Monday, February 27, 2012

കാക്കത്തൊള്ളായിരം നുണകള്‍

(അഖില ഹെന്‍റിയുടെ 'നുണക്കഥകള്‍' എന്ന ഹ്രസ്വ ചിത്രത്തിന്റെ ആസ്വാദനക്കുറിപ്പ് നാലാമിടത്തില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ )

കഥ പറച്ചിലിന്റെ പുതുമയേക്കാളും പ്രമേയത്തിലെ വ്യത്യസ്തതയേക്കാളും അവതരണത്തിലെ സത്യസന്ധതയും ധൈര്യവുമാണ് നുണക്കഥകള്‍’ എന്ന അഖില ഹെന്‍റിയുടെ ഹ്രസ്വചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. കാക്കത്തൊള്ളായിരം നുണകള്‍ പൊതിഞ്ഞുനില്‍ക്കുന്ന സമകാലിക സമൂഹത്തിന്റെ ഒരു പരിച്ഛേദത്തിലെ നേരിന്റെയും നുണകളുടെയും ഇഴകളെ ക്യാമറക്കണ്ണിലൂടെ ഇഴ പിരിക്കുകയാണ് ഈ ചിത്രം. നുണക്കഥകളെക്കുറിച്ച് പറഞ്ഞുതുടങ്ങുന്നതിനു മുന്‍പ്, ഇത്തരമൊരു ഹ്രസ്വചിത്രം എടുക്കാന്‍ ധൈര്യം കാണിച്ച അഖിലയുടെ ആത്മവിശ്വാസത്തെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല.
മൂന്നു പെണ്‍കുട്ടികളുടെ ജീവിതത്തിലെ ഒരു വൈകുന്നേരത്തെ സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. കണ്ട് മടുത്ത സ്ഥിരം സ്ത്രീ വേഷങ്ങളെ നമുക്കീ ചിത്രത്തില്‍ കാണാനാവില്ല. മദ്യപിക്കുകയും പുകവലിക്കുകയും ലെസ്ബിയന്‍ ഇഷ്ടങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ അവരുടെ ഇഷ്ടങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍, ഇതൊക്കെ നുണകളാവും എന്ന് കരുതി ആശ്വസിക്കാനാവില്ല. കാരണം, സമൂഹം വരച്ചു വച്ചിരിക്കുന്ന രൂപങ്ങള്‍ക്ക്‌ പുറത്തുള്ള നിരവധി പെണ്‍കുട്ടികള്‍ നമുക്കിടയിലുണ്ട്.
ആണുങ്ങള്‍ മദ്യപിക്കുന്നതും പുകവലിക്കുന്നതും ‘നാട്ടുനടപ്പി’ന്റെ ഭാഗമായി അംഗീകരിക്കാന്‍ ഭൂരിപക്ഷത്തിനു ബുദ്ധിമുട്ട് ഉണ്ടാവില്ല. എന്നാല്‍ ഒരു സ്ത്രീ പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്‌താല്‍, ആരോഗ്യപ്രശ്നത്തേക്കാള്‍ സദാചാര പ്രശ്നമാണ് തലയുയര്‍ത്തുക. സമൂഹത്തിന്റെ ഈ ഇരട്ടത്താപ്പ് നയത്തെ ഈ ചിത്രത്തിലെ പെണ്‍കുട്ടികള്‍ പുകവലിച്ചും മദ്യപിച്ചും അസ്വസ്ഥമാക്കുന്നുണ്ട്. ഈ അസ്വസ്ഥതക്ക് നേരെയുള്ള സംവിധായികയുടെ പ്രതികരണം ശ്രദ്ധിക്കുക: ‘Smoking and drinking are injurious to health. But, that does not mean you can’t enjoy them!’
സ്ത്രീകഥാപാത്രങ്ങളുടെ പൊളിച്ചെഴുത്ത് ഈ ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ദൃശ്യമാണ്. ഏത്‌ അച്ചിലേക്കും ഒഴിച്ച് ഇഷ്ടമുള്ള രൂപങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന അസംസ്കൃത വസ്തുവാണ് സ്ത്രീകളെന്ന യാഥാസ്ഥിതിക ബോധത്തെ ഈ ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങള്‍ ചോദ്യം ചെയ്യുന്നു. കാമുകനൊപ്പം കിടക്ക പങ്കിടുമ്പോള്‍ ‘നമുക്കിന്നു പുതിയത് എന്തെങ്കിലും try ചെയ്യാം’ എന്ന് പറയുന്ന പെണ്‍കുട്ടിയും ‘കല്യാണം കഴിഞ്ഞാല്‍ അവന്‍ കുടിക്കുന്നത് നോക്കി വെള്ളമിറക്കി കുത്തിയിരിക്കാനേ പറ്റൂ’ എന്ന് അസ്വസ്ഥതയോടെ പറയുന്ന മുസ്ലിം പെണ്‍കുട്ടിയും സിനിമയുടെ പുതുഭാഷയാണ്‌ സംസാരിക്കുന്നത്.
