Sunday, January 1, 2012

വഴികള്‍ ഉണ്ടാവുകയല്ല. ഉണ്ടാക്കപ്പെടുകയാണ് !


യാത്രകളില്‍ ഞാനെന്റെ ഡയറി കരുതാറുണ്ട്‌. കോളേജ് പഠനകാലത്തെ യാത്രകളില്‍ പലപ്പോഴും എനിക്ക് പ്രിയമുള്ളവരെ കാണുമ്പോള്‍ ഡയറി അവര്‍ക്ക് നേരെ നീട്ടി ‘എന്തെങ്കിലും എഴുതണം’ എന്ന് നിര്‍ബന്ധം പിടിക്കും. പല തരത്തിലുള്ള ആളുകള്‍… ഒന്ന് കണ്ട് ചിരിച്ചു മാത്രം കടന്നു പോകുന്നവര്‍… ഒരു ചിരി കൊണ്ടു ജീവിതത്തിലേക്ക് കയറി വരുന്നവര്‍… കണ്ടവരില്‍ കുറച്ചു പേരോട് മാത്രം അടുപ്പം തോന്നി… അതില്‍ കുറച്ചു പേരോട്‌ മാത്രം പ്രകടിപ്പിച്ചു. കുറച്ചു നിമിഷങ്ങളുടെ പരിചയം മാത്രം ഉള്ളവര്‍ പോലും വലിയ അടുപ്പക്കരായി തോന്നി. കൂടെ പഠിച്ചില്ലെങ്കിലും, ഒരേ നാട്ടുകാര്‍ അല്ലെങ്കിലും ഒരു ബന്ധം. ഇവരെയൊക്കെ എങ്ങനെ വിശ്വസിക്കും എന്നതിന് മറുപടിക്കായി പഴയ യാത്രകളില്‍ കൂടെ ഉണ്ടായിരുന്ന ഡയറിയുടെ താളുകളിലേക്ക് നീളും. ഒരിക്കല്‍ ഇതേ ചോദ്യം ഞാനും ചോദിച്ചിരുന്നു. സമൂഹത്തിന്റെ മതിലുകള്‍ സൃഷ്ടിച്ച അതിര്‍ത്തികള്‍ക്കു അപ്പുറം യാത്ര ചെയ്തിരുന്ന ഒരു സുഹൃത്തിനോട്… അതിനു മറുപടിയായി അദ്ദേഹം എന്റെ ഡയറിയില്‍ എഴുതി, ‘സീനാ, ഞാന്‍ ഇപ്പോഴും മനുഷ്യന്റെ നന്മയില്‍ വിശ്വസിക്കുന്നു.’ പരിചിതമല്ലാത്ത വഴിയിലൂടെ യാത്രകള്‍ ചെയ്യേണ്ടി വരുമ്പോള്‍ ഈ വാചകം എന്‍റെ മനസ്സില്‍ കടന്നു വരാറുണ്ട്. പക്ഷെ ഒരു ആണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു ചിന്ത അവനുമായി ബന്ധപെട്ടു നില്‍ക്കുന്ന സമൂഹത്തിനോട് പങ്കു വക്കുമ്പോള്‍ അവനു കിട്ടുന്ന സ്വീകാര്യതയല്ല ഒരു പെണ്‍കുട്ടി എന്ന നിലയില്‍ എനിക്ക് കിട്ടിയിട്ടുള്ളത്. അങ്ങനെ ഒരു വിശ്വാസം പോലും കൊണ്ടു നടക്കാന്‍ ഒരു പെണ്‍കുട്ടി എന്ന നിലയില്‍ ഞാന്‍ ഭയപ്പെടണം. കാരണം ‘നഷ്ടപ്പെടാന്‍’ ഉള്ളത് പെണ്‍കുട്ടികള്‍ക്ക് മാത്രമാണല്ലോ!

രാത്രിയും പകലും എന്നില്ലാതെ ഇങ്ങനെ പുറത്തിറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യം എവിടെ നിന്ന് കിട്ടിയെന്നു പലരും നെറ്റി ചുളിച്ച് ചോദിച്ചിട്ടുണ്ട്. (‘നിനക്കൊന്നും ചോദിക്കാനും പറയാനും ആരും ഇല്ലേ’ എന്നാണ് ഈ ചോദ്യത്തിന്റെ പച്ചമലയാളം) കാണാമറയത്തുള്ള ഇത്തരം അധികാരകേന്ദ്രങ്ങള്‍ കല്‍പ്പിച്ചു നല്‍കിയ സ്വാതന്ത്ര്യങ്ങള്‍ക്കു പുറത്ത് കടന്നാല്‍ ആകെ പുലിവാലായി! ഭാരത സ്ത്രീയുടെ ഭാവശുദ്ധി വെള്ളത്തിലായി എന്നുള്ള വിലാപങ്ങള്‍! അതുകൊണ്ട് തന്നെ എന്തിനു വെറുതെ പുലിവാല് പിടിക്കണം എന്നാണു ഭൂരിപക്ഷം സ്ത്രീകളും ചിന്തിക്കുക. സമാധാനമാണല്ലോ എല്ലാവര്‍ക്കും പ്രധാനം! ഇത്തരം കടമ്പകള്‍ ചാടിക്കടന്ന സ്ത്രീകളൊക്കെ ഒരു പ്രത്യേക ആനുകൂല്യം അനുഭവിക്കുന്നവരാണ് എന്നും, അവരെയൊന്നും സാധാരണ സ്ത്രീകളുടെ / പെണ്‍കുട്ടികളുടെ ഗണത്തില്‍ പെടുത്താനാവില്ല എന്നുമാണ് പൊതുവെ നമ്മളൊക്കെ കേട്ടിട്ടുള്ളത്. പക്ഷെ, മാതാപിതാക്കള്‍ പോലീസോ വക്കീലോ പൊതുപ്രവര്‍ത്തകരോ ആക്റ്റിവിസ്റ്റോ പത്രപ്രവര്‍ത്തകരോ അല്ലാതിരുന്നിട്ടും ഭയമില്ലാതെ പുറത്തിറങ്ങി നടക്കാന്‍ ചങ്കൂറ്റം കാണിക്കുന്ന, ആഗ്രഹത്തിന് ഒത്ത്‌ ജീവിക്കാനും സ്വപ്നം കാണാനും ധൈര്യം കാണിക്കുന്ന നിരവധി പെണ്‍കുട്ടികള്‍ നമുക്കിടയിലുണ്ട്. അവര്‍ക്കാര്‍ക്കും അത്തരമൊരു വഴി തനിയെ ഉണ്ടായി വന്നതല്ല, ഉണ്ടാക്കി എടുക്കുകയാണ് ചെയ്തത്. അതിന് അവര്‍ക്ക് വലിയ വില കൊടുക്കേണ്ടി വന്നിട്ടുമുണ്ട്. വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നില്‍ അവള്‍ സദാചാരബോധം ഇല്ലാത്തവളും അപഥസഞ്ചാരിണിയും ആണ്. അവള്‍ക്കെന്തെങ്കിലും അപകടം പിണഞ്ഞാല്‍ കണ്ണീരു പൊഴിക്കാനോ മെഴുകുതിരി കത്തിക്കാനോ ആരും ഉണ്ടാകണമെന്നില്ല. അതു അവളുടെ കയ്യിലിരിപ്പിന്റെ ‘ഗുണം’ കൊണ്ടു സംഭവിച്ചതല്ലേ, അനുഭവിക്കട്ടെ എന്ന് പറയാന്‍ നൂറായിരം പേര്‍ കാണും!

എന്നിരുന്നാലും, അധികാരകേന്ദ്രങ്ങള്‍ കല്പിച്ചു നല്‍കുന്ന സ്വാതന്ത്ര്യങ്ങള്‍ക്ക് അപ്പുറത്ത് സ്വന്തമായ ലോകം കെട്ടിപ്പടുക്കുന്ന, കെട്ടുപാടുകളില്ലാതെ ലോകത്തെ സമീപിക്കാന്‍, സ്വപ്നം കാണാന്‍, അവയ്ക്ക് വേണ്ടി അക്ഷീണം പ്രയത്നിക്കാന്‍ മനസുള്ള പെണ്‍കുട്ടികളുടെ എണ്ണം കൂടി വരുന്നുണ്ട് എന്ന് കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. അവരില്‍ നിന്നുണ്ടാകുന്ന തലമുറയിലെ പെണ്‍കുട്ടികള്‍ എങ്കിലും തല ഉയര്‍ത്തി ലോകത്തെ കാണും. ഭൂമിയിലെ പൂക്കളും മുള്ളുകളും മാത്രമല്ല ആകാശത്തിലെ നക്ഷത്രങ്ങളും മഴവില്ലും കാറ്റും കോളും കണ്ടും അറിഞ്ഞും വലിയ സ്വപ്‌നങ്ങള്‍ കണ്ടും അവര്‍ വളരും. അങ്ങനെയുള്ള ഒരു ലോകം ഇന്നുള്ളതിനെക്കാളും ക്രിയാത്മകവും ഉത്പാദനപരവുമായിരിക്കും എന്നാണ് എന്റെ പക്ഷം!

1 comment:

aravind said...

gheപക്ഷങ്ങളുടെ ഈ ലോകത്ത് ചിന്തയുടെ പോസിറ്റീവ് പക്ഷത്തിന്‍റെ അമരത്താണ് ഞാന്‍...... ആ ഡയറിയില്‍ സ്വാതന്ത്രത്തിന്‍റെ പക്ഷം ഞാന്‍ കാണുന്നു. കുറിപ്പിലും ഡയറിയിലും മാത്രമാവാതെ സ്വാതന്ത്രിയത്തിന്‍റെ നിശ്ശബ്ദ വിപ്ലവം ഒഴുകി പരക്കട്ടെ.ഒരു കുറിപ്പിനുള്ള സ്ഥലം ബാക്കിവയ്ക്കണം എന്നോര്‍മിപ്പിക്കുന്നു..