Sunday, February 6, 2011

സൈക്കിളിലൊരു സാന്താക്‌ളോസ്‌


പഞ്ഞിത്താടിയും ചുമന്ന രോമക്കുപ്പായവുമണിഞ്ഞ സാന്താക്‌ളോസ്‌ ക്രിസ്‌മസ്‌കാലത്ത്‌ റയിന്‍ ഡീര്‍ തെളിക്കുന്ന വണ്ടിയില്‍ കുട്ടികള്‍ക്കു സമ്മാനങ്ങളുമായി എത്തുന്നു എന്നാണ്‌ വിശ്വാസം. തിരുവനന്തപുരം ചില്ല' യിലെ കുട്ടികള്‍ക്കായി ഒരു സാന്താക്‌ളോസും വന്നിരുന്നു. മഞ്ഞുമലയില്‍ നിന്നല്ല, കാസര്‍കോട്ടുനിന്ന്‌. റയിന്‍ഡീറിന്‍െറ വണ്ടിയിലല്ല, സൈക്കിളില്‍.

ലൈംഗികത്തൊഴിലാളികളുടെ കുട്ടികള്‍ക്കായുള്ള ചില്ലയുടെ ധനസമാഹരണത്തിനാണ്‌ റയില്‍വേ ജീവനക്കാരനായ പ്രകാശ്‌ പി ഗോപിനാഥ്‌ എന്ന പ്രകാശേട്ടന്‍ ഈ ക്രിസ്‌മസ്‌ കാലത്ത്‌ വ്യത്യസ്‌തമായ യാത്രക്കൊരുങ്ങിയത്‌. ഡിസംബര്‍ 20നു കാസര്‍ഗോഡ്‌ നിന്ന്‌ ആരംഭിക്കുന്ന സൈക്കിള്‍ യാത്ര എട്ടു ദിവസം കൊണ്ട്‌ തിരുവനന്തപുരത്ത്‌ അവസാനിക്കും. ഇടയ്‌ക്ക്‌ ചില ഇടത്താവളങ്ങള്‍. സഹയാത്രികരായി മൂന്നു പേരുണ്ടെങ്കിലും സൈക്കിള്‍ യാത്ര ഇഷ്‌ടപ്പെടുന്ന ആര്‍ക്കും യാത്രയില്‍ ചേരാം.

കുട്ടിക്കാലത്ത്‌ കറവക്കാരന്‍െറ സൈക്കിള്‍ കട്ടെടുത്ത്‌ ചവിട്ടിയാണ്‌ പ്രകാശേട്ടന്‍ സൈക്കിളുമായുള്ള സൗഹൃദം ആരംഭിക്കുന്നത്‌. പിന്നീട്‌ റയില്‍വേയില്‍ ജീവനക്കാരനായപ്പോഴും മനസ്‌സില്‍ സൈക്കിളിനോടുള്ള ഇഷ്‌ടം സൂക്‌ഷിച്ചു. അതുകൊണ്ടുതന്നെ ചില്ലയിലെ കുട്ടികള്‍ക്കായി ധനസമാഹാരണത്തിനുള്ള വ്യത്യസ്‌ത വഴികള്‍ ആലോചിച്ചപ്പോള്‍ സൈക്കിള്‍ യാത്ര എന്ന ആശയത്തിലെത്താന്‍ പ്രകാശേട്ടന്‌ അധികം ചിന്തിക്കേണ്ടി വന്നില്ല.

അഭിമാനത്തോടെ ജീവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്‌, ചില്ലയിലെ കുട്ടികള്‍ക്കും. ഈ തിരിച്ചറിവാണ്‌ പ്രകാശേട്ടനെ വ്യത്യസ്‌തമായ യാത്രയ്‌ക്കു പ്രേരിപ്പിച്ചത്‌. കൂടാതെ ചെലവു കുറഞ്ഞ യാത്രാമാര്‍ഗം എന്ന നിലയില്‍ സൈക്കിളിനെ പുതിയ തലമുറക്ക്‌ പരിചയപ്പെടുത്തുക എന്ന ലക്‌ഷ്യം കൂടി യാത്രയ്‌ക്കുണ്ട്‌.

കുട്ടികളോടൊപ്പം ഇത്തവണ ക്രിസ്‌മസ്‌ ആഘോഷിക്കാന്‍ കഴിഞ്ഞില്ല എന്നതില്‍ മാത്രമേ പ്രകാശേട്ടന്‌ വിഷമമുള്ളൂ. കാരണം ക്രിസ്‌മസിന്‌ സൈക്കിള്‍യാത്രയുമായി പ്രകാശേട്ടന്‍ ആലപ്പുഴയിലായിരുന്നു. എങ്കിലും ക്രിസ്‌മസിന്‍െറ നക്‌ഷത്രവെളിച്ചം അണയുന്നതിനു മുന്‍പ്‌ പ്രകാശേട്ടന്‍ ചില്ലയിലെത്തും. കുട്ടികളുടെ പ്രിയപ്പെട്ട സാന്താക്‌ളോസായി.

3 comments:

Unknown said...

ethum vayikkan pattanilla

★ Shine said...

അധികമാരും പോവാത്ത വഴികളിലൂടെ സൈക്കിള്‍ ചവിട്ടുകയാണ് പ്രകാശേട്ടന്‍ ...ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലാത്ത എന്റെ നല്ല സുഹൃത്ത്.

അദ്ദേഹത്തെക്കുറിച്ച് ഈ കുറിപ്പെഴുതിയത്തിനു നന്ദി

Binu Sivam said...

നല്ല മനുഷ്യന്‍. നന്മ വറ്റാത്ത ഹൃദയത്തിനു ഉടമ.