Friday, February 3, 2012

ഇതാ.... ഇവിടെയുണ്ട് ഒരു കൂട്ടം ഉരുക്ക് മനുഷ്യര്‍ !


ഒരു ഉച്ച നേരത്താണ് ഞങ്ങള്‍ ഇടിന്തകരയില്‍ എത്തുന്നത്‌.................... രണ്ട് മൂന്ന്‌ ചെറിയ കടകള്‍ മാത്രമുള്ള ഒരു ജംക്ഷന്‍ . കൂടംകുളം ആണവ പദ്ധതിക്കെതിരായി സമരം നടക്കുന്ന ഇടിന്തകരയിലെ ലൂര്‍ദ്ദു പള്ളിക്ക് സമീപമെത്താന്‍ അവിടെ നിന്നും ചെറിയൊരു കട്ട് റോഡുണ്ട്‌ ! രണ്ടടി നടന്നപ്പോഴേക്കും ആണവവിരുദ്ധ മുദ്രാവാക്യങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി... 
"മൂടി വിട്... മൂടി വിട് .... അണു ഉലൈ മൂടി വിട് "
തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഒരു സ്ത്രീ ശബ്ദം! ഞങ്ങളുടെ നടത്തത്തിനു വേഗത കൂടി. രണ്ട് ദശാബ്ദങ്ങളായി നീണ്ടു നില്‍ക്കുന്ന ആ സമരത്തിന്റെ ചൂട് ഞങ്ങളുടെ കാല്‍പാദങ്ങളെ പൊള്ളിച്ച പോലെ... അത്രയും നേരം പല വര്‍ത്തമാനങ്ങളും പറഞ്ഞ് കൊണ്ടിരുന്ന ഞങ്ങള്‍ പെട്ടെന്ന് നിശബ്ദരായി.
ആ  ചെറിയ നട വഴി ചെന്ന് കയറിയത് വിശാലമായ പള്ളി മുറ്റത്തെക്കായിരുന്നു. ഓല മേഞ്ഞ വിശാലമായ മുറ്റം. അതിനൊരു വശത്ത് മാതാവിന്റെ നാമധേയത്തിലുള്ള ഒരു പള്ളിയും അതിന് അഭിമുഖമായി ഒരു ചെറിയ ക്ഷേത്രവും.... ആ നട്ടുച്ച വെയിലിലും ഉരുകിയൊലിക്കാതെ ഒരു കൂട്ടം മനുഷ്യര്‍ ആ മുറ്റത്ത്‌ ഒരുമിച്ചിരിക്കുന്നുണ്ട്.  മുന്നില്‍ വച്ചിരിക്കുന്ന മൈക്കിലൂടെ ഒരു അക്ക മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊടുക്കുന്നുണ്ടായിരുന്നു. ആവേശം ഒട്ടും ചോരാതെ അത് ഏറ്റു പിടിച്ച് മറു കൂട്ടവും അതിനോട് ചേര്‍ന്നു. 
"വേണാ വേണാ .... അണു ഉലൈ വേണാ....." അവരുടെ ശബ്ദം വീണ്ടും ഞങ്ങളുടെ നിശബ്ദതയെ കീറി മുറിച്ചു.   
പള്ളിമുറ്റത്തേക്ക് കയറുവാനുള്ള പടവുകള്‍ക്കു മുന്നില്‍ ഞങ്ങള്‍ അങ്ങനെ നില്‍ക്കുകയാണ്. ആളിക്കത്തുന്ന സമരചൂടിന്റെ ഒരംശം ഞങ്ങളിലേക്കും... സഹദേവേട്ടന്‍ തുടക്കം ഇട്ടു. ഞങ്ങള്‍ ഏറ്റു പിടിച്ചു. 
"അഭിവാദ്യങ്ങള്‍ ....  അഭിവാദ്യങ്ങള്‍ ! കൂടംകുളം ജനതക്കഭിവാദ്യങ്ങള്‍ !"    
