Wednesday, April 6, 2011

എനിക്കെന്റെ ദൈവമേ മാപ്പ് തരിക (part 1)


ഞാന്‍ കോയമ്പത്തൂര്‍ വന്നിട്ട് വര്‍ഷം ഒന്ന് കഴിയുന്നു. കൃത്യമായി പറഞ്ഞാല്‍ ഒരു വര്‍ഷവും 28 ദിവസവും. ഈ നഗരത്തില്‍ എനിക്ക് പരിചയക്കാരായി ആരുമില്ല. ജോലിയോടുള്ള അമിത ആക്രാന്തം നിമിത്തം വന്നു പെട്ടതാണ്. എന്‍റെ പൊട്ടും പൊടീം വച്ചുള്ള ഇംഗ്ലിഷ് വച്ചോണ്ട് വലിയ പത്രപ്രവര്‍ത്തക ആകാന്‍ പെട്ടെന്നൊന്നും പറ്റില്ലാന്നു അറിവുള്ളത് കൊണ്ട് ഭാഷ നന്നാവാന്‍ ഞാന്‍ പുതിയ സ്കൂളില്‍ ചേര്‍ന്നു. The New Indian Express. ചൂരല്‍ വടി പുറകില്‍ വച്ച് നടന്ന്‌, home work ചെയ്യാത്തവരെ തപ്പിയെടുത്ത് ചുട്ട പെട കൊടുക്കുന്ന നല്ലൊരു ഹെഡ് മാസ്റ്റര്‍ ഉള്ള സ്കൂള്‍.
സത്യത്തില്‍ മുട്ട് കൂട്ടിയിടിച്ചാണ് ഈയുള്ളവള്‍ ഈ നഗരത്തില്‍ രണ്ടും കല്പിചെത്തുന്നത്. ഹെഡ് മാസ്റ്ററിന്റെ ചൂരലിന്റെ ചൂടിനോടുള്ള പേടി അല്പം കുറഞ്ഞത്‌ GTM Hostel എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന G Thyagaraja Memorial Hospital-cum-Hostel ലെ 18 നമ്പര്‍ മുറിയില്‍ വന്നു കയറിയപ്പോഴാണ്. ദിവസത്തിന്റെ മുക്കാല്‍ പങ്കും നാട് ചുറ്റി നടന്നിരുന്ന എന്നെ തളച്ചിട്ട Room No 18. ഉറങ്ങാന്‍ മാത്രം മുറിയില്‍ കയറിയിരുന്ന എന്നെ Room No 18 വശത്താക്കി എന്ന് പറയുന്നതാവും ശരി.
ഓഫീസില്‍ ചെലവിടുന്ന സമയമൊഴിച്ചുള്ള മണിക്കൂറുകള്‍ എല്ലാം ഈ നാല് ചുവരുകള്‍ക്കുള്ളില്‍ ഞാനങ്ങനെ ഇരിക്കും. ഇത് വരെ ഈ മുറി എന്നെ ബോറടിപ്പിച്ചിട്ടില്ല... ഒറ്റപ്പെടുത്തിയിട്ടില്ല.....
ഇവിടെ ആദ്യം ഞങ്ങള്‍ നാല് പേര്‍, സഹമുറിയത്തികള്‍. എല്ലാവര്‍ക്കുമുണ്ട് അല്പസ്വല്പം വട്ടുകള്‍....എന്നാല്‍ ഞങ്ങളൊക്കെ തികച്ചും നോര്‍മല്‍ ആണെന്ന് തിരിച്ചറിഞ്ഞത്, കൊച്ചിക്കാരി കിച്ചുമോള്‍ വലതു കാല്‍ വച്ച് ഈ മുറിയില്‍ വന്നപ്പോഴാണ്. നേരില്‍ കണ്ടാല്‍ വലിയ കുഴപ്പം ഒന്നുമില്ല. ഈ ലോകത്തിലെ ഏറ്റവും നിഷ്കളങ്കയായ പെണ്‍കുട്ടി ഇതാണ്...