിച്ചിറങ്ങുന്ന വെളിച്ചത്തിന്റെ ഇടനാഴികള്‍ താണ്ടി ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഇടയ്ക്കല്‍പനേരം ഇരുന്ന് വിശ്രമിച്ചു. പാതി വഴി പിന്നിട്ടപ്പോള്‍ ഞങ്ങളുടെ നടത്തം പതുക്കെയെന്ന് മനസിലാക്കി വഴി കാണിച്ചു തരേണ്ട ഉത്തരവാദിത്തം രാഹുലിനെ ഏല്‍പിച്ച് അമര്‍ജി മുന്നില്‍ നടന്നു. കുത്തനെയുള്ള കയറ്റം അനായാസമായി അദ്ദേഹം കയറിപ്പോകുന്നത് കിതപ്പോടെ ഞങ്ങള്‍ നോക്കി നിന്നു. പാറയില്‍ അള്ളിപ്പിടിച്ചും നിരങ്ങിയും ഞങ്ങള്‍ മല കയറുമ്പോള്‍ മുകളിലുള്ള ഏതെങ്കിലും മരത്തില്‍ കയറി ഞങ്ങളെ നിരീക്ഷിക്കുകയാകും രാഹുല്‍. ആറരമണിക്കൂര്‍ വേണ്ടി വന്നു ഞങ്ങള്‍ക്ക് ഗ്രാമത്തില്‍ എത്തിച്ചേരാന്‍.
ഗ്രാഹണ്‍ ഗ്രാമം വേറൊരു ലോകമാണ്. അവര്‍ക്കാവശ്യമായ എല്ലാം അവര്‍ അവിടെ തന്നെ കൃഷി ചെയ്തുണ്ടാക്കുന്നു. എല്ലാ വീട്ടിലും ഉണ്ട് കമ്പിളിതുണി നെയ്യാനുള്ള തറികള്‍. മഞ്ഞുകാലത്തേക്ക് ആവശ്യമായ ധാന്യങ്ങളും മറ്റും ശേഖരിച്ചു വയ്ക്കാനുള്ള സൗകര്യവും ഓരോ വീട്ടിലുമുണ്ട്. ഒരു എല്‍.പി സ്‌കൂളും ക്ഷേത്രവുമാണ് ഗ്രാമത്തിലെ ആകെയുള്ള വലിയ കെട്ടിടങ്ങള്‍. തദ്ദേശീയമായി നിര്‍മിച്ചവയാണ് എല്ലാ വീടുകളും. മണ്ണ്, മരം, കല്ല്, പുല്ല് എന്നിങ്ങനെ അവിടെ ലഭ്യമായ വസ്തുക്കള്‍ കൊണ്ടാണ് നിര്‍മ്മാണം.
യൂത്ത് ഹോസറ്റല്‍ സംഘടിപ്പിക്കുന്ന ട്രക്കിംഗിനായി വരുന്നവരൊഴിച്ചാല്‍ ഗ്രാഹണ്‍ ഗ്രാമത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. അതുകൊണ്ടു തന്നെ ഗ്രാമത്തിലേക്ക് കടന്നതും എല്ലാവരും ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് നമസ്‌തേ പറഞ്ഞുകൊണ്ടിരുന്നു. രാഹുല്‍ ആകട്ടെ 'പരിഷ്‌കാരി'കളായ രണ്ടു പെണ്‍കുട്ടികളുടെ സ്വന്തം ആളെന്ന നിലയില്‍ അഭിമാനത്തോടെ മുന്നില്‍ നടന്ന് കാര്യങ്ങള്‍ അന്വേഷിക്കാന്‍ വന്നവര്‍ക്കൊക്കെ മറുപടിയും കൊടുത്ത് മുന്നേറി. തണുപ്പും വിശപ്പും കൊണ്ട് ഞങ്ങള്‍ ഏതാണ്ട് അവശനിലയില്‍ ആയിരുന്നു. ഞങ്ങള്‍ക്ക് താമസിക്കാന്‍ ഗ്രാമത്തിലെ ഒരു ഗസ്റ്റ് ഹൗസും അവിടെ തന്നെ ഭക്ഷണവും ശരിയാക്കിയിട്ടുണ്ടെന്ന് അപ്പോഴാണ് രാഹുല്‍ പറയുന്നത്. ഒരു അരുവിക്കപ്പുറം വലിയൊരു പുല്‍മേടിന് നടുവില്‍ നില്‍ക്കുന്ന ഗസ്റ്റ് ഹൗസ് ചൂണ്ടിക്കാട്ടി അവിടെയാണ് നിങ്ങള്‍ക്ക് താമസം ഒരുക്കിയിരിക്കുന്നതെന്ന് പറഞ്ഞ് രാഹുല്‍ താഴേക്കുള്ള വഴിയിലെങ്ങോ ഓടി മറഞ്ഞു. വഴി കാണിച്ചു തന്നതിന് 1000 രൂപ നല്‍കാമെന്ന് പറഞ്ഞത് അതുവരേയും കൊടുത്തിരുന്നില്ല. രാഹുലിനെ വിളിച്ചിട്ട് അവന്‍ നിന്നതുമില്ല. അവസാനം അമര്‍ജിയുടെ വീടന്വേഷിച്ച് പിടിച്ച് ഞങ്ങള്‍ അവിടെയെത്തി. എന്നാല്‍ പണം സ്വീകരിക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. സുഹൃത്തുക്കളില്‍ നിന്ന് പണം വാങ്ങുന്നത് ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. കേടായ പല്ലുകള്‍ കാട്ടി പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം കൈകള്‍ കൂപ്പി.
കാഴ്ചയുടെയും ചിന്തയും മുന്‍വിധികള്‍ നിരത്തി മനുഷ്യരെ സംശയത്തോടെ വീക്ഷിക്കുന്ന പരിഷ്‌കൃത മനസിന്റെ അഹന്തകളും അരക്ഷിതാവസ്ഥകളും ആ പുഞ്ചിരിക്കു മുന്നില്‍ വീണുടയുന്നതായി തോന്നി. മതിലുകളും അതിരുകളും തിരിക്കാത്ത തുറന്ന മനസുകളുള്ള അവരുടെ സ്വര്‍ഗത്തിലേക്ക് ഒരു ദിവസത്തേക്കെങ്കിലും അതിഥികളാകാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യമായിരുന്നു അപ്പോള്‍ മനസ് മുഴുവന്‍.