ഒറ്റ സ്വരമായി അവര്‍ക്ക് മുന്നില്‍ ഞങ്ങള്‍ നിരന്നു നിന്നു. അവിടെ ഭാഷയുടെ, ദേശത്തിന്റെ അതിര്‍വരമ്പുകള്‍ ഇല്ലാതാവുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു വലിയ കൂട്ടം തന്നെ അവിടെ ഉണ്ടായിരുന്നു. യാത്രയുടെ ക്ഷീണം മറന്ന് ഞങ്ങളും അവര്‍ക്കൊപ്പം ഇരുപ്പുറപ്പിച്ചു.  കഴിഞ്ഞ വര്‍ഷം ആഗസ്റ്റ്‌ 15 ന്‌ നിരാഹാര സത്യാഗ്രഹം തുടങ്ങിയത് മുതല്‍ ഈ സമരപ്പന്തല്‍ ഒരിക്കലും ശൂന്യമായിട്ടില്ല.  സര്‍ക്കാരിന്റെ നിസ്സംഗതയില്‍ ആധി ഉണ്ടെങ്കിലും നിരാശയുടെ ഒരു കണിക പോലും അവരില്‍ ദൃശ്യമായിരുന്നില്ല. അവരുടെ കണ്ണുകളിലെ ആത്മ വിശ്വാസം നമ്മെ അത്ഭുതപ്പെടുത്തും. ആണവനിലയം ഉണ്ടാക്കുന്ന ഭവിഷ്യത്തുകളെ കുറിച്ച്  വളരെ കൃത്യമായ അറിവുകളോടെ  ആയിരുന്നു അവരുടെ സംസാരം. 
മുദ്രാവാക്യങ്ങള്‍ ഉറക്കെ വിളിച്ച് പലരുടെയും ശബ്ദം അവിടവിടെ മുറിഞ്ഞ് സംസാരത്തിനിടക്ക്‌ ശബ്ദമില്ലായ്മയുടെ ഇടവേളകള്‍ സൃഷ്ടിച്ചു. പക്ഷെ അത്തരം ശബ്ദമില്ലായ്മകള്‍ പോലും ഒരു ഓര്‍മ്മപ്പെടുത്തല്‍ ആയിരുന്നു. ശബ്ദം പോയാലും ജീവന്‍ പോയാലും  മനുഷ്യരെ ഇഞ്ചിഞ്ചായി കൊല്ലുന്ന ആണവ നിലയം അടച്ചു പൂട്ടും വരെ ഞങ്ങള്‍ പിറകോട്ടില്ല എന്നതിന്റെ ഓര്‍മപ്പെടുത്തല്‍ !  വിശേഷങ്ങള്‍ ചോദിച്ചും അറിഞ്ഞും മണിക്കൂറുകള്‍ കടന്നു പോയി.... സമരത്തിന്‌ ഊര്‍ജം നിറച്ച് പാട്ടുകള്‍ ഒന്നിന് പിറകെ ഒന്നായി അന്തരീക്ഷത്തില്‍ നിറഞ്ഞു. ഗണേശന്‍ അണ്ണന്‍ പാടി തന്ന  'വെല്‍കവേല്‍ .....' എന്ന് തുടങ്ങുന്ന പാട്ട് ഒരു പെരും മഴ പോലെ പെയ്തിട്ടും പെയ്തിട്ടും തീരാതെ പാടിയിട്ടും പാടിയിട്ടും കഴിയാതെ ഞങ്ങളെ ആവേശം കൊള്ളിച്ചു. 
' വെല്‍കവേല്‍ .... വെല്‍കവേല്‍ .... അനുഉലയേ എതിര്‍ക്കും മക്കള്‍ പോരാട്ടം വെല്‍കവേല്‍ ....' 