20 മിനിട്ട് നീളുന്ന ചിത്രം സാങ്കേതികമായ മികവു പുലര്‍ത്തുമ്പോഴും കഥയുടെ സ്വാഭാവികമായ പറച്ചിലില്‍ ചിലയിടത്ത് വിടവുകള്‍ ദൃശ്യമാണ്. ഉദാഹരണത്തിന്, ചിത്രത്തിലെ ആനി എന്നാ കഥാപാത്രം, തൊട്ടടുത്ത മുറിയില്‍ ആത്മഹത്യാശ്രമം നടത്തുന്ന പെണ്‍കുട്ടിയെ യാദൃശ്ചികമായാണ് കാണാനിട വരുന്നത് എന്നാണ് സംവിധായിക പറയാന്‍ ശ്രമിച്ചതെങ്കിലും, ആ യാദൃശ്ചികത ഒരു ആശയക്കുഴപ്പം ആയിട്ടാണ് പ്രേക്ഷകര്‍ക്ക്‌ അനുഭവപ്പെടുന്നത്. ഈ രണ്ടു കഥാപാത്രങ്ങളെ തമ്മില്‍ യുക്തിപരമായി ബന്ധിപ്പിക്കുന്നതില്‍ സംവിധായിക വിജയിക്കാത്തത് കൊണ്ട് തന്നെ ചിത്രം കഴിയുമ്പോഴും മനസ്സില്‍ ഒരു സംശയം ബാക്കിയാവും. അതേസമയം ആനിയേയും മുസ്ലിം പെണ്‍കുട്ടിയെയും അതീവ മനോഹരമായി, വളരെ സ്വാഭാവികമായി സംവിധായിക ബന്ധിപ്പിക്കുന്നുണ്ട്.
സമൂഹം പറഞ്ഞു ശീലിപ്പിച്ച വഴികളില്‍ നിന്ന് മാറി നടക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് മരണം / ആത്മഹത്യ ആണ് ഒരു രക്ഷാമാര്‍ഗം എന്ന മുഖ്യധാരാ മാധ്യമങ്ങളുടെ സ്ഥിരം കണ്ടെത്തലുകള്‍ക്ക് അപ്പുറത്തേക്ക് കൃത്യമായ രാഷ്ട്രീയം പങ്കുവയ്ക്കുന്നതിലും ചിത്രം പരാജയപ്പെടുന്നു.
എങ്കിലും, അത്‌ ആസ്വാദനത്തെ അലോസരപ്പെടുത്തുന്നില്ല. മോഷ്ടിച്ചതും അല്ലാത്തതുമായ സംഗീതത്തിന്റെയും പാട്ടിന്റെയും ചിത്രത്തിലെ അവസരോചിതമായ ഉപയോഗവും എടുത്തുപറയേണ്ടതുണ്ട്.
സത്യസന്ധമായ ചലച്ചിത്ര പരീക്ഷണങ്ങള്‍ നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ചെറുചിത്രം ആവേശം നല്‍കും. സ്വയംഭോഗം, വിവാഹപൂര്‍വ(?) ലൈംഗികത, പ്രണയം, സ്ത്രീ-പുരുഷ ബന്ധങ്ങള്‍ എന്നിവയെക്കുറിച്ച് സദാചാര സങ്കല്പങ്ങളുടെ ഭാരമില്ലാതെ തുറന്ന് പറയുന്ന ഈ ചിത്രം തീര്‍ച്ചയായും നിങ്ങളെ അസ്വസ്ഥരാക്കും. കേട്ടും കണ്ടും പരിചയിച്ചും തഴക്കം വന്നുപോയ ചില ധാരണകള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ അസ്വസ്ഥത ഉണ്ടാവുന്നത് സ്വാഭാവികം മാത്രം.
കെട്ടിക്കിടക്കുന്ന വെള്ളത്തിന്‌ സ്വസ്ഥതയുണ്ട്, ഒഴുക്കുള്ള വെള്ളത്തിന്‌ തെളിമയുണ്ട്. എന്നാല്‍ ഒഴുക്കിനെതിരെയുള്ള ചലനമാണ് ശ്രമകരം. അത്തരം ശ്രമങ്ങളേ ചലനങ്ങള്‍ സൃഷ്ടിക്കുകയുള്ളൂ! അങ്ങനെയുള്ള ഒരു ചലനമാണ് ‘നുണക്കഥകള്‍’. അഖിലക്ക് നൂറുമ്മ :)

1 comment:

സുധി അറയ്ക്കൽ said...

കണ്ടുനോക്കട്ടെ.