ഇതാണ്.... ഇതാണ്.... എന്നൊക്കെ വിളിച്ചു പറയാന്‍ തോന്നുമെങ്കിലും ഒരു പത്തു മിനിട്ട് നേരം പുള്ളിക്കാരി സംസാരിച്ചാല്‍ നമ്മള്‍ മൂക്കത്ത് വിരല്‍ വച്ച് പോകും. കിച്ചുമോളെ ഈ ദുനിയാവിലോട്ടു പടച്ചു വിട്ടപ്പോ, രണ്ടു മൂന്നു ബോള്‍ട്ട് ഇടാന്‍ പടച്ചവന്‍ മറന്നു പോയി. അതുകൊണ്ടെന്താ? പല കാര്യങ്ങളും പുള്ളിക്കാരിയും മറക്കും. ഒരു കുപ്പി തുറന്നാല്‍ അതു അടച്ചു വക്കാന്‍ മറക്കും, ഒരു തുണി താഴെ വീണാല്‍ അതെടുത്തു വക്കാന്‍ മറക്കും. എന്തിന്‌, ചിലപ്പോള്‍ കുളിക്കാനും അലക്കാനും വരെ മറക്കും.
എന്നാലോ, ഒരു കാര്യത്തിനു മാത്രം ഒരു മറവിയുമില്ല.... ഭക്ഷണം... അതു കൃത്യസമയത്ത് തന്നെ നടന്നോളും. പിന്നെ ഒരു കാര്യം കൂടി വേണ്ടുവോളം ഉണ്ട്, മടി!
ഈ ലോകത്തിലെ ഇടവും ശാന്തശീലനായ മനുഷ്യനെയും ക്ഷമയുടെ നെല്ലിപ്പലക കാണിക്കാന്‍ മടിയും മറവിയും നല്ല പോലുള്ള ഈ മനുഷ്യകുഞ്ഞു മാത്രം മതി. അധികം താമസിയാതെ, എന്‍റെ മുറിയില്‍ നേരത്തെ ഉണ്ടായിരുന്ന രണ്ടു സഹമുറിയത്തിമാര്‍ ഒരു കത്തും എഴുതി വച്ച് ജീവനും കൊണ്ട് ഓടിപ്പോയി. എനിക്കും ഹൃദയത്തില്‍ പല്ലുള്ള സഹമുറിയത്തിക്കും വേറെ വഴിയില്ലാത്തതുകൊണ്ട്‌, കിച്ചുമോളുടെ ഒപ്പം കഴിയുക എന്ന സാഹസത്തിനു ഞങ്ങള്‍ തയ്യാറായി. എന്തൊക്കെ പറഞ്ഞാലും നമ്മുടെ കിച്ചുമോളല്ലേ? ബുദ്ധിയില്ലാത്തവര്‍ എന്തെങ്കിലും ചെയ്‌താല്‍ വിവരമില്ലാത്ത നമ്മള്‍ വേണ്ടേ അതു ക്ഷമിക്കാന്‍, എന്ന പ്രമാണം മനസ്സില്‍ ഉരുവിട്ട് ഞങ്ങള്‍ ധൈര്യം സംഭരിച്ചു.
മുറിയില്‍ അവള്‍ അങ്ങിങ്ങ് വച്ച് മറന്നു പോകുന്ന അല്ലെങ്കില്‍ മടി കൊണ്ട് എടുത്ത്‌ വക്കാന്‍ മറന്നു പോകുന്ന ലൊട്ടുലൊടുക്ക് സാധനങ്ങള്‍ എല്ലാ ദിവസവും ജോലി കഴിഞ്ഞെത്തുന്ന പാതി രാത്രിയില്‍ എടുത്ത്‌ വച്ചും, അവള്‍ പാതി വഴിയില്‍ ചെയ്യാന്‍ മറന്നു പോകുന്ന ...... (കുത്ത്...കുത്ത് ...) കാര്യങ്ങള്‍ വരെ ഞങ്ങള്‍ ചെയത് പോന്നു. ചത്ത എലിയെ വാലില്‍ പിടിച്ചു എടുത്ത്‌ കളയുന്നത് പോലെ, ഞങ്ങളുടെ കട്ടിലില്‍ അവള്‍ ഉപേക്ഷിക്കുന്ന 'സുഗന്ധ'മൂറുന്ന വസ്ത്രങ്ങള്‍ മൂക്കടച്ചു പിടിച്ച് പൊക്കിയെടുത്ത് അവളുടെ കട്ടിലിലേക്കെറിഞ്ഞും, അലക്കാന്‍ മടിയായി മുറിയുടെ മൂലയില്‍ കൂട്ടി വച്ച തുണികള്‍ മുറിയുടെ പുറത്തേക്കെറിഞ്ഞും, ഏതു ബഹളത്തിലും കൂര്‍ക്കം വലിച്ചുറങ്ങുന്ന അവളുടെ മേലിലേക്ക് കയ്യില്‍ കിട്ടിയത് വലിച്ചെറിഞ്ഞ്‌ കൂര്‍ക്കം വലി ഒതുക്കിയും ഞങ്ങള്‍ ഒരു വിധത്തില്‍ മുറിയില്‍ സമാധാനം നിലനിറുത്തി കൊണ്ട് പോന്നു.
കൊച്ചിക്കാരി കിച്ചുമോളുടെ ലീലാവിലാസങ്ങള്‍ കാരണം ഒരൊറ്റ മനുഷ്യക്കുഞ്ഞ് പോലും ഞങ്ങളുടെ മുറിയില്‍ കാലു കുത്തിയില്ല. അങ്ങനെയിരിക്കെ, Room No: 18 ഇല്‍ സ്ഥിരതാമസമാക്കാന്‍ മറ്റൊരു മലയാളി മങ്ക കൂടി വന്നെത്തി. എഴുപതുകളിലെ സിനിമകളില്‍ നിന്ന് നേരിട്ട് ഇറങ്ങി വന്ന ഒരു ദുഖപുത്രി. പ്രായം ഒരു 35 നു മേലേ വരും. 'പക്വത'യുള്ള ഒരാള്‍ മുറിയില്‍ നല്ലതാ -- ഞങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. ഓരോരുത്തരുടെ ജീവിതത്തില്‍ ഓരോരോ രൂപത്തില്‍ ആണല്ലോ കുരിശുകള്‍ കയറി വരുന്നത്. അങ്ങനെ കിച്ചുമോള്‍ക്ക് പണി കിട്ടി. ദുഖപുത്രി കിച്ചുമോള്‍ക്ക് കുരിശായി.

(തുടരും)

6 comments:

varsha said...

ഞാന്‍ സീനെടെ സൌര്‍ചെ ഓഫ് ഇന്സ്പിരറേന്‍ ആയടില്‍ നല്ല സന്റൊഷമുണ്ട്. എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഘപ്പെടുടി കൊള്ളുന്നു.
നന്ദി നമസ്കാരം
വര്‍ഷ

varsha said...

രണ്ടാമറെ ഭാഗത്തിനായി കാടോര്തിരിക്കുന്നു...ഹെഹെഹെ

shillu said...

പക്വത ഉള്ള 'ദുഃഖ പുത്രി' വന്നിട്ട് നമ്മുടെ കിച്ചു മോള് നേരെയായോ ??! അറിയാനായി കാത്തിരിക്കുന്നു .. :)

ratheesh krishna said...

സീന
നന്നായിരിക്കുന്നു
രസകരമായി

Binu Sivam said...

കൊള്ളാം. നല്ല ഒഴുക്കുള്ള എഴുത്ത്. പക്ഷേ, അകത്തു ഒന്നുമില്ല. ഹ ഹ. തലയ്ക്കകത്ത് അല്ല.

Prakash said...

unfortunate . the browsing centre here does'nt have malayalam font!!!