ഒരേ സ്വരത്തില്‍ ഒരേ താളത്തില്‍ പോരാട്ടത്തിന്റെ ആ പാട്ട് അവിടെയാകെ മാറ്റൊലി കൊണ്ടു. യാത്ര പറഞ്ഞ് ഇറങ്ങുമ്പോഴും കാതിലിങ്ങനെ നിറഞ്ഞു നിന്നതും ഈ ആദ്യ വരികള്‍ ആയിരുന്നു... 

എന്തുകൊണ്ടീ യാത്ര? 
വെറുമൊരു ആവേശത്തിന്റെ പുറത്തായിരുന്നില്ല കൂടംകുളത്തേക്കു യാത്ര തിരിച്ചത്. സത്യം അറിയാനുള്ള അന്വേഷണവും ആയിരുന്നില്ല. കേട്ടറിഞ്ഞ യാഥാര്‍ത്യങ്ങളില്‍ പങ്കു ചേരാനുള്ള ആഗ്രഹം. അതു മാത്രമായിരുന്നു മനസ്സില്‍ . ജീവിക്കാന്‍ വേണ്ടി സമരം ചെയ്യേണ്ടി വന്ന ഒരു ജനതയോട് ഞങ്ങളും കൂടി ഒപ്പം ഉണ്ട് എന്നറിയിക്കാന്‍ ഒരു സന്ദര്‍ശനം!  
തൃശ്ശൂരില്‍ നിന്ന് വിബ്ജിയോര്‍ കൂട്ടായ്മയുടെ ഭാഗമായി ഞങ്ങള്‍ 25 പേര്‍ . യാത്രക്കാരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികള്‍ . ചേതന അറ്റ് പോയെന്നു വിലപിക്കുന്ന കാമ്പസ്സുകളില്‍ നിന്ന് ഇറങ്ങി വന്ന, ഹൃദയം കൈമോശം വരാത്ത ഒരു കൂട്ടം ചെറുപ്പക്കാര്‍ . പിന്നെ, സഹദേവേട്ടന്‍ , അനിലേട്ടന്‍ , ശ്രീനിയേട്ടന്‍ , സുബിദ്, വിബ്ജിയോറില്‍ നിന്ന്  ശരത്... അങ്ങനെ ഞങ്ങള്‍ ഡിസംബര്‍ 29 നു ഉച്ചക്കുള്ള പരശുരാം എക്സ്പ്രസ്സില്‍ യാത്ര തിരിച്ചു. തിരക്കുള്ള കമ്പാര്‍ട്ട്മെന്റില്‍  സീറ്റിന്റെ വശങ്ങളില്‍ ചാരി നിന്നും ചിലപ്പോള്‍ ഇരുന്നും ചര്‍ച്ചകളും പാട്ടുകളുമായി മണിക്കൂറുകള്‍ നിമിഷങ്ങളായി കടന്നു പോയി. പാട്ടിന്റെ ഇടവേളകളില്‍ ആണവ വിരുദ്ധ കുറിപ്പുകളുമായി ഒരു കൂട്ടം യാത്രക്കാരുടെ ഇടയിലേക്ക്....മറ്റൊരു കൂട്ടം കൂടംകുളം പദ്ധതിക്ക് എതിരായുള്ള ഒപ്പ് ശേഖരണത്തിന്റെ തിരക്കില്‍ ... കണ്ടു മുട്ടിയവരില്‍ പലര്‍ക്കും പുച്ഛം! 'ഒരു സുപ്രഭാതത്തില്‍ പൊട്ടി മുളച്ചതല്ലല്ലോ ഈ പ്രോജക്റ്റ് . നിലയത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തോട് അടുക്കുമ്പോഴാണോ സമരം ചെയ്യേണ്ടത്? ആവശ്യങ്ങള്‍ക്ക് വൈദ്യുതി വേണം. അല്ലാതെ കാളവണ്ടി യുഗത്തിലേക്ക് തിരിച്ചു പോകാന്‍ ഞങ്ങള്‍ തയ്യാര്‍ അല്ല... ' അങ്ങനെ വാഗ്വാദങ്ങള്‍ നീണ്ടു.
ടെലിവിഷന്റെ ചതുരക്കളത്തില്‍ മാത്രം സമരം കണ്ടു ശീലിച്ചവര്‍ക്ക് ഇത്തരം സംശയങ്ങള്‍ ഉണ്ടായില്ലെങ്കിലെ അത്ഭുതപെടേണ്ടതുള്ളു. മാധ്യമങ്ങള്‍ ഒരു പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ മാത്രമേ അത് ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമായി ഭൂരിഭാഗം പേരും കാണുന്നുള്ളൂ. മാധ്യമങ്ങളുടെ ഇത്തരം അജണ്ട സൃഷ്ടിക്കലുകളുടെ അപ്പുറത്ത് നിന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഒരു പ്രശ്നം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് മുന്‍പും അത് നില നില്‍ക്കുന്നുണ്ടായിരുന്നു എന്ന്. കൂടംകുളം സമരത്തെ എതിര്‍ക്കുന്ന ഭൂരിഭാഗം പേരുടെയും ചിന്ത ഈ സമരം തുടങ്ങിയിട്ട് വളരെ കുറച്ചു മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ എന്നാണ്‌. . യഥാര്‍ത്ഥത്തില്‍ 1989 ലാണ് സമരം ആരംഭിക്കുന്നത്. അന്ന് സമരത്തെ ഒതുക്കാന്‍ ഭരണകൂടം നടത്തിയ വെടി വയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഇന്നത്തേത്‌ പോലെ മുട്ടിന്‌ മുട്ടിന്‌ മാധ്യമങ്ങള്‍ ഇല്ലാത്തത് കൊണ്ട് ആ സംഭവം പത്ര വാര്‍ത്തയിലെ ഒറ്റ കോളത്തില്‍ ഒതുങ്ങി. മരിച്ചവര്‍ ആരും പ്രത്യേക പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ലാത്തത് കൊണ്ട് അവര്‍ക്ക് വേണ്ടി രക്ത സാക്ഷി മണ്ഡപങ്ങള്‍ ഉയര്‍ന്നില്ല. അത് കൊണ്ട് പാവപ്പെട്ട മത്സ്യ തൊഴിലാളികളുടെ ശബ്ദം ആരും കേട്ടില്ല. 
യാത്രാംഗങ്ങള്‍ക്ക് നേരിടേണ്ടി വന്ന മിക്കവരുടെയും മറ്റൊരു പ്രധാന സംശയം വര്‍ധിച്ചു വരുന്ന ഊര്‍ജാവശ്യങ്ങള്‍ക്ക് ആണവ പദ്ധതി അല്ലാതെ മറ്റെന്ത് പോം വഴി എന്നതായിരുന്നു... ഈ സംശയവും ന്യായം തന്നെ. എന്നാല്‍ ഇന്ത്യയുടെ  ഊര്‍ജാവശ്യങ്ങള്‍ക്ക്  ആണവപദ്ധതികള്‍ ഒരു പരിഹാരം അല്ല എന്നതാണ് യഥാര്‍ത്ഥ്യം. ഇത്തരം പദ്ധതികള്‍ക്ക് നമ്മുടെ ഊര്‍ജാവശ്യങ്ങളെ നിറവേറ്റാന്‍ കഴിയുമായിരുന്നെങ്കില്‍ ഇന്ത്യയില്‍ ഇപ്പോള്‍ നിലവിലുള്ള 19 ആണവ നിലയങ്ങള്‍ മാത്രം മതിയായിരുന്നല്ലോ! ഇവയെല്ലാം കൂടി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഇന്ത്യയുടെ ആകെ വൈദ്യുതി ഉത്പാദനത്തിന്റെ മൂന്ന്‌ ശതമാനം മാത്രമാണ്. അങ്ങനെ വരുമ്പോള്‍ ഈ നിലയങ്ങളെങ്ങനെ നമ്മുടെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കും? 19 ആണവ നിലയങ്ങളില്‍ നിന്ന് 4000 മെഗാവാട്ട് ഉത്പാദിപ്പിക്കാന്‍ കഴിയും എന്ന് ഉറക്കെ പറയുന്ന അതേ ഭരണകൂടമാണ്‌ കാറ്റില്‍ നിന്ന് മാത്രം ഇപ്പോള്‍ 13,184 മെഗാവാട്ട് ഉത്പാദിപ്പിക്കാന്‍ കഴിയുന്നുണ്ട് എന്നുള്ള വസ്തുത രഹസ്യമാക്കി വക്കുന്നതും. കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ മാര്‍ഗങ്ങള്‍ ഉണ്ടെന്നിരിക്കെ കോടിക്കണക്കിനു നികുതി പണം മുടക്കി  മനുഷ്യന്മാരെ കൊല്ലുന്ന  ഇത്തരം പരിപാടിക്ക് സ്തുതി ഗീതം പാടുന്ന രാഷ്ട്രീയക്കാരുടെയും ബുദ്ധി രക്ഷസന്മാരുടെയും ലക്‌ഷ്യം എന്തായാലും 'ജന നന്മ' മാത്രം ആണെന്ന് വിശ്വസിക്കാന്‍ എന്ത് കൊണ്ടോ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്. 
പരശുരാം യാത്ര ഇത്തരം ചര്‍ച്ചകള്‍ കൊണ്ടു തന്നെ വളരെ ചലനാല്‍മകമായിരുന്നു. 
രാത്രി 8 മണിയോടെ ഞങ്ങള്‍ തിരുവനന്തപുരത്തെത്തി. അവിടെ സെക്രട്ടറിയേറ്റിന്‌ മുന്നില്‍ ഞങ്ങളെയും കാത്ത്‌ തിരുവനന്തപുരത്തെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. മെഴുകുതിരി കത്തിച്ചു കൊണ്ടു മുക്കാല്‍ മണിക്കൂറോളം ഞങ്ങള്‍ അവിടെ ചെലവഴിച്ചു. ആണവ വിരുദ്ധ മുദ്രാവാക്യങ്ങള്‍ , പോസ്ററുകള്‍ , പാട്ടുകള്‍ ..... ഐകഫ് ഹൌസിലേക്ക് രാത്രി ഉറങ്ങാന്‍ പോകുമ്പോഴും പകലത്തെ യാത്രയുടെ ക്ഷീണം ഞങ്ങളുടെ ഊര്‍ജത്തെ അല്പം പോലും ബാധിച്ചിരുന്നില്ല. 

അടുത്ത ദിവസം കാലത്തുള്ള നാഗര്‍കോവില്‍ പാസ്സഞ്ചര്‍ ട്രെയിനില്‍ ഞങ്ങള്‍ സമരം നടക്കുന്ന ഇടിന്തകരൈ ഗ്രാമത്തിലേക്ക് തിരിച്ചു. നാഗര്‍കോവിലില്‍ നിന്നും ബസ്സില്‍ വേണം അവിടെയെത്താന്‍ . നേരിട്ടുള്ള ബസ്സ്‌ കുറവായതിനാല്‍ ഞങ്ങള്‍ ആദ്യം അഞ്ച് ഗ്രാമം എന്ന സ്ഥലത്തേക്കുള്ള ബസ്സ്‌ പിടിച്ചു. പിന്നീട് രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ഇടിന്തകരൈ ഗ്രാമത്തിലേക്കുള്ള വണ്ടി കയറി. ഏഷ്യയിലെ ഏറ്റവും വലുതെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന തിരുനെല്‍വേലി മുപ്പന്തല്‍ കാറ്റാടിപ്പാടം കടന്നു വേണം ഇടിന്തകരയില്‍ എത്താന്‍ ! കൂടംകുളം നിലയത്തിലെ ഇപോഴത്തെ വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റുന്നത് ഈ കാറ്റാടിപ്പാടം ആണെന്നതാണ് രസകരമായ വസ്തുത. അത് മാത്രമല്ല, കൂടംകുളം ടൌണ്‍ ഷിപ്പിലെക്കുള്ള വൈദ്യുതിയും ഇവിടെ നിന്ന് തന്നെ. കൂടംകുളം നിലയത്തിലെ ഉദ്യോഗസ്ഥരും ശാസ്ത്രഞ്ജരും താമസിക്കുന്നത് ഈ ടൌണ്‍ഷിപ്പിലാണ്. പദ്ധതി സുരക്ഷിതമെന്ന് വാദിക്കുന്ന ഇവര്‍ പോലും താമസിക്കുന്നത് ഈ നിലയത്തില്‍ നിന്നും കിലോ മീറ്ററുകള്‍ക്കപ്പുറമുളള ഒരു ഇടത്താണ്. കൂടംകുളം നിലയത്തിന്റെ മുപ്പതു കിലോമീറ്റര്‍ ചുറ്റളവില്‍ 10 ലക്ഷം പേര്‍  താമസിക്കുന്നുണ്ട് എന്നാണ്‌ ഔദ്യോഗികമായി ലഭ്യമാകുന്ന വിവരം.  ആണവ നിലയങ്ങള്‍ക്ക് ചുറ്റിലും താമസിക്കുന്നവരില്‍ റേഡിയേഷന്‍  മൂലം വലിയ അളവിലുള്ള ജീന്‍ മ്യൂട്ടേഷന്‍ സംഭവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പലവിധ ക്യാന്‍സര്‍ രോഗങ്ങളും കണ്ടു വരുന്നുണ്ട്. ഒരു ജനതയെ നിശബ്ദമായി വിഷവികിരണം ഏല്‍പ്പിച്ചു കൊന്നിട്ട് വേണോ നമ്മുടെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ ? അങ്ങനെ ആണെങ്കില്‍ ഹിറ്റ്ലറും നമ്മുടെ സര്‍ക്കാരും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്? 
ഉച്ചയോടടുത്താണ്  ഞങ്ങള്‍ സമര പന്തലില്‍ എത്തുന്നത്‌.. ആണവനിലയത്തിന്റെ sterilisation മേഖലയായ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ഇടിന്തകരൈ. ഇവിടത്തെ ലൂര്‍ദ്ദു പള്ളിക്ക് മുന്നിലാണ് സമരപന്തല്‍ . സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി 2011 ആഗസ്റ്റില്‍ ആണ് ഇവിടെ നിരാഹാര സത്യാഗ്രഹം തുടങ്ങുന്നത്. ഒരു ജനതയുടെ അജ്ഞതയെ മുതലെടുത്ത്‌ സമ്മതം വാങ്ങി നിര്‍മാണം ആരംഭിച്ച പദ്ധതി തങ്ങളുടെയും വരും തലമുറയുടെയും ജീവന് ആപത്താണ് എന്ന് തിരിച്ചറിഞ്ഞ ഒരു ജനവിഭാഗത്തിന്റെ അവസാനത്തെ 
ചെറുത്തുനില്‍പ്പ് ആണ് ഈ സമരം. 
ആണവദുരന്തങ്ങളുടെയും അതിന്  ഇരയായവരുടെ നിരവധി ചിത്രങ്ങള്‍ സമര പന്തലില്‍ തൂക്കിയിരുന്നു. എം ജി യൂണിവേഴ്സിറ്റിയിലെ കുട്ടികള്‍ നടത്തിയ ആണവവിരുദ്ധ കാമ്പയിനിന്റെ ഒപ്പുകള്‍ നിറഞ്ഞ ബാന്നര്‍ അവിടെ കണ്ടപ്പോള്‍ സന്തോഷം തോന്നി. സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള നിരവധി ബോര്‍ഡുകളും അവിടെ ഉണ്ടായിരുന്നു.
 ഞങ്ങളുടെ കൂട്ടത്തിലും അധികം 'കുട്ടികള്‍ ' ആയത് കൊണ്ടാണോ എന്നറിയില്ല ഞങ്ങള്‍ ആദ്യം കൂട്ടായത് അവിടെയുള്ള  കുട്ടികളോടായിരുന്നു. കടലാസ് കൊണ്ടു പല തരത്തിലുള്ള രൂപങ്ങള്‍ ഉണ്ടാക്കുന്നത്‌ എങ്ങനെയാണെന്ന്  മുബീനും സംഘവും അവര്‍ക്ക് കാണിച്ചു കൊടുത്തു. അതേ സമയം ഞാനും മിധുവും അമ്മച്ചിമാര്‍ക്കൊപ്പം ആയിരുന്നു.  സമരത്തെ കുറിച്ച് പറയുമ്പോഴൊക്കെ അവരുടെ മുഖങ്ങള്‍ ജ്വലിച്ചു. അതിനിടയില്‍ അല്പം നാട്ടുവിശേഷങ്ങളും വീട്ടുവിശേഷങ്ങളും... എല്ലാ ദിവസവും കാലത്തേ സമരപ്പന്തലില്‍ എത്തുന്നതാണ് ഇവര്‍ . വൈകുന്നേരം വരെ ഇവിടെ തന്നെ. അതിനിടയില്‍ വെള്ളം മാത്രം ഭക്ഷണം! വിഷവികിരണം ഏറ്റു മരിക്കുന്നതിനെക്കാള്‍ എത്രയോ ഭേദമാണ് വിശന്നു ജീവിക്കുന്നത്! 

വാല്‍ക്കഷ്ണം 
അണ്ണാ ഹസാരെ നിരാഹാരം ഇരുന്നപ്പോള്‍ ശ്വാസം മുട്ട് 'അഭിനയിച്ച' സര്‍ക്കാര്‍ എന്ത് കൊണ്ടാണ് പത്തു പന്ത്രണ്ടു വര്‍ഷക്കാലം നിരാഹാരം അനുഷ്ടിക്കുന്ന ഇറോം ഷര്‍മിളയുടെ ആവശ്യങ്ങള്‍ കേട്ടതായി നടിക്കാത്തത്? ആണവ നിലയത്തിനെതിരെ നിരാഹാരം ഇരിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ ജീവന് വില കല്പിക്കാത്തത്? കേള്‍ക്കാന്‍ സുഖമുള്ള ഉത്തരങ്ങള്‍ ആയിരിക്കില്ല ഈ ചോദ്യങ്ങള്‍ക്കുള്ളത്. പക്ഷെ, ഇത്തരം ചോദ്യങ്ങള്‍ വക തിരിവോടെ ചോദിച്ചില്ലെങ്കില്‍ അവര്‍ നമ്മുടെ ഭൂമിക്ക്‌ വിലയിടും. നാം ശ്വസിക്കുന്ന വായുവിനു നികുതി ചുമത്തും. നാം കുടിക്കുന്ന വെള്ളത്തില്‍ വിഷം കലക്കും. അവസാനം പ്രകൃതി ദുരന്തത്തിലും മനുഷ്യ നിര്‍മ്മിത ദുരന്തത്തിലും പെട്ട് മരിക്കുന്ന വാര്‍ത്തയില അക്കങ്ങളായി നമ്മള്‍ മാറേണ്ടി വരും. ഭരണകൂടം ഇത്രയധികം ജീര്‍ണ്ണിച്ച ഈ കാലഘട്ടത്തില്‍ നിസ്സംഗരായിരിക്കാന്‍ എളുപ്പമാണ്. പക്ഷെ, ആ നിസ്സംഗതക്ക് വരും തലമുറ മാപ്പ് തരില്ല. 

Photos: Vignesh Krishnamoorthy 

No comments: