Tuesday, October 18, 2016

അനുസരണക്കേടുകള്‍ നല്ലതാണ്


#MyDiaryOfResistance
#SpeakOut

ഇന്നാണ് അമ്മയോട് പറഞ്ഞത്. അമ്മ ഒന്നും പറഞ്ഞില്ല. കുറേ നേരം മിണ്ടാതിരുന്നു. ഈ ദിവസങ്ങളിലെല്ലാം ഞാനേറ്റവും കൂടുതല്‍ തവണ മനസില്‍ കണ്ടത്, ഇക്കാര്യം പറയുമ്പോള്‍ അമ്മയുടെ പ്രതികരണം എങ്ങനെയാകും എന്നതായിരുന്നു. അമ്മയോട് പറയണ്ട എന്നായിരുന്നു ആദ്യം മനസിലുറപ്പിച്ചത്. പക്ഷേ, ചില വീര്‍പ്പുമുട്ടലുകളില്ലേ... അമ്മയോട് ചേര്‍ന്നിരിക്കുമ്പോള്‍ മാത്രം ഇല്ലാതാകുന്നത്... അങ്ങനെയൊരു നിമിഷത്തില്‍ ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍, ഏറ്റവും ലളിതവല്‍ക്കരിച്ച് പറഞ്ഞു.

ഒറ്റയ്ക്ക് താമസിക്കാന്‍ തുടങ്ങിയതിനു ശേഷം അമ്മയുമായി ചേര്‍ന്നിരിക്കാന്‍ കിട്ടുന്ന സമയം വളരെ കുറഞ്ഞു തുടങ്ങിയിരുന്നു. കാണുമ്പോള്‍, അമ്മയെ സങ്കടപ്പെടുത്തുന്നതൊന്നും പറയണ്ട എന്ന തോന്നും. എവിടെ ആണെങ്കിലും ഞാന്‍ സുരക്ഷിതയായി ഇരിയ്ക്കുന്നുണ്ട് എന്ന തോന്നല്‍ മാത്രമാണല്ലോ അമ്മയുടെ പിടിവള്ളി. ഓരോ തവണ വീട്ടില്‍ വന്നു പോകുമ്പോള്‍ അമ്മ പറയും, ശ്രദ്ധിച്ചു നടക്കണേ മോളേ ന്ന്...

ശ്രദ്ധിച്ചു തന്നെയാണ് അമ്മാ എപ്പോഴും നടക്കുന്നത്. എന്നിട്ടും അപകടങ്ങള്‍ സംഭവിക്കുന്നു. എനിയ്ക്ക് മാത്രമല്ല, പലര്‍ക്കും... വീടിനുള്ളില്‍ മാനം കാണാതെ വളര്‍ന്നിട്ട്, അങ്ങനെ ജീവിച്ചിട്ട് എനിയ്ക്ക് ഒരു ദേവകുമാരന്റേയും കിരീടത്തിലെ മയില്‍പ്പീലി ആകേണ്ട.

അമ്മയുടെ മകള്‍ അനുസരണയില്ലാത്തവളാണെന്ന് ആളുകള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ സങ്കടം വരുമായിരിക്കും. സാരമില്ല... അമ്മയെപ്പോലുള്ള പെണ്ണുങ്ങള്‍ നേരത്തെ ഇത്തരം അനുസരണക്കേടുകള്‍ കാണിച്ചിരുന്നെങ്കില്‍ നമ്മുടെ നാട്ടുനടപ്പുകള്‍ കുറച്ചൂടെ മാറിയേനെ... വൈകിയിട്ടില്ല... ചിലപ്പോഴൊക്കെ അനുസരണക്കേടുകള്‍ നല്ലതാണ്. അമ്മയക്ക് ഉമ്മ :)

ഇരകളാകേണ്ടവരല്ല നമ്മള്‍



കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ കുറേ കാര്യങ്ങള്‍ സംഭവിച്ചു. കേരളത്തിലെ റോഡുകളിലൂടെ സഞ്ചരിക്കുന്ന ഏതൊരു സ്ത്രീയ്ക്കും സംഭവിക്കുന്നതേ എനിക്കും സംഭവിച്ചുള്ളൂ. പട്ടാപ്പകല്‍ റോഡിലൂടെ നടന്നുപോയപ്പോള്‍ ഒരാള്‍ കേറി വന്നെന്റെ മുലയ്ക്ക് പിടിച്ചു. അയാള്‍ ചെയ്ത കാര്യം ഇത്രയും പച്ചയ്ക്ക് തന്നെ പറഞ്ഞത് അയാള്‍ ചെയ്ത കാര്യത്തിന്റെ ഗൗരവം വ്യക്തമാക്കാനാണ്. ഇതാദ്യമായല്ല ഇങ്ങനെയുള്ള സംഭവങ്ങള്‍ എനിക്ക് നേരിടേണ്ടി വരുന്നത്. എനിയ്ക്ക് മാത്രമല്ല, പല സ്ത്രീകള്‍ക്കും സമാന അനുഭവങ്ങള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ പലപ്പോഴും ഇങ്ങനെ ചെയ്യുന്നവര്‍ അവരുടെ ഐഡന്റിന്റി വ്യക്തമാക്കാതെ ഇരുട്ടിന്റെ മറവിലോ അല്ലെങ്കില്‍ ഹെല്‍മറ്റ് വച്ചോ അതുമല്ലെങ്കില്‍ വാഹനത്തില്‍ പാഞ്ഞു വന്ന് ശരീരത്തില്‍ കേറിപ്പിടിച്ച് കടന്നു കളയാറാണുള്ളത്. ഇങ്ങനെ വരുമ്പോള്‍ ആര്‍ക്കെതിരെ പരാതി കൊടുക്കും എന്നു പോലും അറിയാതെ ദേഷ്യവും വെറുപ്പും എല്ലാം വന്ന് വല്ലാത്ത അവസ്ഥ ആകാറുണ്ട്.

എന്നാല്‍ ബുധനാഴ്ച നടന്ന സംഭവത്തില്‍ അയാള്‍ ഓടി രക്ഷപ്പെടാന്‍ പോലും നോക്കാതെ പിന്നെയും എനിയ്ക്ക് നേരെ വരികയായിരുന്നു. അയാളുടെ വണ്ടി നമ്പര്‍ ഞാന്‍ ശ്രദ്ധിച്ചെന്ന് മനസിലാക്കിയപ്പോള്‍ മാത്രമാണ് അയാള്‍ എന്നെ പിന്തുടരുന്നത് നിറുത്തി തിരികെ പോയത്. പാലക്കാട് മുണ്ടൂര്‍ IRTC യില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും മാധ്യമങ്ങളും എന്ന വിഷയത്തില്‍ ക്ലാസ് എടുക്കാന്‍ പോകുന്ന വഴിയ്ക്കാണ് സംഭവം നടന്നത്.

സെമിനാറിന് ശേഷം പരിപാടിയുടെ സംഘാടകര്‍ക്കൊപ്പം കോങ്ങാട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. അതിനു മുന്‍പേ പാലക്കാട് സുഹൃത്തുക്കളുടെ സഹായത്താല്‍ വണ്ടിയ്ക്കു വേണ്ടിയുള്ള അന്വേഷണം നടത്തിയിരുന്നു. ഡല്‍ഹി രജിസ്‌ട്രേഷനിലുള്ള ഒരു പഴയ ബുള്ളറ്റിലായിരുന്നു അയാള്‍ എന്നെ പിന്തുടര്‍ന്നത്. പോലീസും മറ്റ് സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, ഞാന്‍ പരാതി കൊടുത്ത് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അയാളെ പിടിയ്ക്കാന്‍ കഴിഞ്ഞു. ഞാന്‍ രാത്രി തന്നെ പോലീസ് സ്‌റ്റേഷനില്‍ പോയി അയാളെ തിരിച്ചറിഞ്ഞു. ഞാന്‍ പരാതി കൊടുത്തെന്ന് അറിഞ്ഞ് മറ്റൊരു പെണ്‍കുട്ടിയും പരാതിയുമായി വന്നു. ആ പെണ്‍കുട്ടിയെയും ഇയാള്‍ ഇതുപോലെ വഴിയിലൂടെ നടന്നു പോകുമ്പോള്‍ ശല്യം ചെയ്തിരുന്നു.

എന്തായാലും കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. അയാളെ ഇപ്പോള്‍ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇതിന് വേണ്ടി കുറച്ച് നടക്കേണ്ടി വന്നാലും പരാതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം.

പരാതി കൊടുക്കാനും അയാളെ തിരയാനും പിന്നീട് കോടതിയില്‍ ഹാജരായപ്പോള്‍ മണിക്കൂറുകളോളം കോടതി വരാന്തയില്‍ എനിക്കൊപ്പം നില്‍ക്കാനും രഹസ്യമൊഴി രേഖപ്പെടുത്താന്‍ മജസിട്രേറ്റ് വിസമ്മതിച്ചപ്പോള്‍ നിയമപരമായി തന്നെ നേരിട്ട,് അന്ന് തന്നെ അതിന് വേണ്ട കാര്യങ്ങള്‍ ചെയ്യാനും കൂടെ നിന്ന ഒരുപാട് പേരുണ്ട്. +Shaji Mullookkaaran മുള്ളൂക്കാരന്‍ , നന്ദേട്ടന്‍, സുധീഷേട്ടന്‍, അച്ചായന്‍ (അജിത് സക്കറിയ), രാമചന്ദ്രേട്ടന്‍, അജിലേച്ചി, മാതൃഭൂമിയിലെ ഹരിയേട്ടന്‍ പിന്നെ ഫോണിലും മറ്റുമായി ഇടപെടല്‍ നടത്തിയ സുഹൃത്തുക്കള്‍ +മത്തായി, മാതൃഭൂമിയിലെ എന്റെ സുപ്പീരിയേഴ്‌സ്, ജില്ലാ പഞ്ചായത്ത്, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകര്‍, സിപിഎം പാര്‍ട്ടി പ്രവര്‍ത്തകര്‍ അങ്ങനെ എല്ലാവരേയും സ്‌നേഹത്തോടെ ഓര്‍ക്കുന്നു. 36 മണിക്കൂറോളം നീണ്ട സംഭവ പരമ്പരയില്‍ എനിയ്‌ക്കൊപ്പം നിങ്ങളും കൂടി ഉണ്ടായിരുന്നതുകൊണ്ടാണ് അയാള്‍ ഇപ്പോള്‍ ജയിലില്‍ കിടക്കുന്നത്.

കേസ് തീര്‍ന്നിട്ടില്ല. തുടങ്ങിയിട്ടേ ഉള്ളൂ. ഇനി കാര്യങ്ങള്‍ കോടതിയിലാണ്... ആടിനെ പട്ടിയാക്കാനും പട്ടിയെ കുട്ടിയാക്കാനും വരെ കഴിവുള്ള വക്കീലന്‍മാര്‍ വാഴുന്ന ഇടത്ത് കേസിന്റെ ഭാവിയെന്താകുമെന്നൊന്നും അറിയില്ല. പക്ഷേ, മുന്നോട്ട് തന്നെയാണ് എന്റെ വഴികള്‍. ഞാനിത് ചെയ്തില്ലെങ്കില്‍ മറ്റൊരു ജിഷയോ സൗമ്യയോ പേരില്ലാതെ ജീവിക്കേണ്ടി വരുന്ന പെണ്‍കുട്ടികളോ ഇയാളുടെ വൈകൃതത്തിന്റെ തുടര്‍ച്ചയില്‍ സംഭവിച്ചേക്കാം. അതിക്രമത്തില്‍പ്പെട്ട് കൊല്ലപ്പെടുമ്പോള്‍ മെഴുകുതിരി കത്തിയ്ക്കാന്‍ വേണ്ടി മാത്രമല്ല പൊതുബോധം ഉണരേണ്ടത്. ഒരു സ്ത്രീയെ ഒറ്റയ്ക്ക് കണ്ടാല്‍ എന്തും പറയാം, എന്തും ചെയ്യാം എന്ന തോന്നല്‍ ഊട്ടിയുറപ്പിക്കുന്ന നമ്മുടെ വ്യവസ്ഥിതിയുണ്ടല്ലോ, അതിനെ കത്തിയ്ക്കാനാണ് മെഴുകുതിരി തെളിയിക്കേണ്ടത്.
#SpeakOut #StopViolenceAgainstWomen

Thursday, March 5, 2015

സ്വര്‍ഗത്തില്‍ ഒരിടം





ദീപാവലിയുടെ അവധി ദിവസങ്ങളിലാണ് ഹിമാചലിലേക്ക് യാത്ര പോയാലോ എന്നൊരു ആലോചന വന്നത്. മൂന്ന് ദിവസത്തെ അവധിയുണ്ട്. ഡല്‍ഹിയില്‍ നിന്ന് ആയതുകൊണ്ട് ഇത്രയും ദിവസം മതിയാകും യാത്ര പോയി വരാന്‍. ഉത്തരേന്ത്യയില്‍ ദീപാവലി വലിയ ആഘോഷമായതുകൊണ്ടു തന്നെ ഹിമാചലിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വലിയ തിരിക്കാകുമെന്ന് ഉറപ്പായിരുന്നു. തിരക്കില്ലാത്ത ഇടം തെരഞ്ഞപ്പോള്‍ കണ്ടെത്തിയത് കസോള്‍ എന്ന ഹിമാചല്‍ ഗ്രാമം. വലിയ ജനവാസമില്ലാത്ത ഗ്രാമമാണ് കസോള്‍. കൂടാതെ ട്രക്കിംഗിന് പോകുന്നവര്‍ തങ്ങുന്ന ഇടത്താവളം കൂടിയാണ് അതെന്നറിഞ്ഞപ്പോള്‍ യാത്ര അവിടേക്ക് തന്നെ ആകാമെന്ന് ഉറപ്പിച്ചു.
പെട്ടെന്നുള്ള പ്‌ളാന്‍ ആയതുകൊണ്ട് യാത്രക്ക് ഞാനും സഹമുറിയത്തിയും മാത്രം. ഡല്‍ഹിയില്‍ നിന്ന് മണാലിയിലേക്കുള്ള വോള്‍വോ ബസില്‍ ആയിരുന്നു യാത്ര. രാത്രിയില്‍ ഡല്‍ഹിയില്‍ നിന്ന് കയറിയാല്‍ കൊച്ചുവെളുപ്പാന്‍ കാലത്ത് ബുന്ദറില്‍ എത്തും. കസോളില്‍ പോകാന്‍ ഞങ്ങള്‍ക്ക് ബുന്ദറിലാണ് ഇറങ്ങേണ്ടത്. അവിടെ നിന്ന് സാധാരണ ലൈന്‍ ബസ് കിട്ടും കസോളിലേക്ക്. അഞ്ചരയോടെ ഞങ്ങള്‍ ബുന്ദറിലെത്തി. അല്‍പനേരത്തെ കാത്തിരിപ്പിനു ശേഷം വെള്ളയില്‍ മഞ്ഞ പെയിന്റടിച്ച 'വര്‍ദ്ധമനേശ്വര്‍' എന്ന പേരുള്ള ബസ് പതുക്കെ ഞരങ്ങിയൊതുങ്ങി സ്റ്റോപ്പിലെത്തി. നാട്ടുകാരാണ് ബസില്‍ അധികവും. ചന്തയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വരുന്നവരും ബന്ധുവീടുകളിലേക്ക് പോകുന്നവരുമൊക്കെയായി നിമിഷനേരം കൊണ്ട് ബസില്‍ ജനം നിറഞ്ഞു. പൈന്‍മരക്കാടുകള്‍ക്കും ആപ്പിള്‍ തോട്ടങ്ങള്‍ക്കുമിടയിലൂടെയുള്ള ചെറിയ വഴിയിലൂടെ സോപ്പുപെട്ടി പോലെയുള്ള ബസ് വളരെ പതുക്കെ നീങ്ങിക്കൊണ്ടിരുന്നു. രണ്ടു മണിക്കൂര്‍ നേരത്തെ യാത്രക്കൊടുവില്‍ ഞങ്ങള്‍ കസോളിലെത്തി.
ചെറിയ പട്ടണമാണ് കസോള്‍. ടൂറിസ്റ്റുകള്‍ക്കായി നിരവധി ഹോട്ടലുകളും ഹോം സ്‌റ്റേകളും ഒക്കെയുള്ള ഇടം. പല നിറങ്ങളിലുള്ള കമ്പിളി വസ്ത്രങ്ങള്‍ തൂക്കിയിട്ടിരിക്കുന്ന കടകള്‍ കാണാന്‍ തന്നെ ബഹുരസം. കുറച്ചു നേരം ടൗണില്‍ കറങ്ങി നടന്ന് അധികം തിരക്കില്ലാത്ത ഒരു ഹോംസ്‌റ്റേ കണ്ടെത്തി. ഒരു ചെറിയ കുന്നിന്റെ മുകളിലാണ് വീട്. തടികൊണ്ടുണ്ടാക്കിയ രണ്ടു നിലയുള്ള വീടാണ്. ചുറ്റും ആപ്പിള്‍ മരങ്ങള്‍. ദൂരെ മഞ്ഞുമൂടിയ പര്‍വതങ്ങള്‍. ഒരു രാത്രി തങ്ങാന്‍ 500 രൂപ. ഞങ്ങള്‍ കുളിച്ച് ഉഷാറായി അടുത്ത പരിപാടിയെന്തെന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് എന്റെ കൂട്ടുകാരി ഗ്രാഹണ്‍ ഗ്രാമത്തെ കുറിച്ച് പറയുന്നത്. കസോളില്‍ നിന്ന് 10 കിലോമീറ്റര്‍ കാട്ടിലൂടെ നടന്നു വേണം അവിടെയെത്താന്‍. ഗതാഗതസൗകര്യങ്ങളോ മറ്റ് ആധുനികസംവിധാനങ്ങളോ ഒന്നും ഇല്ലാത്ത ഒരു പുരാതന ഗ്രാമം. ഒരു ദിവസം അവിടെ താമസിച്ച് പിറ്റേന്ന് തിരിച്ചു വരാമെന്നുള്ള പരിപാടിയിട്ട് ഞങ്ങള്‍ ഇറങ്ങി. വഴി പറഞ്ഞു തരാന്‍ ഗൈഡിനെ കിട്ടിയാല്‍ നന്നാകുമെന്ന് ഹോംസ്‌റ്റേ നടത്തുന്ന ദീദി പറഞ്ഞതനുസരിച്ച് ഞങ്ങള്‍ ടൗണിലെത്തി. 1000 രൂപ തരാമെന്ന് പറഞ്ഞിട്ടു പോലും ആരേയും കിട്ടിയില്ല. അവസാനം ഒരു കുതിരക്കാരനെ കണ്ട് കാര്യം ധരിപ്പിച്ചു. അദ്ദേഹം അരമണിക്കൂറിനുള്ളില്‍ തന്നെ ഒരാളെ തപ്പിയെടുത്ത് കൊണ്ടു വന്നു. പേര് അമര്‍. കൂളിംഗ് ഗ്‌ളാസ് ഒക്കെ വച്ച മെലിഞ്ഞ ഒരു മധ്യവയസ്‌കന്‍. ചിരിക്കുമ്പോള്‍ മുന്‍നിരയിലെ കേടായ പല്ലുകള്‍ ഒക്കെ തെളിഞ്ഞു കാണാം. എഴുപതുകളിലെ ഹിന്ദി സിനിമകളിലെ വില്ലന്‍മാരുടെയൊക്കെ രൂപം ഓര്‍മ വരും അദ്ദേഹത്തെ കാണുമ്പോള്‍. വേറെ വഴിയില്ലാത്തതുകൊണ്ടും ഗ്രാഹണ്‍ ഗ്രാമം കാണാനുള്ള ആഗ്രഹം വേണ്ടാന്നു വയ്ക്കാന്‍ മനസു വരാത്തതുകൊണ്ടും ഞങ്ങള്‍ അമര്‍ജിക്കൊപ്പം കാടു കയറാന്‍ തീരുമാനിച്ചു.
മനസില്‍ ആശങ്കകള്‍ വളര്‍ന്നുകൊണ്ടിരുന്നു. കാട്ടിലൂടെയാണ് നടക്കേണ്ടത്. അമര്‍ജിയേയോ ആ കുതിരക്കാരനേയോ മുന്‍ പരിചയം ഇല്ല. കാട്ടില്‍ വച്ച് ഇയാള്‍ ഉപദ്രവിച്ചാല്‍ എന്ത് ചെയ്യും... സഹായത്തിന് ആരെയെങ്കിലും വിളിച്ചാല്‍ കൂടി കാട്ടിനുള്ളില്‍ ആരെത്താനാണ്.... ആകെയുള്ള സമാധാനം അമര്‍ജിക്കൊപ്പം അദ്ദേഹത്തിന്റെ മകനും ഉണ്ട് എന്നതായിരുന്നു. ആറാം ക്‌ളാസില്‍ പഠിക്കുന്ന രാഹുല്‍. ഓറഞ്ച് നിറത്തിലുള്ള വലിയ ജാക്കറ്റ് ധരിച്ചാണ് അവന്റെ നടപ്പ്. അച്ഛനും മകനും പരസ്പരം സംസാരിക്കുന്നത് പഹാഡി ഭാഷയാണ്. ഞങ്ങളോട് ഹിന്ദിയും. തലേ ദിവസം വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതിനായി മലയിറങ്ങിയതാണ് അച്ഛനും മകനും. ഞങ്ങള്‍ കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ അമര്‍ജിക്ക് വലിയ സന്തോഷം. കടല്‍ ഒക്കെയുള്ള സ്ഥലമല്ലേ എന്ന് ഞങ്ങളോട് അന്വേഷിച്ചു. അമര്‍ജി സിനിമയില്‍ അല്ലാതെ കടല്‍ നേരില്‍ കണ്ടിട്ടില്ല!!! ഞങ്ങള്‍ അദ്ദേഹത്തോട് കടലിനെക്കുറിച്ചും അദ്ദേഹം ഞങ്ങളോട് പര്‍വതങ്ങളെക്കുറിച്ചും സംസാരിച്ചുകൊണ്ടേയിരുന്നു. മൂന്നു മണിക്കൂറുകള്‍ കടന്നു പോയപ്പോഴേക്കും അമര്‍ജി ഞങ്ങളുടെ ആശങ്കകളെ അദ്ദേഹത്തിന്റെ നിഷ്‌കളങ്കമായ പുഞ്ചിരി കൊണ്ട് മായ്ച്ചു കളഞ്ഞിരുന്നു. കടലിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ അല്‍ഭുതം കൊണ്ട് വികസിച്ചു. രാഹുലിനേക്കാളും കൗതുകത്തോടെയാണ് അമര്‍ജി വിശേഷങ്ങള്‍ കേട്ടത്.
രസകരമാണ് അമര്‍ജിയുടെ കഥ. കസോളിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് അമര്‍ജി വളര്‍ന്നത്. പര്‍വതങ്ങള്‍ കയറി നടക്കാന്‍ അദ്ദേഹത്തിന് വളരെ ഇഷ്ടമായിരുന്നു. ഒരിക്കല്‍ അങ്ങനെയൊരു കറക്കത്തിനിടയില്‍ ഗ്രാഹണ്‍ ഗ്രാമത്തില്‍ എത്തിപ്പെട്ടതാണ് അദ്ദേഹം. അവിടെ വച്ച് ഗ്രാമത്തിലെ പെണ്‍കൊടിയുമായി പ്രണയത്തിലായി. വിവാഹം കഴിഞ്ഞതോടെ കൃഷിയും കാര്യങ്ങളുമായി അദ്ദേഹവും ഗ്രാഹണ്‍ ഗ്രാമക്കാരനായി.
മഴക്കാടുകളിലൂടെ നിരവധി യാത്ര നടത്തിയിട്ടുണ്ടെങ്കിലും ഹിമാലയന്‍ കാടുകള്‍ പുതിയ അനുഭവമായിരുന്നു. ആകെ അറിയാവുന്നത് പൈന്‍ മരങ്ങള്‍ മാത്രം. പേരറിയാത്ത മരങ്ങള്‍ തിങ്ങിനിറഞ്ഞ കാട്ടിനുള്ളിലൂടെ ഒരു ഒറ്റയടിപ്പാത. അരികിലൂടെ ഒരു അരുവി ഒഴുകുന്നു. ഇടയ്ക്ക് ചില പുല്‍മേടുകള്‍... പിന്നെയും പച്ചയും ഇളം മഞ്ഞയും നിറങ്ങളിലുള്ള ഇലകള്‍ കുട പിടിച്ച കാടുകള്‍... സൂര്യപ്രകാശം അരിച്ചിറങ്ങുന്ന വെളിച്ചത്തിന്റെ ഇടനാഴികള്‍ താണ്ടി ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഇടയ്ക്കല്‍പനേരം ഇരുന്ന് വിശ്രമിച്ചു. പാതി വഴി പിന്നിട്ടപ്പോള്‍ ഞങ്ങളുടെ നടത്തം പതുക്കെയെന്ന് മനസിലാക്കി വഴി കാണിച്ചു തരേണ്ട ഉത്തരവാദിത്തം രാഹുലിനെ ഏല്‍പിച്ച് അമര്‍ജി മുന്നില്‍ നടന്നു. കുത്തനെയുള്ള കയറ്റം അനായാസമായി അദ്ദേഹം കയറിപ്പോകുന്നത് കിതപ്പോടെ ഞങ്ങള്‍ നോക്കി നിന്നു. പാറയില്‍ അള്ളിപ്പിടിച്ചും നിരങ്ങിയും ഞങ്ങള്‍ മല കയറുമ്പോള്‍ മുകളിലുള്ള ഏതെങ്കിലും മരത്തില്‍ കയറി ഞങ്ങളെ നിരീക്ഷിക്കുകയാകും രാഹുല്‍. ആറരമണിക്കൂര്‍ വേണ്ടി വന്നു ഞങ്ങള്‍ക്ക് ഗ്രാമത്തില്‍ എത്തിച്ചേരാന്‍.
ഗ്രാഹണ്‍ ഗ്രാമം വേറൊരു ലോകമാണ്. അവര്‍ക്കാവശ്യമായ എല്ലാം അവര്‍ അവിടെ തന്നെ കൃഷി ചെയ്തുണ്ടാക്കുന്നു. എല്ലാ വീട്ടിലും ഉണ്ട് കമ്പിളിതുണി നെയ്യാനുള്ള തറികള്‍. മഞ്ഞുകാലത്തേക്ക് ആവശ്യമായ ധാന്യങ്ങളും മറ്റും ശേഖരിച്ചു വയ്ക്കാനുള്ള സൗകര്യവും ഓരോ വീട്ടിലുമുണ്ട്. ഒരു എല്‍.പി സ്‌കൂളും ക്ഷേത്രവുമാണ് ഗ്രാമത്തിലെ ആകെയുള്ള വലിയ കെട്ടിടങ്ങള്‍. തദ്ദേശീയമായി നിര്‍മിച്ചവയാണ് എല്ലാ വീടുകളും. മണ്ണ്, മരം, കല്ല്, പുല്ല് എന്നിങ്ങനെ അവിടെ ലഭ്യമായ വസ്തുക്കള്‍ കൊണ്ടാണ് നിര്‍മ്മാണം.
യൂത്ത് ഹോസറ്റല്‍ സംഘടിപ്പിക്കുന്ന ട്രക്കിംഗിനായി വരുന്നവരൊഴിച്ചാല്‍ ഗ്രാഹണ്‍ ഗ്രാമത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. അതുകൊണ്ടു തന്നെ ഗ്രാമത്തിലേക്ക് കടന്നതും എല്ലാവരും ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് നമസ്‌തേ പറഞ്ഞുകൊണ്ടിരുന്നു. രാഹുല്‍ ആകട്ടെ 'പരിഷ്‌കാരി'കളായ രണ്ടു പെണ്‍കുട്ടികളുടെ സ്വന്തം ആളെന്ന നിലയില്‍ അഭിമാനത്തോടെ മുന്നില്‍ നടന്ന് കാര്യങ്ങള്‍ അന്വേഷിക്കാന്‍ വന്നവര്‍ക്കൊക്കെ മറുപടിയും കൊടുത്ത് മുന്നേറി. തണുപ്പും വിശപ്പും കൊണ്ട് ഞങ്ങള്‍ ഏതാണ്ട് അവശനിലയില്‍ ആയിരുന്നു. ഞങ്ങള്‍ക്ക് താമസിക്കാന്‍ ഗ്രാമത്തിലെ ഒരു ഗസ്റ്റ് ഹൗസും അവിടെ തന്നെ ഭക്ഷണവും ശരിയാക്കിയിട്ടുണ്ടെന്ന് അപ്പോഴാണ് രാഹുല്‍ പറയുന്നത്. ഒരു അരുവിക്കപ്പുറം വലിയൊരു പുല്‍മേടിന് നടുവില്‍ നില്‍ക്കുന്ന ഗസ്റ്റ് ഹൗസ് ചൂണ്ടിക്കാട്ടി അവിടെയാണ് നിങ്ങള്‍ക്ക് താമസം ഒരുക്കിയിരിക്കുന്നതെന്ന് പറഞ്ഞ് രാഹുല്‍ താഴേക്കുള്ള വഴിയിലെങ്ങോ ഓടി മറഞ്ഞു. വഴി കാണിച്ചു തന്നതിന് 1000 രൂപ നല്‍കാമെന്ന് പറഞ്ഞത് അതുവരേയും കൊടുത്തിരുന്നില്ല. രാഹുലിനെ വിളിച്ചിട്ട് അവന്‍ നിന്നതുമില്ല. അവസാനം അമര്‍ജിയുടെ വീടന്വേഷിച്ച് പിടിച്ച് ഞങ്ങള്‍ അവിടെയെത്തി. എന്നാല്‍ പണം സ്വീകരിക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. സുഹൃത്തുക്കളില്‍ നിന്ന് പണം വാങ്ങുന്നത് ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. കേടായ പല്ലുകള്‍ കാട്ടി പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം കൈകള്‍ കൂപ്പി.
കാഴ്ചയുടെയും ചിന്തയും മുന്‍വിധികള്‍ നിരത്തി മനുഷ്യരെ സംശയത്തോടെ വീക്ഷിക്കുന്ന പരിഷ്‌കൃത മനസിന്റെ അഹന്തകളും അരക്ഷിതാവസ്ഥകളും ആ പുഞ്ചിരിക്കു മുന്നില്‍ വീണുടയുന്നതായി തോന്നി. മതിലുകളും അതിരുകളും തിരിക്കാത്ത തുറന്ന മനസുകളുള്ള അവരുടെ സ്വര്‍ഗത്തിലേക്ക് ഒരു ദിവസത്തേക്കെങ്കിലും അതിഥികളാകാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യമായിരുന്നു അപ്പോള്‍ മനസ് മുഴുവന്‍.

Friday, August 23, 2013

ലേഡീസ് കമ്പാർട്ട്മെന്റ്

എല്ലാ കമ്പാർട്ട്മെന്റിലും തിരക്കായതിനാൽ ഒഴിഞ്ഞ സീറ്റ് തേടിയുള്ള എന്റെ അന്വേഷണം അവസാനിച്ചത് തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റിയിലെ ലേഡീസ് കമ്പാർട്ട്മെന്റിൽ ആയിരുന്നു. ഞായറാഴ്ച ആയിരുന്നതുകൊണ്ട്ടാവാം തീരെ തിരക്കുണ്ടായിരുന്നില്ല. കോയമ്പത്തൂർ നിന്ന് ടി-ഗാർഡനിൽ കേറുമ്പോഴും മിക്കവാറും ഞാൻ കയറാൻ ഇഷ്ടപ്പെടുന്നതും ലേഡീസ് കമ്പാർട്ട്മെന്റിൽ തന്നെ. ഇതൊരു വേറെ ലോകമാണെന്ന് തോന്നിയിട്ടില്ല. എങ്കിലും ഈ ഇടതിന് ചില പ്രത്യേകതകൾ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സ്ത്രീകൾ പരസ്പരം, ഉറക്കെ ഒരുപാട് കാര്യങ്ങൾ സംസാരിക്കുന്ന കാഴ്ച ലേഡീസ്  കമ്പാർട്ട്മെന്റുകളുടെ മാത്രം പ്രത്യേകതയാണ്. ജെനറൽ കമ്പാർട്ട്മെന്റുകളിൽ ഇത്തരം സംഭാഷണങ്ങൾ നടന്നു കൂടായ്കയില്ല എന്നതല്ല ഞാൻ ഉദ്ദേശിച്ചത്. മറിച്ച് ലേഡീസ് കമ്പാർട്ട്മെന്റ് അൽപം  കൂടി സ്വകാര്യത സ്ത്രീകൾക്ക് നൽകുന്നുണ്ട്. അതുകൊണ്ടാവാം, ഇവിടെ ഉറക്കെ സ്ത്രീകൾ അവരുടെ വിശേഷങ്ങൾ പറയുന്നു. ആകുലതകൾ  പങ്കു വയ്ക്കുന്നു.
ഒന്നും മിണ്ടാതെ ഇരുന്ന് ശ്രദ്ധിച്ചാൽ രസകരമാണ് ഈ സംഭാഷണങ്ങൾ ഒക്കെ... ടി-ഗാർഡനിൽ പുലർകാലത്ത്‌ പാലക്കാടും ഏറണാകുളത്തും പൂക്കൾ വിൽക്കാനെത്തുന്ന തമിഴ് സ്ത്രീകളുടെ പാതി മാത്രം മനസ്സിലാകുന്ന ജീവിത വിശേഷങ്ങൾ ആണ് കാതോർക്കാൻ കഴിഞ്ഞിരുന്നതെങ്കിൽ തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റിയിൽ വിശേഷങ്ങൾക്ക് ഒരു കൃഷ്ണമണം ഉണ്ട്. ടി-ഗാർഡൻ ഒരു രാവിൽ തുടങ്ങി അടുത്ത പുലർച്ചയിൽ കിതചെത്തുമ്പോൾ ഇന്റർസിറ്റി ഒരു സന്ധ്യയിൽ നിന്ന് പാതിരാവിലേക്ക് കൂകിപ്പായുന്നു.......  ഒന്നിന് പൂക്കളുടെ മണം ആണെങ്കിൽ മറ്റൊന്നിന് ഭക്തിയുടെ കർപ്പൂരഗന്ധം ...

കേരളത്തിലെ സ്ത്രീകൾ വല്ലാത്തൊരു അസുരക്ഷിതാവസ്ഥയെ കുറിച്ച് വേവലാതി പെടുന്നത് മിക്കപ്പോഴും ഇത്തരം ട്രെയിൻ സംഭാഷണങ്ങളിൽ കേൾക്കാറുണ്ട്. പ്രത്യേകിച്ചും  സൌമ്യ സംഭവത്തിന്‌ ശേഷം ... ലേഡീസ് കമ്പാർട്ട്മെന്റിൽ ആളോഴിയുമ്പോൾ, ഇറങ്ങേണ്ട സ്റ്റേഷൻ ഇനിയും ദൂരെയാണെങ്കിൽ, വാതിലുകൾ അടച്ചോ എന്ന് ഉറപ്പു വരുത്താൻ ഇറങ്ങി പോകുന്ന ചേച്ചിമാർ പലപ്പോഴും ശ്രദ്ധിക്കാറുണ്ട് ... അത്രയും നേരം സംസാരിച്ചില്ലെങ്കിൽ പോലും ഈ കാര്യം സംസാരിക്കാൻ ഒരു പ്രത്യേക കരുതൽ കാണിക്കാറുണ്ട് ... രാത്രിയിലുള്ള യാത്ര ആണെങ്കിൽ ഉറക്കത്തിൽ പോലും ഒരു ജാഗ്രത ഉണ്ടാകും ...  എല്ലാം മറന്നുകൊണ്ടുള്ള ഉറക്കം വളരെ അപൂർവം .... ഞാൻ പലപ്പോഴും രാത്രി ജോലി ചെയ്യുന്നതുകൊണ്ട് യാത്രയിൽ ഉറക്കം സ്ഥിരമാണ് .... അതിനു പകലോ രാത്രിയോ എന്നില്ല .... ഞാൻ ഇങ്ങനെ ഉറങ്ങുന്നത് കാണുമ്പോൾ ലേഡീസ് കമ്പാർട്ട്മെന്റിലെ മറ്റു യാത്രക്കാർ എന്നെ ഗുണദോഷിക്കുന്നത് പതിവാണ്. എന്നാൽ കേരളത്തിന്‌ പുറത്തുള്ള യാത്രകളിൽ എന്റെ അനുഭവം മറിച്ചാണ് ... രാത്രിയാണ് യാത്രയെങ്കിൽ ലേഡീസ് കമ്പാർട്ട്മെന്റിൽ തൊട്ടിലുകൾ തൂങ്ങിയാടും .... വെറും നിലത്തും, പേപ്പർ വിരിച്ചും സ്വസ്ഥമായി സ്ത്രീകൾ കിടന്നുറങ്ങും. പലപ്പോഴും അവരെയൊക്കെ കൃത്യ സ്റ്റേഷനുകൾ എത്തുമ്പോൾ വിളിച്ച് എഴുന്നേല്പ്പിക്കാൻ ഉള്ള ഉത്തരവാദിത്തം ഒരൽപം ഭയപ്പാടോടെ കണ്ണ് മിഴിച്ചിരിക്കുന്ന മലയാളികൾക്ക് ആയിരിക്കും. അവർ ജീവിക്കുന്ന ചുറ്റുപാട് എപ്പോഴും അരക്ഷിതമായി തുടരുന്നത് കൊണ്ടാവാം
 അവർക്ക് ഇതൊക്കെ ശീലമായത് എന്നൊക്കെ ഞാൻ ചിന്തിച്ചു പോകാറുണ്ട് .... എങ്കിലും അവരുടെ കണ്ണുകളിൽ വല്ലാത്തൊരു ധൈര്യം തിളങ്ങുന്നത് കാണാം... നക്ഷത്രങ്ങൾ ഒളിച്ചിരിക്കുന്നിടത്ത് മിന്നാമിനുങ്ങുകൾക്ക് മിന്നാതിരിക്കാനാവില്ലല്ലോ !!!   

Thursday, October 4, 2012

ഉള്ളില്‍ ചില മരങ്ങള്‍ പെയ്യുന്നു



Painting: Vincent van Gogh

പള്ളിമുറ്റത്ത്, ആകാശത്തിന്റെ അനന്തതയിലേക്കും ഭൂമിയുടെ ആഴങ്ങളിലേക്കും കയ്യും മെയ്യും വിരിച്ച് നിന്നിരുന്ന സന്യാസിമരമാണ് അതിരുകളില്ലാത്ത ആകാശത്തെ കാട്ടി ആദ്യം മോഹിപ്പിക്കുന്നത്. മഞ്ഞപ്പൂക്കള്‍ പക്ഷികളെപ്പോലെ വന്നിരുന്ന അതിന്റെ ശിഖരങ്ങള്‍ക്കിടയിലൂടെ ഇടയ്ക്കിടെ നിറം മാറുന്ന ആകാശത്തെ നോക്കി ഞാന്‍ കൊതിച്ചു. ഭൂമിയുടെ താഴ്ചയ്ക്കും ആകാശത്തിന്റെ പരപ്പിനും ഇടയില്‍ ധ്യാനനിമഗ്നനായി നില്‍ക്കുന്ന ഈ സന്യാസിമരത്തിനല്ലാതെ മറ്റാര്‍ക്കാണ് ജീവന്റെ ആഴവും പരപ്പും പറഞ്ഞ് കൊടുക്കാനാകുക?
അതുകൊണ്ടാവണം അറിവ് പകരുന്ന ഇടങ്ങളിലെല്ലാം പണ്ടുള്ളവര്‍ മരങ്ങള്‍ നട്ടു പിടിപ്പിച്ചത്. ഓരോ കുരുന്നും അറിവിലേക്ക് കൌതുകക്കണ്ണോടെ കയറിച്ചെല്ലേണ്ടത് എല്ലാമറിയുന്ന ഈ ‘ബോധി’ വൃക്ഷങ്ങളുടെ തണല്‍ പറ്റിയാകണം. ഓരോ കുഞ്ഞിനും സ്വയം ഇറക്കിവെക്കാനുള്ള കനിവിന്റെ ഇത്തിരി അലിവിടമെങ്കിലും അവിടെ ഉണ്ടായിരിക്കണം.
അതിനാലാവണം, കുഞ്ഞു സങ്കടങ്ങള്‍ ഉള്ളു കയറി വരുമ്പോള്‍ ഞാനും കുന്നു കയറി സന്യാസി മരത്തിനടുത്തെത്തിയത്. സങ്കടത്താല്‍ ഉരുകിയത്. അപ്പോഴൊക്കെയും, ഭൂമിയുടെ ഉള്ളറകളില്‍ നിന്ന് വലിച്ചെടുത്ത അഭയത്തിന്റെ ഒരു കാറ്റല മരത്തണുപ്പിന്റെ ഇഴകളോടെ എന്റെ നെറുകയില്‍ തട്ടിത്തൂവുമായിരുന്നു. വലിയ വലിയ സന്തോഷങ്ങളുടെ നിറവെയിലിലും ഞാനവിടെ ചെല്ലാറുണ്ട്. അന്നേരവുമെത്തും സന്യാസമരത്തിന്റെ സാന്ത്വനക്കൈ. മഞ്ഞപ്പൂക്കള്‍ നിറഞ്ഞ ശിഖരം ഇലചാര്‍ത്തു കുലുക്കി എന്റെ സന്തോഷത്തിലേക്ക് ചേര്‍ന്നു നില്‍ക്കും.

 ഒപ്പമുണ്ടായിരുന്നു മരത്തഴപ്പ്
മരങ്ങള്‍ക്ക് ജീവനുണ്ടെന്നും നാം പറയുന്നതൊക്കെ അവര്‍ മനസ്സിലാക്കുമെന്നും ക്ലാസ്സിലൊരുനാള്‍ സോഫിയാമ്മ ടീച്ചര്‍ പറഞ്ഞു. കണ്ണ് മിഴിച്ചിരുന്ന ഒരു മുഴുവന്‍ ക്ലാസിനെയും നോക്കി എന്നെ അറിയുന്ന, ഞാനറിയുന്ന മരങ്ങളെ കുറിച്ച് പറയാന്‍ വാക്കുകള്‍ കുതിച്ചുയര്‍ന്നതാണ്. അവര്‍ കളിയാക്കുമോ എന്ന കരുതല്‍ ആ പുറപ്പെടാ വാക്കുകള്‍ക്കു മേല്‍ മൌനം കമിഴ്ത്തി.
ഉച്ചരിക്കപ്പെട്ടില്ലെങ്കിലും ആ വാക്കുകള്‍ സത്യമായിരുന്നു. വീട്ടിലെ ഒരുമാതിരി ചെടികളും മരങ്ങളുമെല്ലാം എന്നെ കേട്ടിരുന്നു. ഉരിയാടിയിരുന്നു. ഞാനും മരങ്ങള്‍ക്കിടയില്‍ കേട്ടും പറഞ്ഞും ബാല്യം നടന്നു തീര്‍ത്തു. കളിച്ചു നടന്നു. അമ്മയുമുണ്ടായിരുന്നു മരങ്ങളോടുള്ള ചാര്‍ച്ചയില്‍ എനിക്കൊപ്പം.
പറമ്പിന്റെ വടക്കേ അറ്റത്തുള്ള പ്ലാവില്‍ ചക്ക പിടിക്കാതെ വന്നു. ഉപായം പറഞ്ഞു തന്നത് അമ്മയാണ്. വാക്കത്തി എടുത്ത് മരത്തിന്റെ പുറത്തേക്കുന്തി നില്‍ക്കുന്ന വേരില്‍ മെല്ലെ വെട്ടി, ഭീഷണി മുഴക്കി- “വേഗം ചക്ക പിടിപ്പിച്ചോ… അല്ലെങ്കില്‍ അപ്പച്ചന്‍ ഗള്‍ഫില്‍ നിന്ന് വരുമ്പോ വെട്ടി അടുപ്പില്‍ വയ്ക്കും”. ഭീഷണി ഫലിച്ചോ എന്നുറപ്പില്ലെങ്കിലും അതിനടുത്ത വര്‍ഷം ആ പ്ലാവില്‍ ചക്കകളേറെ തെഴുത്തു. അമ്മക്കൊപ്പം അതിന്റെ ചോട്ടില്‍ പോയി പിന്നെയും പറഞ്ഞു ചിരിച്ചു: “അപ്പൊ നിനക്ക് പേടിയുണ്ടല്ലേ’ . ചിരിക്കരുത്, അതു കൊണ്ട് തന്നെയാവണം അതില്‍ പിന്നെ, എല്ലാ വര്‍ഷവും ആ പ്ലാവ് മറക്കാതെ കായ്ച്ചത്.


നക്ഷത്രത്തിന് ഒരു കാറ്റാടി വഴി
അകലെ നിന്ന് നോക്കിയാല്‍ കാണാവുന്ന വലിയൊരു കാറ്റാടി മരമായിരുന്നു വീടിന്റെ അടയാളം. കടല്‍ തീരത്ത് നിന്ന് ആ മരം ആരാണ് അവിടെ നട്ടതെന്ന് ആര്‍ക്കുമറിയില്ല. നാട്ടില്‍ മറ്റെവിടെയും ഇത്ര വലിയ കാറ്റാടി മരവുമില്ല. ഓണക്കാലത്ത്, കാറ്റാടിയില പറിക്കാന്‍ ദൂരെ നിന്ന് കുട്ടികളെത്തുമായിരുന്നു. “ആ വലിയ കാറ്റാടി മരമുള്ള വീട്ടിലെ കുട്ടി” എന്ന പരിചയപ്പെടുത്തലില്‍ ഞാനും കാറ്റാടിയോളം പൊങ്ങും. അതിന്റെ കൊലുന്നനെയുള്ള ഇലകള്‍ പൊട്ടിച്ചും ചേര്‍ത്ത് വച്ചും മണിക്കൂറുകളോളം മുറ്റത്തിരുന്നു ഞാന്‍ കാറ്റിലാടി.ക്രിസ്മസ്സിന്, ആ കാറ്റാടി മരത്തിന്റെ തുഞ്ചത്തായിരുന്നു ഞങ്ങളുടെ ചുവന്ന നക്ഷത്രം ഇറങ്ങിനിന്നത്. അമ്മയും ചേച്ചിമാരുമൊക്കെ കോണി വച്ച് കേറി, തുഞ്ചത്ത് നക്ഷത്രം തൂക്കുമ്പോള്‍ സ്നേഹത്തോടെ ചില്ലകള്‍ താഴ്ത്തി തരും, കാറ്റാടി . അതിന്റെ പരുപരുത്ത തോട് കെട്ടിപ്പിടിച്ച് വളര്‍ന്നിരുന്ന നന്ത്യാര്‍വട്ടം അന്നേരമൊന്നു ചിണുങ്ങും. ഇഷ്ടമല്ലായിരുന്നു എനിക്കാ നന്ത്യാര്‍വട്ടത്തെ. കാറ്റാടിയുമായി എന്നേക്കാള്‍ അടുത്താണല്ലോ അതെന്നോര്‍ത്ത് ഞാന്‍ കുശുമ്പിയായി.
ഒരു നാള്‍ സ്കൂള്‍ വിട്ട് വന്നപ്പോള്‍ മുറ്റത്ത് കാറ്റാടിയില്ല. ബാഗ് പോലും ഇറക്കി വയ്ക്കാതെ, ഞാനോടിച്ചെന്ന് അന്വേഷിച്ചു, എന്തു പറ്റി എന്റെ മരത്തിന്. ഇത്തിരി നേരത്തിനകം ആരും പറയാതെ തന്നെ, സംഗതി വ്യക്തമായി. അയലത്ത് ജോയേട്ടന്റെ കല്യാണം ആണ്. അതിനു പന്തല്‍ ഇടുന്നത് ഞങ്ങളുടെ മുറ്റത്തും. അതിനു വേണ്ടിയാണ് ഈ മരം മുറിക്കല്‍ പരിപാടി. മുറ്റത്തിന്റെ ഒരറ്റത്ത് ഒതുങ്ങി നിന്ന പാവം കാറ്റാടി പന്തലിന് തടസ്സമായതെങ്ങിനെ എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല.
“അത് പോട്ടെ… നമുക്ക് വേറെ മരം നടാം” എന്നിങ്ങനെ ആശ്വാസ വാക്കുകള്‍ ഏറെ വന്നു. എന്നിട്ടും, എന്‍റെ കുഞ്ഞുമനസ്സിലെ സങ്കടം കുറഞ്ഞില്ല.
ആകാശത്തോളം തലയെടുപ്പുള്ള എന്റെ കാറ്റാടിയാണ്, ഇപ്പോള്‍ ഒരൊറ്റ മുറിപ്പാടായി മണ്ണില്‍ ചേര്‍ന്നത്. ഉറ്റവരാരോ മരിച്ചപോലെ തോന്നി. മുറ്റത്ത് വെട്ടിയിട്ട അതിന്റെ ചില്ലകള്‍ കണ്ടപ്പോള്‍ കണ്ണു നിറഞ്ഞു. ആഴമുള്ളൊരു വിലാപം എന്റെ തൊട്ടടുത്തുണ്ടായിരുന്നു. എന്നും ഞാനസൂയപ്പെടാറുള്ള നന്ത്യാര്‍ വട്ടം. മരണം ബാക്കിയാക്കിയ കാറ്റാടിയുടെ കുറ്റിയെ കെട്ടിപ്പിടിച്ച് ഒച്ചയില്ലാതെ കരയുന്ന നന്ത്യാര്‍വട്ടം എന്റെ വിലാപത്തെ കാറ്റില്‍ പറത്തിക്കളഞ്ഞു.


Painting: Sascalia

 ഞാന്‍ പേരിട്ട മരങ്ങള്‍
മരങ്ങളുടെ കഥകളും വിശേഷങ്ങളും കൊണ്ടായിരുന്നു, കൊരനോടി കുന്നിറങ്ങി വല്യമ്മച്ചിയുടെ വരവ്. വല്യമ്മച്ചിയുടെ പറമ്പ് നിറയെ മരങ്ങളാണ്. ആകെയുള്ള മകളെ പതിനെട്ടാം വയസ്സില്‍ കെട്ടിച്ചയച്ച ശേഷം വല്യമ്മച്ചിക്കും വല്യപ്പച്ചനും കൂട്ട് മരങ്ങള്‍ മാത്രമാണ്. ‘വട്ടം പിടിച്ചാല്‍ എത്താത്ത അത്ര തടിയുള്ള മരങ്ങളുള്ള പറമ്പായിരുന്നു’ എന്ന് പറഞ്ഞ് വല്യമ്മച്ചി കഥ തുടങ്ങും. കണ്ണു മിഴിച്ച്, കാതു കൂര്‍പ്പിച്ച് ഞാനടുത്തിരിക്കും. കുഞ്ഞിക്കൈ കൊണ്ട് വല്യമ്മച്ചിയുടെ പറമ്പിലെ ‘ആനമന്തക്കാച്ചി’ മരത്തെ വട്ടം പിടിക്കാന്‍ നോക്കും.
അവധി ദിവസങ്ങളില്‍ വല്യമ്മച്ചിയുടെ വീട്ടിലാവും. നട്ടുച്ചക്കും വെയില്‍ വീഴാന്‍ മടിക്കുന്ന മുറ്റത്തിരുന്ന് പറമ്പിലെ മരങ്ങളുടെ പേര് ഓര്‍ക്കാന്‍ ശ്രമിക്കും. നടക്കില്ല. അറിയാത്ത മരങ്ങള്‍ പേരറിയാത്ത എന്നെ പുച്ഛിച്ച് കണ്ണിറുക്കും. ആഹാ, കാണിച്ചു തരാമെന്ന് പറഞ്ഞ് ഞാനാ തീരുമാനത്തിലെത്തും. ഓരോ മരത്തിനും ഞാനിടും പേര്. എന്റെ മരം. എന്റെ സ്വന്തം പേര്. എനിക്കു പേരിടാന്‍ ഇതാ ഒരു ഏദന്‍ തോട്ടം .
സ്കൂളില്‍ പോകുന്ന വഴി തോട് കടന്ന്, പാടം കടന്ന്, റബ്ബര്‍ തോട്ടവും കഴിഞ്ഞുള്ള വളവില്‍ നിന്ന പുളിമരമായിരുന്നു എന്റെ മറ്റൊരു കൂട്ട്. കായ്ച്ച മരമെങ്കില്‍ , വിശപ്പോടെ ചോദിച്ചാല്‍ അതു വയറു നിറക്കാന്‍ വല്ലതും തരുമെന്ന് പറഞ്ഞുതന്നത് അമ്മയായിരുന്നു. അത് സത്യമാണോ എന്നറിയാന്‍ ഒരിക്കല്‍ ഞാനൊരു പരീക്ഷണം നടത്തി. സ്കൂളിലേക്ക് പോകുന്ന വഴി പുളിമരത്തിന്റെ ചോട്ടിലെത്തിയപ്പോള്‍ ആരും കാണാതെ പുളിമരത്തെ നോക്കി പറഞ്ഞു. ‘ നോക്ക്, ചതിക്കരുത്. സ്കൂള്‍ വിട്ട് വിശന്നു വരുമ്പോള്‍ കഴിക്കാന്‍ ഒരു പുളിയെങ്കിലും തരണം’. പെട്ടെന്നെത്തിയ കാറ്റില്‍ മരം തല കുലുക്കി. വാക്കു തെറ്റിച്ചില്ല, അത്. ആ പരീക്ഷാക്കാലം കഴിയുന്നത് വരെ ഞാനും രേഖക്കുട്ടിയും സ്കൂള്‍ വിട്ട് വരുമ്പോള്‍ ഞങ്ങള്‍ക്ക് കഴിക്കാന്‍ പാകത്തിന് കൃത്യം രണ്ട് പുളി, വണ്ടി കേറാതെ, വഴിപോക്കരൊന്നും ചവുട്ടാതെ അവിടെ കാത്തു കിടന്നു. സ്കൂള്‍ യാത്രയുടെ രഹസ്യ വിശേഷങ്ങളില്‍ ഒന്ന് നാല് മണിക്കുള്ള ഈ പുളി പെറുക്കലും കഴിക്കലും ആയിരുന്നു.


Painting: Vincent van Gogh

 മരണം കാതോര്‍ത്ത് ചില ഇലയനക്കങ്ങള്‍
നാട്ടുമരങ്ങളും കാട്ടുമരങ്ങളും കടന്ന് നഗരങ്ങളിലെ മരങ്ങളോട് പ്രണയം തോന്നിത്തുടങ്ങിയത് ഡിഗ്രിപഠന കാലത്താണ്. ടൌണിലെ പബ്ലിക് ലൈബ്രറിയില്‍ അംഗത്വം എടുത്തപ്പോള്‍ ചെന്നെത്തിയത് മരങ്ങള്‍ക്കരികിലേക്കാണ്. അമ്മയും വല്യമ്മമാരുമൊക്കെ വിറകിനു പോയിരുന്ന കാട്ടിലെ മരങ്ങളുടെ വന്യതയോ, സ്കൂള്‍ മുറ്റത്തെ സിമന്റ് തിണ്ണയില്‍ കുട പിടിച്ച് നിന്ന മുത്തശ്ശി മാവിന്റെ വാത്സല്യമോ ആയിരുന്നില്ല നഗരചൂടില്‍ അരിശത്തോടെ നിന്ന മരങ്ങള്‍ക്ക്. കൂട്ടം തെറ്റി ഒറ്റപ്പെട്ടു പോയതിന്റെ ദൈന്യതയും ഭയപ്പാടും ഒറ്റനോട്ടത്തില്‍ അവര്‍ പറഞ്ഞു വച്ചു. ഒരു പാതയിരട്ടിക്കലോ, കെട്ടിടമുയരലോ മാത്രം മതി ഇല്ലാതാവാന്‍ എന്ന് അവയ്ക്കും അറിയുമായിരുന്നു എന്നു തോന്നി.
തൃശൂര്‍ ടൌണില്‍ വന്നിറങ്ങിയാല്‍, നേരെ കര പറ്റുന്ന ഒരിടമേ ഉള്ളു. സാഹിത്യ അക്കാദമി കാമ്പസ്. ഒറ്റക്കും കൂട്ടമായും അവിടെ ഉണ്ടാകാറുള്ള ചങ്ങാതിമാരുടെ സൌഹൃദത്തിന്റെ ഊഷ്മളത മാത്രമല്ല അങ്ങോട്ടേക്ക് വലിച്ചടുപ്പിച്ചത്. ആ കുഞ്ഞു വളപ്പിനുള്ളില്‍ കുട പിടിച്ച് നില്‍ക്കുന്ന പല മരങ്ങളുടെ പച്ചയനക്കങ്ങളും ആശ്രയവും കൂടിയാണ്. അരമതില്‍ കെട്ടി നിറുത്തിയ ഇത്തിരി ഭൂമിക്ക് ഒരു കാവിന്റെ ഹൃദയമിടിപ്പുണ്ട്. ചവുട്ടി നില്‍ക്കുന്ന കരിയിലപ്പുതപ്പിനടിയില്‍ നൂറുകോടി ജീവാണുക്കളുണ്ട്. ഹൃദയം തുറന്ന് പാടുന്ന കവിതയ്ക്ക് താളം പിടിക്കാന്‍ കാറ്റലയുടെ ചിരിയുണ്ട്.


Painting: Frida Kahlo

 പെണ്‍മരം
ഒരിക്കല്‍, പ്രണയത്തിന്റെ ഒറ്റവരിപ്പാതയില്‍ ആഴത്തില്‍ തനിച്ചായപ്പോള്‍ ആരും കാണാതെ ഇങ്ങോട്ടേക്ക് വന്നു. ഉള്ളിലെ എല്ലാ ശൂന്യതകളും ഒന്നിച്ചു വന്നു നിറഞ്ഞപ്പോള്‍ ആ മരത്തണലിലിരുന്ന് പെയ്തു. കണ്ണീരിന്റെ ഇടവപ്പാതിയെ ഒട്ടും വൈകാതെ ഒരു കാറ്റെടുത്തു പോയി. അറ്റമില്ലാത്ത വേനല്‍ പോലെ തോന്നിച്ച ആ നാളുകളില്‍ കാലുവെയ്ക്കുന്നിടത്തെല്ലാം മരങ്ങള്‍ തണലു നീട്ടി. സ്വയം പകര്‍ത്തിയതു പോലെ ഒപ്പം നടന്നൊരു കൂട്ടുകാരിയെ ക്യാന്‍സര്‍ കവര്‍ന്നപ്പോള്‍ ഒറ്റനിമിഷം കൊണ്ട് തോര്‍ന്നു പോയതും ഇവിടെയായിരുന്നു.
എങ്ങു നിന്നൊക്കെയോ വന്ന് നമ്മെ ഹൃദയത്തിന്റെ ഭാഗമായി മാറ്റുന്ന സൌഹൃദപ്പച്ച പോലെ എന്നുമുണ്ടായിരുന്നു വഴികളിലെല്ലാം പേരറിയാത്ത മരങ്ങള്‍. ഒറ്റനോട്ടത്തില്‍ കൂട്ടുകൂടുന്ന പല തരം ചെടികള്‍. ഏതു വെയിലിലും ആശ്രയമായി തണലിന്റെ ഇത്തിരിയിടം. ഏതു മഴയത്തും കേറി നില്‍ക്കാനൊരിടം. ചിലപ്പോള്‍ തോന്നും മരമേ, എനിക്കുമാവണം നിന്നെപ്പോലൊരു തണല്‍. ഓരോ പൂവും നിറഞ്ഞു ചിരിക്കുന്നൊരു പെണ്‍മരം. വേരുകള്‍ കൊണ്ടു ഭൂമിയെ പുണരുന്ന, പച്ചിലകളാല്‍ ആകാശത്തെ സ്പര്‍ശിക്കുന്ന, ഉള്‍ക്കാമ്പുള്ള ഒരു പെണ്‍മരം!

('നാലാമിട' ത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പ്)

Monday, May 28, 2012

തല്‍ക്കാലം വച്ചോളു... പക്ഷെ, തിരിച്ചു തരണം

തലേ ദിവസത്തെ സെക്കണ്ട് ഷോയുടെയും കത്തിവക്കലിന്റെയും ക്ഷീണത്തില്‍ തിങ്കളാഴ്ച ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ സമയം ഏഴായി. കാലത്ത് ആറു മണിക്ക് എണീറ്റ്‌ ആറരക്കുള്ള കോയമ്പത്തൂര്‍ ബസ്സില്‍ കയറി പോകണം എന്ന് കരുതിയിരുന്നതാ... ഒന്നും നടന്നില്ല. ഇനിയിപ്പോള്‍ കിട്ടുന്ന വണ്ടിക്കു പോകാം എന്ന് കരുതി ഒരു വിധം കണ്ണ് തുറന്നു എഴുന്നേല്‍ക്കാന്‍ നോക്കുമ്പോഴുണ്ട്‌ നമ്മുടെ കൂട്ടുകാരന്‍ കുളിച്ചു സുന്ദരന്‍ ആയി, ഒരു കട്ടന്‍ ഒക്കെ ഇട്ടു മുന്നില്‍ വന്നു നില്‍ക്കുന്നു. കൂട്ടുകാരായാല്‍ ഇങ്ങനെ വേണം... എന്തൊരു സ്നേഹം!!! പാകത്തിന് മധുരത്തോടും ചൂടോടും കൂടെയെത്തിയ ആ 'കട്ടന്‍' സ്നേഹം ഞാന്‍ ഒറ്റ വലിക്കു കുടിച്ചു തീര്‍ത്തു. അത്യാവശ്യം കത്തി വക്കലുകള്‍ക്ക് ശേഷം ഞങ്ങള്‍ എല്ലാവരും റെഡി ആയി പുറത്തേക്കിറങ്ങി. അടുത്ത് കണ്ട കടയില്‍ കയറി ചായയും ദോശയും കഴിച്ച് ഞങ്ങള്‍ അവരവരുടെ വഴിക്ക് പിരിഞ്ഞു. എനിക്കും ശ്യാമിനും ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡില്‍ പോകേണ്ടത് കൊണ്ട് ഞങ്ങള്‍ അങ്ങോട്ടേക്ക് വച്ചടിച്ചു.
സ്റ്റാന്‍ഡിന്റെ ഒരറ്റത്ത് ഒളിച്ചു കിടന്നിരുന്ന   കോയമ്പത്തൂര്‍ക്കുള്ള    പച്ച ബസ്സില്‍ എന്നെ കയറ്റി ഇരുത്തി റ്റാറ്റാ പറഞ്ഞ്, മറ്റേ അറ്റത്ത്‌ നിറുത്തിയിട്ടിരുന്ന കോട്ടയം ബസ്സില്‍ കയറിപ്പറ്റാന്‍ ശ്യാം തിടുക്കത്തില്‍ നടന്നു  പോകുമ്പോള്‍ സമയം ഒന്‍പത് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. .  വിചാരിച്ചതിലും നേരത്തെ ബസ്‌ കിട്ടിയതിന്റെ സന്തോഷതിലായിരുന്നത് കൊണ്ടും,  വേറെ ഒറ്റ സീറ്റും ഫ്രീ അല്ലാത്തത് കൊണ്ടും ഞാന്‍ അധികം ഒന്നും ആലോചിക്കാതെ ഡ്രൈവറിന്റെ ഇടതു വശത്തുള്ള ഒറ്റ സീറ്റില്‍ ഇരുന്നു.
 ചുറ്റും ഒന്ന് കണ്ണോടിച്ച്, എല്ലാ യാത്രക്കാരെയൊക്കെ നോക്കി, അതില്‍ ചിലര്‍ക്ക് ഒരു പുഞ്ചിരിയും കൊടുത്ത് ഞാനെന്‍റെ സീറ്റില്‍  ചാരി ഇരുന്നു. അപ്പോഴാണ്‌ എനിക്കാ ബോധോദയം ഉണ്ടായത്. തലേ ദിവസത്തെ ചുറ്റിക്കറങ്ങലുകള്‍ക്ക് ശേഷം പേഴ്സില്‍ ബാക്കി എത്രയുണ്ടെന്ന് നോക്കിയില്ല. കാലത്ത് എ ടി എമ്മില്‍ നിന്ന് കാശ് എടുക്കണം എന്ന് കരുതിയതായിരുന്നു. പക്ഷെ, തിരക്കിനിടയില്‍ മറന്നു പോയി. ഞാന്‍ വേഗം പേഴ്സ് എടുത്തു തുറന്നു നോക്കി. അതില്‍ അമ്പതു രൂപയുടെ ഒരു നോട്ട് മാത്രം. ഒന്ന് കൂടി പരതിയപ്പോള്‍ ഇരുപതിന്റെ ഒരു നോട്ട് കൂടി കണ്ടെത്തി. പക്ഷെ, കോയമ്പത്തൂര്‍ എത്താന്‍ ഇത് പോരല്ലോ! ശ്യാമിനെ വിളിക്കണോ, അതോ ബസ്സില്‍ നിന്നിറങ്ങണോ??? ആകെ കണ്ഫ്യുഷന്‍! അവസാനം, ശ്യാമിനെ വിളിക്കാന്‍ തീരുമാനിച്ചു. മൊബൈല്‍ എടുത്ത്‌ ശ്യാമിന്റെ നമ്പര്‍ ഡയല്‍ ചെയ്യാന്‍ നോക്കുമ്പോഴേക്കും, രണ്ട് വശത്ത് നിന്നും ഒരുമിച്ചു ആക്രമിക്കുന്നത് പോലെ, ഒരു വാതിലിലൂടെ കണ്ടക്റ്ററും മറ്റേ വാതിലിലൂടെ ഡ്രൈവറും ബസ്സിലേക്ക് ചാടിക്കയറി. വേണമെങ്കില്‍ ബസ്സില്‍ നിന്ന് ചാടിയി
ങ്ങാം. പക്ഷെ, ഈ ബസ്‌ പോയിക്കഴിഞ്ഞ് ഇനി അടുത്തത് എപ്പോഴാണെന്ന് ഒരു പിടിയും ഇല്ല.  അത് വരെ ഒറ്റയ്ക്ക് ബസ്‌ സ്റ്റാന്‍ഡില്‍ കുത്തിയിരിക്കുന്നത് ആലോചിക്കാനേ വയ്യ! വരുന്നത് വരട്ടെ, എന്ന് തീരുമാനിച്ച് ഞാന്‍ അവിടെ തന്നെ കുത്തിയിരുന്നു. കണ്ടക്റ്റര്‍ ബെല്ലടിച്ചു, ഡ്രൈവര്‍ വണ്ടിയെടുത്തു... ഒരു അവസാന വട്ട തിരച്ചില്‍ എന്ന നിലക്ക്, ഞാന്‍ എന്‍റെ പേഴ്സ് ഒന്ന് കൂടെ തപ്പാന്‍ തീരുമാനിച്ചു. ചില്ലറ പൈസ ഇടുന്ന കള്ളിയില്‍ കുറെ ഒറ്റ രൂപ തുട്ടുകള്‍ ഉണ്ട്. പിന്നെയുള്ളത്, കഴിഞ്ഞതിന്റെ മുന്നത്തെ വിഷുവിന് അപ്പച്ചന്‍ തന്ന പത്തിന്റെ നാണയവും അമ്മ തന്ന സ്വര്‍ണ നിറത്തിലുള്ള അഞ്ചിന്റെ രണ്ട് നാണയങ്ങളുമാണ്. എത്ര പിച്ചക്കാരി ആയാലും ഈ നാണയങ്ങള്‍ മാത്രം ഞാന്‍ തൊടില്ല. അതങ്ങനെ ഒരു അനുഗ്രഹം പോലെ എന്‍റെ കയ്യില്‍ എപ്പോഴും ഉണ്ടാകും. അപ്പോഴേക്കും നമ്മുടെ കണ്ടക്റ്റര്‍ അടുത്തെത്തി. 
"എങ്ങോട്ടെക്കാ?"
"കോയമ്പത്തൂര്‍ ... അവിടേക്ക് എത്രയാ?"
"89"
ഞാനെന്റെ കയ്യിലെ ചില്ലറ പൈസകള്‍ എടുക്കുന്നത് കണ്ടപ്പോള്‍ , ടിക്കറ്റ് തന്നിട്ട് അദ്ദേഹം അവിടെ നിന്ന് പുറകിലേക്ക് പോയി. അപ്പച്ചനും അമ്മച്ചിയും തന്ന നാണയങ്ങള്‍ കൂടി കൂട്ടിയാല്‍ എനിക്ക് ടിക്കറ്റിനുള്ള കാശായി. പക്ഷെ, അതീ ബസ്സില്‍ കൊടുക്കാന്‍ എന്‍റെ മനസ്സ് അനുവദിക്കുന്നുമില്ല. അപ്പോഴേക്കും വീണ്ടും കണ്ടക്റ്റര്‍ വന്നു. ഞാന്‍ മനസ്സില്ലാ മനസ്സോടെ കയ്യിലുള്ള എഴുപതു രൂപ അദ്ദേഹത്തിന് നേരെ നീട്ടി... ഒപ്പം ചില്ലറ പൈസകളും .... 
"അതേയ്, ഈ നാണയങ്ങള്‍ കോയമ്പത്തൂര്‍ എത്തുമ്പോള്‍ എനിക്ക് തിരിച്ചു തരോ? അവിടെ എത്തിയിട്ട്, എ ടി എമ്മില്‍ നിന്ന് കാശ് എടുത്തിട്ട് ഞാന്‍ വേറെ പൈസ തരാം... ഇത് ഞാന്‍ സൂക്ഷിച്ചു വച്ചിരുന്ന നാണയങ്ങള്‍ ആയതോണ്ടാ....!" മടിച്ച് മടിച്ച് ഞാന്‍ ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു. എന്‍റെ കാശ് കൊടുക്കലും ഡയലോഗും കേട്ട് അന്തം വിട്ട്‌ നില്‍ക്കുകയാണ് കക്ഷി. 
"എന്തെങ്കിലും കുഴപ്പമുണ്ടോ? എനിക്കെന്റെ കോയിന്‍സ് തിരിച്ചു തരില്ലേ?," ഞാന്‍ വീണ്ടും ചോദിച്ചു. 
കണ്ടക്റ്റര്‍ ഒരു വികാരവും ഇല്ലാതെ പതിഞ്ഞ സ്വരത്തില്‍  തിരിച്ചു തരാം എന്ന് പറഞ്ഞെങ്കിലും എനിക്കങ്ങു വിശ്വാസമായില്ല. മിഴിച്ചിങ്ങനെ  ഇരിക്കുന്ന എന്നെ  നോക്കി അദ്ധേഹത്തിന്റെ അടുത്ത ഡയലോഗ്.
"ഇത്
കണ്ടക്റ്ററുടെ  സീറ്റ് ആണ്."
അതിന്റെ അര്‍ഥം ഞാന്‍ അവിടെ നിന്ന് എഴുന്നേല്‍ക്കണം എന്ന്. ഞാന്‍ ദയനീയമായി 
അദ്ധേഹത്തെ നോക്കി. വെറുതെ നോക്കുക എന്നല്ലാതെ ഞാനെന്ത് ചെയ്യാന്‍ ?!! പുറകിലൊന്നും ഒരു സീറ്റ് പോലും ഒഴിവില്ല. 
"പാലക്കാട് എത്തുമ്പോള്‍ കുറെ പേര്‍ ഇറങ്ങും"  കണ്ടക്റ്ററിന്റെ സമാധാനപ്പെടുത്തല്‍ ... 
സമാധാനപെടുത്തിയിട്ടു എന്ത് കാര്യം?! പാലക്കാട് വരെ നില്‍ക്കേണ്ടത്   ഞാനല്ലേ...  വന്നത് വന്നു. ഇനിയിപ്പോള്‍ വെറുതെ മനസ്സില്‍ ദേഷ്യം വിചാരിച്ച് യാത്ര കൂടുതല്‍ ഭീകരം ആക്കുന്നതിനെക്കാള്‍ നല്ലത് കുറച്ചു പാട്ട് കേള്‍ക്കുന്നതാണെന്ന് അറിയാവുന്നത് കൊണ്ട് ഞാന്‍ ആ ഉദ്യമത്തിലേക്ക്  തിരിഞ്ഞു. ഭാഗ്യത്തിന് കുഴല്‍മന്നം എത്തിയപ്പോള്‍ സീറ്റ് കിട്ടി. പിന്നെ കോയമ്പത്തൂര്‍ എത്തുന്നത്‌ വരെ മാന്യമായി ഞാന്‍ ഇരുന്നുറങ്ങി. ബസ്‌ ഗാന്ധിപുരത്ത്‌ എത്താറായപ്പോള്‍ സ്വിച്   ഇട്ട പോലെ  കണ്ണ് തുറന്നു.  സ്റ്റാന്‍ഡില്‍ ബസ്സിറങ്ങി നേരെ പോയത് അടുത്തുള്ള എ ടി എമ്മിലെക്കായിരുന്നു. എന്റെ ഭാഗ്യത്തിന് ആ കുന്തംപട്ടാണി ഔട്ട്‌ ഓഫ് ഓര്‍ഡര്‍ !!! പിന്നെ വീണ്ടും കുറെ നടന്ന് മറ്റൊരെണ്ണം തപ്പി പിടിച്ച് കാശ്  എടുത്ത് തിരിച്ചു സ്റ്റാന്‍ഡില്‍ വന്നപ്പോഴുണ്ട്  നമ്മുടെ കണ്ടക്റ്റര്‍ ചേട്ടനെ കാണാനില്ല. ആ പച്ച വണ്ടി  അവിടെ  നിറുത്തി ഇട്ടിട്ടുണ്ട്.   പക്ഷെ അവിടെയെങ്ങും ആരുമില്ല. നേരെ ചെന്ന് എന്ക്വയറിയില്‍ ചോദിച്ചപ്പോള്‍ അവര്‍ക്കൊന്നും  ഒരു പിടിയും  ഇല്ല. നല്ല ഉച്ച നേരം. എത്രയാന്ന് വച്ചിട്ടാ കാത്തു നില്‍ക്കുക. പക്ഷെ, ആ നാണയങ്ങള്‍ അങ്ങനെ കളഞ്ഞു പോകാന്‍ മനസ്സിട്ടു സമ്മതിക്കുന്നും ഇല്ല. അത് കൊണ്ട് ആ വെയിലും സഹിച്ചു അവിടെ തന്നെ കുത്തി പിടിച്ച് നില്ക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഒരു അര മണിക്കൂര്‍ നേരം നിന്ന നില്‍പ്പില്‍ തന്നെ. അതിനിടയില്‍ ആ വഴിയിലൂടെ  പോയ കാക്കിയിട്ട ഒരു വിധം ആള്‍ക്കാരോടൊക്കെ,  ഞാന്‍ ആ വണ്ടിയിലെ കണ്ടക്റ്ററെ കണ്ടോ എന്ന് ഭയങ്കര റെന്ഷനോടെ ചോദിച്ചു കൊണ്ടിരുന്നു. അതുകൊണ്ട്, ആ കുറച്ചു സമയം കൊണ്ട് ഒരു ചെറിയ ആള്‍ക്കൂട്ടം തന്നെ എനിക്ക് ചുറ്റും ഉണ്ടായിക്കഴിഞ്ഞിരുന്നു. എന്റെ ഏതോ വില  പിടിപ്പുള്ള സാധനം വണ്ടിയില്‍ വച്ച് മറന്നു എന്നാണു പലരും ധരിച്ചു വച്ചിരിക്കുന്നത്. ഞാനായിട്ട് ആ ധാരണ മാറ്റാനും പോയില്ല. അങ്ങനെ കാത്തിരിപ്പിന്  ഒടുവില്‍ കണ്ടക്റ്റര്‍ ചേട്ടന്‍ എത്തി. ഞാന്‍ ഓടി  ചെന്ന് ഇരുപതു രൂപ കൊടുത്തതും അയാള്‍ ചിരിച്ചു  കൊണ്ട് എന്റെ നാണയങ്ങള്‍  തിരികെ തന്നു. നടന്നതിന്റെയും വെയില്‍ കൊണ്ടതിന്റെയും കാത്തു നിന്നതിന്റെയും ക്ഷീണം ആ നിമിഷത്തില്‍ ആവിയായിപ്പോയി. പുള്ളിക്കാരനോട് ഒരു താങ്ക്സും പറഞ്ഞ് ഞാന്‍ ടൌണ്‍ ബസ്‌ സ്റ്റാന്‍ഡിലേക്ക് നടന്നു. എനിക്ക് പോകേണ്ടിടത്തെക്കുള്ള ബസ്‌ അവിടെ നിറുത്തി ഇട്ടിട്ടുണ്ട്. പക്ഷെ, അതിലേക്കു ചാടി കേറുന്നതിനു മുന്‍പ് ഞാനെന്റെ പേഴ്സ്  എടുത്ത് തുറന്നു നോക്കി. കാശ് ഉണ്ടോന്നു ഒന്ന് ഉറപ്പു വരുത്താന്‍ !  സൂക്ഷിച്ചാല്‍ ദുഖിക്കെണ്ടല്ലോ !!!!  

വണ്ടി നിര്‍ത്ത്... വണ്ടി നിര്‍ത്ത്.... ആള് കേറാനുണ്ട്.....!!!!!

അങ്ങനെ ഒരു കൊച്ചു വെളുപ്പാന്‍ കാലത്ത് ഞങ്ങള്‍ തൃശൂര്‍ റയില്‍വേ സ്റ്റേഷനില്‍ നേരത്തെ തീരുമാനിച്ച പ്രകാരം ഒത്തു കൂടി. വയനാട്ടിലേക്ക് ഒരു യാത്ര പോകുകയാണ് ലക്‌ഷ്യം. കാലത്ത്   ആറുമണിക്ക് കോഴിക്കോട്ടേക്ക് ഉള്ള   പാസ്സഞ്ചര്‍ ട്രെയിനില്‍ പോകാനാണ് പരിപാടി. ടിക്കറ്റ് എടുക്കാന്‍ ക്യു ഉണ്ടായാലോ എന്ന് കരുതി തലേ ദിവസം രാത്രി തന്നെ ശരത്തും കുട്ടനും റയില്‍വേ സ്റ്റേഷനില്‍ തമ്പടിച്ചിരിക്കുകയാണ്. പുലര്‍ച്ചെയുള്ള  ടി ഗാര്‍ഡനില്‍ ഞാനും എത്തി. ഉറങ്ങി കിടന്നിരുന്ന കുട്ടനെയും ശരത്തിനെയും കുത്തിപ്പൊക്കി അവന്മാരെ പല്ല് തേക്കാന്‍ വിട്ടു. എനിക്ക് പിന്നെ അത്തരം നല്ല ശീലങ്ങള്‍ ഇല്ലാത്തത് കൊണ്ട് ഞാനൊരു ചായ കുടിക്കാന്‍ തീരുമാനിച്ചു.   എന്റെ ചായ പകുതി ആയപ്പോഴേക്കും അവരും എത്തി. സമയം അപ്പോള്‍ അഞ്ചുമണി  ആവുന്നതേ  ഉണ്ടായിരുന്നുള്ളൂ. കൌണ്ടറില്‍ തിരക്ക്  ആവുന്നതിനു മുന്‍പ് ടിക്കറ്റ് എടുക്കാം എന്നുള്ള   തീരുമാനത്തില്‍ ഞങ്ങള്‍ അങ്ങോട്ട്‌ നീങ്ങി... അപ്പോഴേക്കും പുറത്ത് മഴ തുടങ്ങി ... തുള്ളിക്ക്‌ ഒരു കുടം എന്ന് പറയുന്ന പോലെ .... നല്ല  ഉഷാറായി ഒരു തകര്‍പ്പന്‍ മഴ!! യാത്രയിലുള്ള ബാക്കി കൂട്ടുകാരൊന്നും  എത്തിയിട്ടില്ല. ഇനിയിപ്പോ മഴ കാരണം അവര്‍ക്ക് സമയത്തിന്  എത്താന്‍  പറ്റിയില്ലെങ്കിലോ എന്നായി ഞങ്ങളുടെ ടെന്‍ഷന്‍ . അവര്‍ വരുന്നതിനു മുന്‍പേ സീറ്റ് പിടിച്ചു വക്കാം എന്നുറപ്പിച്ച് ഞാനും കുട്ടനും മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് നടന്നു. ഉള്ളതില്‍ വച്ച് അധികം ചോര്‍ച്ച ഇല്ലാത്ത ഒരു കമ്പാര്‍ട്ട്മെന്റില്‍ കയറി ഞങ്ങള്‍ സീറ്റ് പിടിച്ചു.  കയ്യില്‍ കിട്ടിയ ന്യൂസ് പേപ്പര്‍ ഒക്കെ വച്ച് സീറ്റ് നോക്കി വരുന്നവരോടൊക്കെ ഇവിടെ ആളുണ്ട് എന്നൊക്കെ പറഞ്ഞ് ഞാനും കുട്ടനും പത്തിരുപതു സീറ്റിനു കാവലായി നില്‍ക്കുകയാണ്. അപ്പോഴേക്കും ഞങ്ങളുടെ യാത്രാ സംഘത്തിലെ കുറച്ചു പേരോടൊപ്പം  ശരത്തും എത്തി. ഞങ്ങളിങ്ങനെ വര്‍ത്തമാനമൊക്കെ പറഞ്ഞ് നില്‍ക്കുമ്പോഴാണ് എനിക്കാ  ബോദോധയം ഉണ്ടായത്. പെട്ടെന്ന് കിട്ടിയ ലീവില്‍ ചാടിക്കേറി കോയമ്പത്തൂര് നിന്ന് പോന്ന തിരക്കില്‍ ബ്രഷും പേസ്റ്റും എടുക്കാന്‍ മറന്നു. ഞാന്‍ പ്ലാറ്റ്ഫോമിലൂടെ ഒന്ന് കണ്ണോടിച്ചു നോക്കി. കുറച്ചു മാറി ഒരു കട തുറന്നിട്ടുണ്ട്. വണ്ടി പോകാന്‍ ഇനിയും സമയം ഉണ്ടായിരുന്നത് കൊണ്ട് ഞാനിറങ്ങി ആ കടയിലേക്ക് നടന്നു. കൂട്ടിന് കുട്ടനെയും കൂട്ടി. കടയില്‍ ചെന്ന് സാധനങ്ങള്‍ വാങ്ങി കാശ് കൊടുക്കാന്‍ നോക്കിയപ്പോള്‍ കയ്യില്‍ ചില്ലറ ഇല്ല. ചില്ലറ തരാതെ സാധനങ്ങള്‍ തരാന്‍ പറ്റില്ലെന്ന്  കടക്കാരന്‍ ! അവസാനം ഒരു സോപ്പും ഒരു ചീപ്പും പിന്നെ കുറെ ലൊട്ടുലൊടുക്ക് സാധനങ്ങളും വാങ്ങി ആ കടക്കാരനെ സോപ്പിട്ടു ബാക്കി വാങ്ങി പേഴ്സില്‍ വച്ച് കൊണ്ടിരിക്കുമ്പോഴാണ്  കുട്ടന്റെ ഡയലോഗ്... "കുഞ്ഞീ... ദെ നമ്മുടെ വണ്ടി പോണു ...."
ഞാന്‍ നോക്കുമ്പോഴുണ്ട്‌ കൊച്ചു വെളുപ്പാന്‍ കാലത്ത് ക്യു നിന്ന് ടിക്കറ്റ് എടുത്ത്, നേരത്തെ കേറി സ്ഥലം  പിടിച്ച ഞങ്ങളുടെ ട്രെയിന്‍ ഒരു വാക്ക്  പോലും പറയാതെ തിരക്ക് പിടിച്ച് ദെ പോണു. എനിക്ക് സഹിക്കോ? ഞാന്‍ പുറകെ ഓടി ... "വണ്ടി നിര്‍ത്ത്...  വണ്ടി നിര്‍ത്ത്.... ആള് കേറാനുണ്ട്.." എന്‍റെ കരച്ചില്‍ ആര് കേള്‍ക്കാന്‍ ... നീങ്ങിക്കൊണ്ടിരിക്കുന്ന വണ്ടിയുടെ പുറകെ കുറച്ചു നേരം ഓടി, അവസാനം രക്ഷയില്ലെന്നു കണ്ടപ്പോ ഞാന്‍ നിന്നു. തിരിഞ്ഞ് നോക്കുമ്പോഴുണ്ട്‌ കുട്ടന്‍ വയറു പൊത്തി ചിരിചോണ്ടിരിക്കുന്നു. ഞാന്‍ അടുത്ത് ചെന്നതും ചിരി ഒരു വിധത്തില്‍ അടക്കി നിറുത്തി കുട്ടന്റെ ഡയലോഗ് . ""വണ്ടി നിര്‍ത്ത്...  വണ്ടി നിര്‍ത്ത്.... ആള് കേറാനുണ്ട്.." എന്നിട്ട് പിന്നെയും ചിരിയോ  ചിരി....  
ഞാനാണെങ്കില്‍ കരയണോ ചിരിക്കണോ എന്ന് മനസ്സിലാവാതെ തലയ്ക്കു അടി കിട്ടിയ പോലെ കുട്ടന്റെ അടുത്ത് ചെന്നിരുന്നു. വണ്ടി പോയതിന്റെ ആഘാതം മാറിയതോടെ എനിക്കും ചിരി പൊട്ടി. അപ്പോഴേക്കും ഞങ്ങള്‍ വണ്ടിയില്‍ കയറിയിട്ടില്ല എന്നറിഞ്ഞ് കൂട്ടുകാര്‍ ഫോണ്‍ ചെയ്യാന്‍ തുടങ്ങി... ട്രെയിന്‍ പോയെങ്കില്‍ പോവട്ടെ... വേഗം ട്രാന്‍സ്പോര്‍ട്ട്‌ ബസ്‌ സ്റ്റാന്‍ഡില്‍ പോയി കോഴിക്കോട്ടേക്ക് വണ്ടി പിടിക്കാനാണ് നിര്‍ദേശം. അതിന്‍ പ്രകാരം ഞങ്ങള്‍ രണ്ട് പെരും കൂടെ നേരെ ബസ്‌ സ്റ്റാന്‍ഡിലേക്ക്   വച്ചടിച്ചു. അവിടെ ചെന്നപ്പോള്‍ ദെ കിടക്കുന്നു കോഴിക്കൊട്ടെക്കുള്ള  ഫാസ്റ്റ് പാസ്സഞ്ചര്‍ ... വണ്ടി പോകാന്‍ പത്തു മിനിട്ട് കൂടി ഉണ്ടെന്നു അറിഞ്ഞപ്പോള്‍ വേഗം പോയി മൂത്രം ഒഴിച്ചിട്ടു വരാമെന്ന് ഞാന്‍ പറഞ്ഞ്. ബസ്‌ അല്ലെ... ഇടയ്ക്കു ഒന്നിന് പോകണം എന്ന് തോന്നിയാല്‍ രക്ഷ ഇല്ലല്ലോ. അതുകൊണ്ട്, ഞാന്‍ വേഗം കംഫര്‍ട്ട്  സ്റ്റേഷനിലേക്ക്  പോയി. തിരിച്ചു വന്ന് നോക്കുമ്പോഴുണ്ട്‌ കുട്ടന്‍ വീണ്ടും ചിരിയോ ചിരി... അവന്‍ പറയാതെ തന്നെ എനിക്ക് കാര്യം മനസ്സിലായി. രണ്ട് മൂന്ന്‌ സെക്കണ്ട് മുന്‍പ്  ആ വണ്ടിയും പോയി... ! മുഖത്തോട് മുഖം നോക്കിയിരുന്നു ചിരിക്കാനല്ലാതെ വേറെ എന്ത് ചെയ്യാന്‍ ...?!! എന്‍ക്വയറി കൌണ്ടറില്‍ ചോദിച്ചപ്പോള്‍ അടുത്ത വണ്ടി ഇനി ഒരു മണിക്കൂര്‍ കഴിഞ്ഞേ ഉള്ളെന്നു പറഞ്ഞു. രണ്ട് തവണ അമളി പറ്റിയത് കൊണ്ടു ഇനിയുള്ള ഓരോ ചുവടു വയ്പ്പും സൂക്ഷിച്ചു വേണം എന്ന ഭയങ്കര തീരുമാനം ഒക്കെ എടുത്ത്‌ ഞങ്ങള്‍ ഓരോ ചായ കുടിച്ചു. ഒരു തരത്തിലും ഇനിയുള്ള ബസ്‌ മിസ്സ്‌ ആവാതിരിക്കാന്‍ കോഴിക്കോട് ബസ്സുകള്‍ നിറുത്തുന്ന ഭാഗത്ത്‌ ഞങ്ങള്‍ നിലയുറപ്പിച്ചു. ഒരു മണിക്കൂറിനുള്ളില്‍ വരേണ്ട വണ്ടി പക്ഷെ മാന്യമായി നേരം വയ്കി, കൃത്യം ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവിടെ എത്തി. ഈ സമയം അത്രയും വേറെ എങ്ങോട്ടും പോകാതെ ഞങ്ങള്‍ കുറ്റിയടിച്ച മാതിരി അവിടെ തന്നെ ഒറ്റക്കാലില്‍ നില്‍പ്പാണെന്ന   കാര്യം ഈ വണ്ടിക്കു അറിയില്ലല്ലോ!! അങ്ങനെ ഒരു വിധം ആ വണ്ടിയില്‍ കയറി സീറ്റില്‍ ഇരുന്നപ്പോഴാണ് ശ്വാസം ഒന്ന് നേരെ വീണത്‌. പക്ഷെ, ആ സമാധാനം അധികനേരം നീണ്ടു നിന്നില്ല. വണ്ടി കുറച്ചു നേരം മുന്നോട്ടു പോയതും എതിരെ വന്ന കാറുമായി കൂട്ടി ഉരഞ്ഞതും പെട്ടന്നായിരുന്നു.  ഭാഗ്യത്തിന് രണ്ട് വണ്ടികള്‍ക്കും കാര്യമായി ഒന്നും സംഭവിച്ചില്ല. പക്ഷെ, ഇതിനൊരു തീരുമാനം ആയിട്ടെ ഇനി മുന്നോട്ടു ഉള്ളൂ എന്നായി ഡ്രൈവര്‍ . ഗത്യന്തരമില്ലാതെ, ഞങ്ങള്‍ നടുറോഡില്‍ ഇറങ്ങി നിന്നു. കൂടെ ഇറങ്ങിയ യാത്രക്കാരെല്ലാം അതിഭീകര ടെന്‍ഷനില്‍ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ രണ്ടു പേര്‍ മാത്രം പൂരച്ചിരി !!! പിന്നെ, ആ വഴിയിലൂടെ പോയ ഒരു മാതിരിപ്പെട്ട ബുസ്സുകള്‍ക്കൊക്കെ കൈ കാണിച്ച്   നിറുത്തിച്ച്‌, അതില്‍ കയറിപ്പറ്റി ഒരു വിധം കോഴിക്കോട് എത്തി. ട്രെയിന്‍ മിസ്സ്‌ ആക്കിയതിന് തെറി വിളിക്കാന്‍ തയ്യാറായി നിന്നിരുന്ന കൂട്ടുകാരൊക്കെ ഞങ്ങളുടെ അതിസാഹസികതയുടെ കഥ അറിഞ്ഞ് ചിരി തുടങ്ങി. അതിനു ശേഷം ഓരോ വണ്ടിയും കേറുമ്പോള്‍ ആരെങ്കിലുമൊക്കെ വിളിച്ചു പറയും, "അതേ ... ആ കുഞ്ഞീനേം കുട്ടനേം ഒന്ന് നോക്കിക്കോളണെ.. !!!" 

Sunday, March 25, 2012

ഉണ്ണിയും മേരിയും പിന്നെ ഞാനും

എന്നെ പ്രസവിക്കുമ്പോള്‍ അമ്മക്ക് മുപ്പത്തിയാറ് വയസ്സുണ്ട്. അമ്മയെ മരണത്തിന്റെയും ജീവിതത്തിന്റെയും ഒരു നൂല്‍പ്പാലത്തിലൂടെ നടത്തി അവസാനം എനിക്കും അമ്മയ്ക്കും ദൈവം ജീവിതം വിധിച്ചു. ഓപ്പറേഷന്‍ തിയ്യട്ടറിനു പുറത്ത് കാത്തു നിന്ന വല്യമ്മച്ചിയോട് ഡോക്ടര്‍ പറഞ്ഞു, "അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു." അങ്ങനെ എന്റെ അമ്മയുടെ ശരീരത്തില്‍ അവശേഷിച്ച ചോരയും നീരും ഊറ്റിയെടുത്ത്‌ ഞാനീ ഭൂലോകത്തില്‍ കരഞ്ഞു വിളിച്ചു കണ്ണ് തുറന്നു. 'അമ്മച്ചിയേയും കുഞ്ഞുവാവയെയും ഒരു കുഴപ്പവും കൂടാതെ ഞങ്ങള്‍ക്ക് തരണേ' എന്ന് ഒല്ലൂര്‍ പള്ളിയിലെ മാലാഖയുടെ രൂപത്തിന് മുന്നില്‍ മുട്ട് കുത്തി നിന്ന് പ്രാര്‍ഥിക്കുകയായിരുന്നു കുഞ്ഞിയും വെല്ലിയും അപ്പോള്‍ !
 "ഒരു തല തെറിച്ച കൊച്ച് നിനക്ക് ജനിച്ചിട്ടുണ്ട്ട്ടാ ആന്റപ്പാ' എന്ന് എന്റെ അപ്പനെ വിളിച്ചു പറയാന്‍ അന്ന് മൊബൈല്‍ ഒന്നും ഇല്ലാത്തത് കൊണ്ട് ഞാന്‍ ജനിച്ച വിവരം അപ്പന്‍ അറിയുന്നത് പിന്നെയും മാസങ്ങള്‍ കഴിഞ്ഞാവണം. ( അമ്മ അപ്പച്ചന് പിന്നീട് കത്തെഴുതിയിട്ടുണ്ടായിരിക്കണം.  ആ കത്തിലെ വരികള്‍ എങ്ങനെ ആയിരുന്നിരിക്കും എന്ന് ഞാന്‍ ഇടയ്ക്കു ആലോചിക്കാറുണ്ട്. )
അമ്മയെ കുറെ കഷ്ടപ്പെടുത്തി ജനിച്ചത്‌ കൊണ്ട് ഈ കൊച്ചിന്റെ മേല് വല്ല പിശാചുക്കള്‍ ഉണ്ടെങ്കില്‍ വേഗം പോയിക്കോട്ടെ എന്ന് കരുതിയിട്ടാണോ എന്തോ ജനിച്ച് കൃത്യം ഒരു മാസവും നാല് ദിവസവും കഴിഞ്ഞപ്പോള്‍ എന്നെയങ്ങ് മാമ്മോദീസ മുക്കാന്‍ അപ്പൂപ്പനും അമ്മൂമ്മയും തീരുമാനിച്ചു. അങ്ങനെ, തല മൂത്തവരുടെ നേതൃത്വത്തില്‍ എന്നെ ഒരു ഞായറാഴ്ച പള്ളിയിലേക്ക് ആഘോഷമായി കൊണ്ടു വന്നു. അമ്മ വരാത്തത് കൊണ്ടു എനിക്കിടേണ്ട പേരൊക്കെ ആന്റിയോട്‌ കൃത്യമായി പറഞ്ഞ് വച്ചാണ് അമ്മ വിട്ടത്. തലതൊട്ടപ്പനും തലതൊട്ടമ്മയുമായി അച്ചനും ആന്റിയും! ഞാനിങ്ങനെ വെളുത്ത ഉടുപ്പൊക്കെ ഇട്ട്‌ വല്ലാത്ത ഗെറ്റപ്പിലാ! വികാരിയച്ചന്‍ മാമ്മോദീസ വെള്ളം എന്‍റെ തലയില്‍ ഒഴിച്ച് പ്രാര്‍ത്ഥനകള്‍ ഓരോന്നായി ചൊല്ലി തുടങ്ങി. എനിക്ക് പേര് ഇടേണ്ട ഘട്ടം എത്തിയപ്പോള്‍ അച്ചന്‍ 'എന്ത് പേരാണ് കണ്ടു വച്ചിരിക്കുന്നത് എന്നര്‍ത്ഥത്തില്‍ ആന്റിയെ നോക്കി. വളരെ ഭയഭക്തിയോടെ ആന്റി പേര് പറഞ്ഞു, 'ഉണ്ണിമേരി' ! വികാരിയച്ചന്‍ ഒരു ഞെട്ടലോടെ ആന്റിയെ നോക്കി. 

'പേരെന്താ പറഞ്ഞെ?' അദ്ദേഹം ഒന്ന് കൂടി ചോദിച്ചു.
'ഉണ്ണിമേരി' , ആന്റി വീണ്ടും പറഞ്ഞു! 
കേട്ട് നിന്നവരൊക്കെ പള്ളിയില്‍ വച്ച് എന്തോ തെറി പറഞ്ഞ പോലെ ആന്റിയെ തുറിച്ചു നോക്കി. 
'ഉണ്ണിമേരി' എന്ന പേരാണ് കുഴപ്പം! 
മലയാള സിനിമയില്‍ അന്ന് മാദക വേഷങ്ങള്‍ ചെയത് നിറഞ്ഞു നില്‍ക്കുന്ന ഉണ്ണിമേരി ആണ് ആ പേര് കേട്ടപ്പോഴേ സാക്ഷാല്‍ വികാരിയച്ചന്റെയും അവിടെ ഉള്ളവരുടെയും മനസ്സില്‍ തെളിഞ്ഞു വന്നത്.  പുല്‍ക്കൂട്ടില്‍ കിടക്കുന്ന ഉണ്ണിയേശുവിനെയും അമ്മ മേരിയേയും ആര് ഓര്‍ക്കാന്‍ !!! ശാരദക്കുട്ടി ഒരു ലേഖനത്തില്‍ പറഞ്ഞ പോലെ, പകുതി മാറിടവും പൊക്കിളും പ്രദര്‍ശിപ്പിക്കുന്ന രീതിയില്‍ അല്ലാതെ മലയാള സിനിമ അവരെ സാരി ഉടുപ്പിച്ചിട്ടില്ലല്ലോ! 
അങ്ങനെ ഒരു സ്ത്രീയുടെ പേര് തന്നെ വേണോ കൊച്ചിന് എന്നായി അച്ചന്‍ ! 
"നമ്മടെ ഉണ്നിയെശുവിന്റെം മാതാവിന്റെം പേര് കൂട്ടി ഇടണം എന്നത് കൊച്ചിന്റെ അമ്മയുടെ ആഗ്രഹം ആണ്  അച്ചോ ,"  ആന്റി വിട്ട്‌ കൊടുത്തില്ല. 
"മേരി എന്ന് മാത്രം ഇട്ടാല്‍ പോരെ? വേണമെങ്കില്‍ കുഞ്ഞു മേരി എന്നാക്കാം..." 
"ഉണ്ണിമേരി എന്ന് തന്നെ കിടക്കട്ടെ അച്ചോ..."  ആന്റി കാട്ടായം പറഞ്ഞു.
അവസാനം  ഗത്യന്തരമില്ലാതെ അച്ചന്‍ പരിശുദ്ധ ത്രീത്വത്തിന്റെ നാമത്തില്‍ എന്നെ ഉണ്ണിമേരി ആയി നാമകരണം ചെയ്തു. ഈ നടക്കുന്ന പുകിലുകള്‍ ഒന്നും അറിയാതെ ഞാന്‍ അപ്പോഴും പൂര ഉറക്കമായിരുന്നു...
പള്ളിയില്‍ ഒരു പേര് സ്കൂളില്‍ വേറെ പേര്, എന്നത് അന്നത്തെ ഒരു ഫാഷന്‍ ആയതു കൊണ്ടാണോ ആവോ പിന്നീട് എന്‍റെ പേര് മാറ്റപ്പെട്ടു.   നേഴ്സറിയില്‍ ചേര്‍ത്തപ്പോള്‍ ചേച്ചിമാരുടെ പേരുകളോട് ചേര്‍ച്ചയുള്ള സീനയായി ഞാന്‍ മാറി.
ഈയടുത്ത്, ഉണ്ണിമേരിയുടെ അമ്പതാം പിറന്നാളുമായി ബന്ധപ്പെട്ട് അവരെ കുറിച്ച് പത്രത്തില്‍ ഒരു അഭിമുഖം കണ്ടപ്പോള്‍ അമ്മ പറഞ്ഞ്
കേട്ട ഈ മാമ്മോദീസ കഥ ഓര്‍ത്തു. പതിമൂന്നാം വയസ്സ് മുതലുള്ള അവരുടെ അഭിനയ ജീവിതത്തില്‍ അവര്‍ അറിഞ്ഞോ അറിയാതെയോ ചോദ്യം ചെയ്തതും നേരിട്ടതും ആണ്‍നോട്ടങ്ങളുടെ അഴകളവുകളെയായിരുന്നല്ലോ  എന്ന തിരിച്ചറിവ് അവരെ കുറിച്ചുള്ള കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്തിയിരിക്കുന്നു. അല്ലെങ്കിലും , ആ പേരില്‍ അല്ലല്ലോ, ആ പേര് കേള്‍ക്കുമ്പോ വേറെ കാര്യങ്ങള്‍ ചിന്തിക്കുന്ന നമുക്കാണല്ലോ കുഴപ്പം!

Saturday, March 10, 2012

ഓണ്‍ലൈന്‍ ചുമരുകളില്‍ എന്റെ അടയാളങ്ങള്‍


( വനിതാദിനത്തില്‍ 'നാലമിട' ത്തില്‍ വന്ന കുറിപ്പ്)


ഡിഗ്രി കാലത്താണ്. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ എല്ലാ വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ രണ്ട് മൂന്ന് ചേച്ചിമാരെ കാണാം. കറുത്ത വസ്ത്രം ധരിച്ചു നില്‍ക്കുന്ന അവരുടെ കൈകളില്‍ ചില പോസ്റ്ററുകളുണ്ടാവും. പൊതു ഇടങ്ങള്‍ സ്ത്രീകള്‍ക്കും കൂടിയുള്ളതാണ് എന്ന് എഴുതിവെച്ച പോസ്റ്ററുകള്‍. പതിവായി കാണുമായിരുന്നെങ്കിലും ആ കൂട്ടത്തെ പരിചയപ്പെടുന്നത് പിന്നീടാണ്. ഒരുമിച്ചിരിക്കാനും സംസാരിക്കാനും കൂട്ട് കൂടാനും തര്‍ക്കിക്കാനും ഒരിടം വേണമെന്ന ബോധം വന്നതിനു ശേഷം. നേരെ പറയാനുള്ള കാര്യങ്ങള്‍ നേരെ തന്നെ പറയണം. ഉറക്കെ പറയാനുള്ളത് ഉറക്കെയും! അങ്ങനെയുള്ള ഒരു ഇടത്തിന്റെ അതിരുകള്‍ ‘ഭൂലോകം’ കടന്ന് ഇപ്പോള്‍ ‘ബൂലോകം’ വരെയെത്തി നില്‍ക്കുന്നു.


ഒരു കുന്നിന്റെ മുകളില്‍ കയറി നിന്ന്, ‘ഞാനൊരു പെണ്ണാണ്, ഇതെന്റെ ശരീരമാണ്, ഇതെന്റെയും കൂടെ ലോകമാണ്’ എന്നുറക്കെ പറയുന്ന സുഖമാണ് ഓണ്‍ലൈന്‍ ഇടങ്ങളിലെ കുത്തിക്കുറിക്കലുകളും പങ്കുവയ്ക്കലുകളും എനിക്ക് നല്‍കുന്നത്. ഞാനൊരു നിശാചരിയാണ് . നേരം കെട്ട നേരങ്ങളില്‍ പുറത്തിറങ്ങി നടക്കുന്നവള്‍ ! സൈബര്‍ വഴികളിലും അങ്ങനെ തന്നെ. നഗരങ്ങളിലെ രാത്രിവഴികളെപ്പോലെ സൈബര്‍ ലോകത്തിലെ രാവഴികളിലൂടെ പാറിപ്പറന്നു നടക്കാനാണ് എനിക്കിഷ്ടം! ജോലി കഴിഞ്ഞു തിരിച്ചെത്തുന്ന രാത്രിയുടെ രണ്ടാം യാമത്തില്‍ തുടങ്ങുന്നു എന്‍റെ ഓണ്‍ലൈന്‍ അങ്കം വെട്ടലുകള്‍ ! ചാറ്റ് ബോക്സില്‍ ഒളിച്ചിരുന്ന് ഒരു അദൃശ്യ ജീവിയായി ഈ അദൃശ്യ ലോകത്ത് ഒഴുകി നടക്കാം! ഭൂമിയിലെ കസര്‍ത്തുകള്‍ നോക്കി മേഘങ്ങള്‍ക്ക് ഇടയിലൂടെ ഒഴുകി നടക്കാം.
കവിതയും കഥയും തമാശയും മാത്രമല്ല രാഷ്ട്രീയവും സമരങ്ങളും അതിജീവനുമെല്ലാം ഇവിടെ വിഷയങ്ങളാണ്. ഇത്തരം വിഷയങ്ങളിലുള്ള നിലപാടുകളും അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പങ്കു വയ്ക്കുന്ന ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിഞ്ഞെത്തുന്ന കൂട്ടായ്മകളിലൂടെയാണ് ഈ ‘അയഥാര്‍ത്ഥ’ ലോകത്തിന്റെ സാധ്യതകള്‍ തുറക്കുന്നത്.
കഴിഞ്ഞ വര്‍ഷം, തെസ്നി ബാനുവിന് നേരെ അക്രമം ഉണ്ടായപ്പോള്‍ അതിനെതിരെ ശബ്ദം ഉയര്‍ത്താന്‍ ഏറ്റവും മുന്നില്‍ ഉണ്ടായത് ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ ആയിരുന്നു. സദാചാര പോലീസ് അവര്‍ക്ക് നേരെ അഴിച്ചു വിട്ട ആരോപണങ്ങളുടെ മുനയൊടിക്കാന്‍ ഇത്തരം ഓണ്‍ലൈന്‍ കൂട്ടങ്ങള്‍ വഹിച്ച പങ്ക് ശ്രദ്ധേയമായിരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടു നിരവധി കൂടിച്ചേരലുകള്‍ നടന്നു. ഇതൊന്നും ഒരു പ്രത്യേക സംഘടനയുടെ പിന്‍ബലത്തോടെ ആയിരുന്നില്ല. ഓണ്‍ലൈന്‍ ഇടത്തിലെ അവരുടെ പങ്ക് വയ്ക്കലുകളുടെ വെളിച്ചത്തില്‍ അവരെ അറിഞ്ഞ കൂട്ടുകാരുടെ പിന്തുണ മാത്രമായിരുന്നു അത്തരം കൂടിച്ചേരലുകളുടെ കൈമുതല്‍.
പൊതു സമൂഹത്തില്‍ പെട്ടന്ന് അസ്വീകാര്യമായി തോന്നുന്ന നിലപാടുകളും അഭിപ്രായങ്ങളും ഈ ഓണ്‍ലൈന്‍ ഇടത്തില്‍ സ്വീകാര്യത നേടുന്നത് വളരെ പെട്ടന്നാണ്. അതുകൊണ്ട് തന്നെ, നിരവധി പെണ്‍കുട്ടികള്‍ / സ്ത്രീകള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് പോലുള്ള ഇടങ്ങളെ തങ്ങളുടെ സ്വാതന്ത്യ്ര പ്രഖ്യാപനത്തിന്റെ വേദികളാക്കി മാറ്റുന്നത് കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. എന്‍റെ പരിമിതമായ സൌഹൃദത്തിന്റെ വട്ടങ്ങളില്‍ തന്നെ എത്രയോ പേര്‍ !



പെണ്ണ് എന്ന കാഴ്ചയുടെ സ്ഥിരം ചട്ടക്കൂടുകളെ പൊളിച്ചെഴുതുന്ന ചിത്രങ്ങള്‍ അപ്ലോഡ് ചെയത് അമ്പരപ്പിക്കുകയും സ്ഥിരം കാഴ്ച വട്ടങ്ങളെ പരിഹസിക്കുകയും ചെയ്യുന്ന കനി കുസൃതിയും ഗാര്‍ഗിയും ചില ഉദാഹരണങ്ങള്‍ മാത്രം. സ്റാറ്റസ് അപ്ഡേറ്റുകള്‍ കൊണ്ടു ഞെട്ടിക്കുന്ന കുഞ്ഞിലയും വ്യത്യസ്തമായ വായനാനുഭവത്തിലേക്ക് കൊണ്ടു പോകുന്ന മായ ഇന്മയയും മെഹ് നാര രോഷ്നിനും ഇത്തരത്തില്‍ ഓണ്‍ലൈന്‍ ഇടങ്ങളെ വളരെ കൃത്യമായി ഉപയോഗിക്കുന്നവരാണ്. വിശാലമായ ഈ സൈബര്‍ ലോകത്തിലെ ഇങ്ങനെയുള്ള പെണ്ണടയാളപ്പെടുത്തലുകള്‍ തീര്‍ച്ചയായും സ്വാഗതം ചെയ്യേണ്ടതുണ്ട്. അവിടെ പ്രായം, തൊഴില്‍ , വിദ്യാഭ്യാസം ഒന്നും മാനദണ്ഡങ്ങളായി വരുന്നില്ല. പങ്കു വയ്ക്കാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ ആരുടേയും മുഖം നോക്കാതെ പറയാം. ഈ ഇടം നല്‍കുന്ന ദൃശ്യപരമായ അദൃശ്യത കൊണ്ടു തന്നെ വളരെ ക്രിയാത്മകമായ പെണ്ണിടപെടലുകള്‍ ഇത്തരം കൂട്ടായ്മകളില്‍ സജീവമാണ്.
സ്നേഹിക്കാനും പ്രണയിക്കാനും മാത്രമല്ല കലഹിക്കാനും തര്‍ക്കിക്കാനും വിയോജിപ്പ് രേഖപ്പെടുത്താനുമൊക്കെ ഇത്തരം ഇടങ്ങള്‍ തുറന്നു വയ്ക്കുന്ന സാധ്യതകള്‍ വളരെ വലുതാണ്. ഒരു കൊച്ചു മുറിയുടെ ചുമരുകള്‍ക്കുള്ളില്‍ ഇരുന്നു വലിയ ലോകത്തിന്റെ വിശാലതയിലേക്ക് കണ്ണു നട്ടിരിക്കുന്ന അനുഭവം. എന്റെ ശീലങ്ങളെയും കാഴ്ചപ്പാടുകളെയും ഇഷ്ടങ്ങളെയുമൊക്കെ ഒരുമിച്ചു ചേര്‍ത്ത് വച്ച ഒരു സൈബര്‍ കൂട്.
ഇവിടെ ഞാനൊരിക്കലും ഒറ്റക്കാവുന്നില്ല. മഴയറിയാനും നിലാവറിയാനും കൂടെ പോരുന്നുണ്ടോ എന്ന് ചോദിക്കുമ്പോഴും, ആണവ പദ്ധതിക്കെതിരായി സൈക്കിളില്‍ കേരളം ചുറ്റാന്‍ കൂടുന്നുണ്ടോ എന്ന് അന്വേഷിക്കുമ്പോഴും നല്ല സിനിമകള്‍ കാണാന്‍ അവസരമുള്ള ചലച്ചിത്ര മേളകളിലേക്ക് ക്ഷണിക്കുമ്പോഴും കൂടെ നില്‍ക്കാനും പ്രതികരിക്കാനും പങ്കെടുത്തു വിജയിപ്പിക്കാനും ഓണ്‍ലൈന്‍ ഇടങ്ങളിലെ കൂട്ടുകാരും ഇവിടെ നടക്കുന്ന ചര്‍ച്ചകളും എന്നെ ഏറെ സഹായിച്ചിട്ടുണ്ട്.
ഈ കുറിപ്പിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ, നിലപാടുകള്‍ വ്യക്തമാക്കി കൊണ്ടുള്ള പോസ്ററുകള്‍ ഉയര്‍ത്തി പിടിച്ച് കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ നിന്നിരുന്ന പെണ്‍കൂട്ടത്തിന്റെ മറ്റൊരു രൂപമായി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ ചുമരെഴുത്തുകളും പങ്കുവയ്ക്കലുകളും വളര്‍ന്നിരിക്കുന്നു. സൈബര്‍ ചുവരുകളില്‍ നിന്ന് ഇത്തരം എഴുത്തുകളും ഇടപെടലുകളും വലിയ ലോകത്തിന്റെ വഴികളെ അമ്പരപ്പിക്കുന്ന കാലം അതിവിദൂരമല.

Monday, February 27, 2012

കാക്കത്തൊള്ളായിരം നുണകള്‍

(അഖില ഹെന്‍റിയുടെ 'നുണക്കഥകള്‍' എന്ന ഹ്രസ്വ ചിത്രത്തിന്റെ ആസ്വാദനക്കുറിപ്പ് നാലാമിടത്തില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ )

കഥ പറച്ചിലിന്റെ പുതുമയേക്കാളും പ്രമേയത്തിലെ വ്യത്യസ്തതയേക്കാളും അവതരണത്തിലെ സത്യസന്ധതയും ധൈര്യവുമാണ് നുണക്കഥകള്‍’ എന്ന അഖില ഹെന്‍റിയുടെ ഹ്രസ്വചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. കാക്കത്തൊള്ളായിരം നുണകള്‍ പൊതിഞ്ഞുനില്‍ക്കുന്ന സമകാലിക സമൂഹത്തിന്റെ ഒരു പരിച്ഛേദത്തിലെ നേരിന്റെയും നുണകളുടെയും ഇഴകളെ ക്യാമറക്കണ്ണിലൂടെ ഇഴ പിരിക്കുകയാണ് ഈ ചിത്രം. നുണക്കഥകളെക്കുറിച്ച് പറഞ്ഞുതുടങ്ങുന്നതിനു മുന്‍പ്, ഇത്തരമൊരു ഹ്രസ്വചിത്രം എടുക്കാന്‍ ധൈര്യം കാണിച്ച അഖിലയുടെ ആത്മവിശ്വാസത്തെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല.
മൂന്നു പെണ്‍കുട്ടികളുടെ ജീവിതത്തിലെ ഒരു വൈകുന്നേരത്തെ സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. കണ്ട് മടുത്ത സ്ഥിരം സ്ത്രീ വേഷങ്ങളെ നമുക്കീ ചിത്രത്തില്‍ കാണാനാവില്ല. മദ്യപിക്കുകയും പുകവലിക്കുകയും ലെസ്ബിയന്‍ ഇഷ്ടങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ അവരുടെ ഇഷ്ടങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍, ഇതൊക്കെ നുണകളാവും എന്ന് കരുതി ആശ്വസിക്കാനാവില്ല. കാരണം, സമൂഹം വരച്ചു വച്ചിരിക്കുന്ന രൂപങ്ങള്‍ക്ക്‌ പുറത്തുള്ള നിരവധി പെണ്‍കുട്ടികള്‍ നമുക്കിടയിലുണ്ട്.
ആണുങ്ങള്‍ മദ്യപിക്കുന്നതും പുകവലിക്കുന്നതും ‘നാട്ടുനടപ്പി’ന്റെ ഭാഗമായി അംഗീകരിക്കാന്‍ ഭൂരിപക്ഷത്തിനു ബുദ്ധിമുട്ട് ഉണ്ടാവില്ല. എന്നാല്‍ ഒരു സ്ത്രീ പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്‌താല്‍, ആരോഗ്യപ്രശ്നത്തേക്കാള്‍ സദാചാര പ്രശ്നമാണ് തലയുയര്‍ത്തുക. സമൂഹത്തിന്റെ ഈ ഇരട്ടത്താപ്പ് നയത്തെ ഈ ചിത്രത്തിലെ പെണ്‍കുട്ടികള്‍ പുകവലിച്ചും മദ്യപിച്ചും അസ്വസ്ഥമാക്കുന്നുണ്ട്. ഈ അസ്വസ്ഥതക്ക് നേരെയുള്ള സംവിധായികയുടെ പ്രതികരണം ശ്രദ്ധിക്കുക: ‘Smoking and drinking are injurious to health. But, that does not mean you can’t enjoy them!’
സ്ത്രീകഥാപാത്രങ്ങളുടെ പൊളിച്ചെഴുത്ത് ഈ ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ദൃശ്യമാണ്. ഏത്‌ അച്ചിലേക്കും ഒഴിച്ച് ഇഷ്ടമുള്ള രൂപങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന അസംസ്കൃത വസ്തുവാണ് സ്ത്രീകളെന്ന യാഥാസ്ഥിതിക ബോധത്തെ ഈ ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങള്‍ ചോദ്യം ചെയ്യുന്നു. കാമുകനൊപ്പം കിടക്ക പങ്കിടുമ്പോള്‍ ‘നമുക്കിന്നു പുതിയത് എന്തെങ്കിലും try ചെയ്യാം’ എന്ന് പറയുന്ന പെണ്‍കുട്ടിയും ‘കല്യാണം കഴിഞ്ഞാല്‍ അവന്‍ കുടിക്കുന്നത് നോക്കി വെള്ളമിറക്കി കുത്തിയിരിക്കാനേ പറ്റൂ’ എന്ന് അസ്വസ്ഥതയോടെ പറയുന്ന മുസ്ലിം പെണ്‍കുട്ടിയും സിനിമയുടെ പുതുഭാഷയാണ്‌ സംസാരിക്കുന്നത്.
20 മിനിട്ട് നീളുന്ന ചിത്രം സാങ്കേതികമായ മികവു പുലര്‍ത്തുമ്പോഴും കഥയുടെ സ്വാഭാവികമായ പറച്ചിലില്‍ ചിലയിടത്ത് വിടവുകള്‍ ദൃശ്യമാണ്. ഉദാഹരണത്തിന്, ചിത്രത്തിലെ ആനി എന്നാ കഥാപാത്രം, തൊട്ടടുത്ത മുറിയില്‍ ആത്മഹത്യാശ്രമം നടത്തുന്ന പെണ്‍കുട്ടിയെ യാദൃശ്ചികമായാണ് കാണാനിട വരുന്നത് എന്നാണ് സംവിധായിക പറയാന്‍ ശ്രമിച്ചതെങ്കിലും, ആ യാദൃശ്ചികത ഒരു ആശയക്കുഴപ്പം ആയിട്ടാണ് പ്രേക്ഷകര്‍ക്ക്‌ അനുഭവപ്പെടുന്നത്. ഈ രണ്ടു കഥാപാത്രങ്ങളെ തമ്മില്‍ യുക്തിപരമായി ബന്ധിപ്പിക്കുന്നതില്‍ സംവിധായിക വിജയിക്കാത്തത് കൊണ്ട് തന്നെ ചിത്രം കഴിയുമ്പോഴും മനസ്സില്‍ ഒരു സംശയം ബാക്കിയാവും. അതേസമയം ആനിയേയും മുസ്ലിം പെണ്‍കുട്ടിയെയും അതീവ മനോഹരമായി, വളരെ സ്വാഭാവികമായി സംവിധായിക ബന്ധിപ്പിക്കുന്നുണ്ട്.
സമൂഹം പറഞ്ഞു ശീലിപ്പിച്ച വഴികളില്‍ നിന്ന് മാറി നടക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് മരണം / ആത്മഹത്യ ആണ് ഒരു രക്ഷാമാര്‍ഗം എന്ന മുഖ്യധാരാ മാധ്യമങ്ങളുടെ സ്ഥിരം കണ്ടെത്തലുകള്‍ക്ക് അപ്പുറത്തേക്ക് കൃത്യമായ രാഷ്ട്രീയം പങ്കുവയ്ക്കുന്നതിലും ചിത്രം പരാജയപ്പെടുന്നു.
എങ്കിലും, അത്‌ ആസ്വാദനത്തെ അലോസരപ്പെടുത്തുന്നില്ല. മോഷ്ടിച്ചതും അല്ലാത്തതുമായ സംഗീതത്തിന്റെയും പാട്ടിന്റെയും ചിത്രത്തിലെ അവസരോചിതമായ ഉപയോഗവും എടുത്തുപറയേണ്ടതുണ്ട്.
സത്യസന്ധമായ ചലച്ചിത്ര പരീക്ഷണങ്ങള്‍ നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ചെറുചിത്രം ആവേശം നല്‍കും. സ്വയംഭോഗം, വിവാഹപൂര്‍വ(?) ലൈംഗികത, പ്രണയം, സ്ത്രീ-പുരുഷ ബന്ധങ്ങള്‍ എന്നിവയെക്കുറിച്ച് സദാചാര സങ്കല്പങ്ങളുടെ ഭാരമില്ലാതെ തുറന്ന് പറയുന്ന ഈ ചിത്രം തീര്‍ച്ചയായും നിങ്ങളെ അസ്വസ്ഥരാക്കും. കേട്ടും കണ്ടും പരിചയിച്ചും തഴക്കം വന്നുപോയ ചില ധാരണകള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ അസ്വസ്ഥത ഉണ്ടാവുന്നത് സ്വാഭാവികം മാത്രം.
കെട്ടിക്കിടക്കുന്ന വെള്ളത്തിന്‌ സ്വസ്ഥതയുണ്ട്, ഒഴുക്കുള്ള വെള്ളത്തിന്‌ തെളിമയുണ്ട്. എന്നാല്‍ ഒഴുക്കിനെതിരെയുള്ള ചലനമാണ് ശ്രമകരം. അത്തരം ശ്രമങ്ങളേ ചലനങ്ങള്‍ സൃഷ്ടിക്കുകയുള്ളൂ! അങ്ങനെയുള്ള ഒരു ചലനമാണ് ‘നുണക്കഥകള്‍’. അഖിലക്ക് നൂറുമ്മ :)

കൂടംകുളത്തേക്കുള്ള പാത

 (നാലാമിടത്തില്‍ പ്രസിദ്ധീകരിച്ച കൂടംകുളം യാത്രയെ കുറിച്ചുള്ള കുറിപ്പ്)


വെറും ഒരാവേശത്തിന്റെ പുറത്തായിരുന്നില്ല കൂടംകുളത്തേക്കു യാത്ര. കേവലം അതൊരു സത്യാന്വേഷണവും ആയിരുന്നില്ല. ഇനി ബോധ്യപ്പെടുത്തേണ്ടാത്ത വിധം, അന്വേഷിച്ചറിയേണ്ടാത്ത വിധം തീവ്രമായിരുന്നു ആ ജനതയുടെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍. പൂര്‍ണമായി ബോധ്യമായ ആ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേ ണ്ടതുണ്ടായിരുന്നു. ജീവിക്കാനുള്ള പോരാട്ടങ്ങള്‍ക്കൊപ്പം കൈകോര്‍ക്കേണ്ടത് അനിവാര്യമായിരുന്നു. ആ അനിവാര്യതയാണ് ഇടിന്തൈകരയിലേക്ക് ഞങ്ങളെ നടത്തിച്ചത്.
തൃശ്ശൂരില്‍ നിന്ന് ‘വിബ്ജിയോര്‍’ കൂട്ടായ്മയുടെ ഭാഗമായി ഞങ്ങള്‍ 25 പേര്‍ . യാത്രക്കാരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികള്‍ . പിന്നെ, സഹദേവേട്ടന്‍ , അനിലേട്ടന്‍ , ശ്രീനിയേട്ടന്‍ , സുബിദ്, വിബ്ജിയോറില്‍ നിന്ന് ശരത്…
ഡിസംബര്‍ 29 ന് ഉച്ചക്കുള്ള പരശുറാം എക്സ്പ്രസ്സില്‍ യാത്ര തിരിച്ചു. തിരക്കുള്ള കമ്പാര്‍ട്ട്മെന്‍്റില്‍ സീറ്റിന്റെ വശങ്ങളില്‍ ചാരി നിന്നും, ചിലപ്പോള്‍ ഇരുന്നും ചര്‍ച്ചകളും പാട്ടുകളുമായി മണിക്കൂറുകള്‍ നിമിഷങ്ങളായി കടന്നു പോയി. പാട്ടിന്‍്റെ ഇടവേളകളില്‍ ആണവ വിരുദ്ധ കുറിപ്പുകളുമായി യാത്രക്കാര്‍ക്കിടയിലിറങ്ങി. കൂടംകുളം പദ്ധതിക്ക് എതിരായ ഒപ്പ് ശേഖരണവും നടന്നു. കണ്ടു മുട്ടിയവരില്‍ ചിലര്‍ക്കൊക്കെ പുച്ഛമായിരുന്നു. ‘ഒരു സുപ്രഭാതത്തില്‍ പൊട്ടി മുളച്ചതല്ല ഈ പ്രൊജക്റ്റ് . നിലയത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തോട് അടുക്കുമ്പോഴാണോ സമരം ? വൈദ്യുതി വേണം. അല്ലാതെ കാളവണ്ടി യുഗത്തിലേക്ക് തിരിച്ചു പോകാന്‍ ഞങ്ങള്‍ തയ്യാര്‍ അല്ല… ‘ കാലങ്ങളായി ആണവനിലയത്തെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്ന ന്യായവാദങ്ങള്‍.
ടെലിവിഷന്റെ ചതുരക്കളത്തില്‍ മാത്രം സമരം കണ്ടു ശീലിച്ചവര്‍ക്ക് ഇത്തരം സംശയങ്ങള്‍ സഹജമായിരുന്നു. മാധ്യമങ്ങള്‍ സ്പൂണില്‍ വായില്‍വെച്ചു കൊടുക്കുന്ന വിഷയങ്ങള്‍ മാത്രം കഴിച്ച് ശീലിക്കുന്നവര്‍ക്ക് അതിനപ്പുറം പോവുക എളുപ്പമല്ല. മാധ്യമങ്ങള്‍ക്കാവട്ടെ അവരുടേതായ താല്‍പ്പര്യങ്ങളും രാഷ്ട്രീയവുമുണ്ടാവും. കടലോര ജനതയുടെ അതിജീവന പോരാട്ടത്തേക്കാള്‍ അവര്‍ക്ക് പലപ്പോഴും വലുതായി തോന്നുക അധികാര കേന്ദ്രങ്ങള്‍ വെച്ചുനീട്ടുന്ന വിവരങ്ങളാവും. അതിനാലാണ് വര്‍ഷങ്ങളായി ഈ ജനത നടത്തുന്ന സമരം മാധ്യമങ്ങള്‍ അവഗണിച്ചത്. അതിനാല്‍ത്തന്നെ പൊതുസമൂഹവും. എന്നാല്‍, എല്ലത്തിനുമപ്പുറം ചില യാഥാര്‍ത്ഥ്യങ്ങള്‍ അവിടെ ബാക്കിനില്‍ക്കുന്നുണ്ടായിരുന്നു. എത്ര മൂടിവെച്ചാലും ഉമിത്തീ പോലെ പുകയുന്ന ചില പച്ചപ്പരമാര്‍തഥങ്ങള്‍.
സീന ആന്റണി
കൂടംകുളം സമരത്തെ എതിര്‍ക്കുന്ന ഭൂരിഭാഗം പേരുടെയും ചിന്ത ഈ സമരം തുടങ്ങിയത് വളരെ കുറച്ചു മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ എന്നാണ്. 1988 ലാണ് സമരം ആരംഭിക്കുന്നത്. അന്ന് സമരത്തെ ഒതുക്കാന്‍ ഭരണകൂടം നടത്തിയ വെടി വയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഇന്നത്തേത് പോലെ മാധ്യമങ്ങള്‍ സജീവമല്ലാത്തതിനാലും ഉള്ളവ ഇക്കാര്യത്തില്‍ നിശ്ശബ്ദത പുലര്‍ത്തിയതിനാലും ആ സംഭവം ആരും കാണാത്ത കോളത്തിലൊതുങ്ങി. പാര്‍ട്ടിയോ മതങ്ങളോ പിന്നണിയില്‍ ഇല്ലാത്തതിനാല്‍ ആരും അവരുടെ ദുരന്തം കണ്ടില്ലെന്നു നടിച്ചു. പാവപ്പെട്ട മത്സ്യ തൊഴിലാളികളുടെ വാര്‍ത്ത കൊടുത്തിട്ട് അല്ലെങ്കിലും എന്താണ് കാര്യം? പത്രം വാങ്ങാന്‍ ശേഷി കാണില്ലല്ലോ അവര്‍ക്ക്!
യാത്രക്കിടെ കണ്ടുമുട്ടിയ മിക്കവരുടെയും പ്രധാന സംശയം, വര്‍ധിച്ചു വരുന്ന ഊര്‍ജാവശ്യങ്ങള്‍ക്ക് ആണവ പദ്ധതി അല്ലാതെ മറ്റന്തെ് പോം വഴി എന്നതായിരുന്നു. തീര്‍ച്ചയായും ഒറ്റനോട്ടത്തില്‍ ഇത് ന്യായം. എന്നാല്‍ വസ്തുതകള്‍ ഇതിനെതിരും. ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ക്ക് ആണവപദ്ധതികള്‍ ഒരു പരിഹാരം അല്ല. നമ്മുടെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റാന്‍ ഇത് മതിയായിരുന്നുവെങ്കില്‍ ഇന്ത്യയില്‍ നിലവിലുള്ള 19 ആണവ നിലയങ്ങള്‍ മാത്രം മതിയായിരുന്നല്ലോ. നോക്കൂ, ഇവയെല്ലാം കൂടി ഉത്പാദിപ്പിക്കുന്ന വൈദ്യുതി രാജ്യത്തിന്റെ ആകെ വൈദ്യുതി ഉത്പാദനത്തിന്‍്റെ മൂന്ന് ശതമാനം മാത്രമാണ്. ഇത്ര തുച്ഛമായ ഊര്‍ജം കൊണ്ട് ഒരു രാജ്യത്തിന്റെ ആവശ്യങ്ങള്‍ എങ്ങനെ പരിഹരിക്കും?
19 ആണവ നിലയങ്ങളില്‍ നിന്ന് 4000 മെഗാവാട്ട് ഉത്പാദിപ്പിക്കാന്‍ കഴിയും എന്ന് ഉറക്കെ പറയുന്ന അതേ ഭരണകൂടമാണ് ഇപ്പോള്‍ കാറ്റില്‍ നിന്ന് മാത്രം 13,184 മെഗാവാട്ട് ഉത്പാദിപ്പിക്കാന്‍ കഴിയുന്നു എന്ന വസ്തുത രഹസ്യമാക്കി വെക്കുന്നത്. കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ മാര്‍ഗങ്ങള്‍ ഉണ്ടെന്നിരിക്കെയാണ് കോടിക്കണക്കിനു നികുതി പണം മുടക്കി കുറഞ്ഞ കാലം മാത്രം ഉപയോഗിക്കാനാവുന്ന, അത്യന്തം അപകടകരമായ ഇത്തരം പരിപാടി നടപ്പാക്കാനുള്ള ശ്രമം. സര്‍ക്കാര്‍ ഓരോ വര്‍ഷവും പുറത്തു വിടുന്ന ഊര്‍ജ പ്രതിസന്ധിയെക്കുറിച്ചുള്ള കണക്കുകളില്‍ വൈദ്യുതിയുടെ മാത്രം കണക്കെത്ര എന്ന ചോദ്യം ആരും ചോദിക്കുന്നതായി കാണാറില്ല. ഊര്‍ജം എന്ന വകുപ്പില്‍ വൈദ്യുതി മാത്രമല്ലല്ലോ ഉള്ളത്.
ഇത്തരം ചര്‍ച്ചകള്‍ കൊണ്ട് സജീവമായിരുന്നു, പരശുറാം യാത്ര.
രാത്രി 8 മണിയോടെ തിരുവനന്തപുരത്തത്തെി. സെക്രട്ടറിയേറ്റിന് മുന്നില്‍ ഞങ്ങളെ കാത്ത് തിരുവനന്തപുരത്തെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. മെഴുകുതിരി കത്തിച്ച് മുക്കാല്‍ മണിക്കൂറോളം അവിടെ ചെലവഴിച്ചു. ആണവ വിരുദ്ധ മുദ്രാവാക്യങ്ങള്‍ , പോസ്ററുകള്‍ , പാട്ടുകള്‍ . ഐകഫ് ഹൌസിലേക്ക് രാത്രി ഉറങ്ങാന്‍ പോകുമ്പോഴും പകലത്തെ യാത്രയുടെ ക്ഷീണം ഞങ്ങളുടെ ഊര്‍ജത്തെ അല്പം പോലും ബാധിച്ചിരുന്നില്ല.
 
കാറ്റാടിപ്പാടം
 
ഇടിന്തകരൈ ഗ്രാമത്തിലേക്ക്
അടുത്ത ദിവസം കാലത്തുള്ള നാഗര്‍കോവില്‍ പാസ്സഞ്ചര്‍ ട്രെയിനില്‍ ഞങ്ങള്‍ ഇടിന്തകരൈ ഗ്രാമത്തിലേക്ക് തിരിച്ചു. നാഗര്‍കോവിലില്‍ നിന്ന് ബസ്സില്‍ വേണം അവിടെയത്തൊന്‍ . നേരിട്ടുള്ള ബസ്സ് കുറവായതിനാല്‍ ആദ്യം അഞ്ച് ഗ്രാമം എന്ന സ്ഥലത്തേക്കുള്ള ബസ്സ് പിടിച്ചു. പിന്നീട് രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ഇടിന്തകരൈ ഗ്രാമത്തിലേക്ക് വണ്ടി കയറി. ഏഷ്യയിലെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കപ്പെടുന്ന തിരുനെല്‍വേലി മുപ്പന്തല്‍ കാറ്റാടിപ്പാടം കടന്നു വേണം ഇടിന്തകരയില്‍ എത്താന്‍. കൂടംകുളം നിലയത്തിലെ ഇപ്പോഴത്തെ വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റുന്നത് ഈ കാറ്റാടിപ്പാടം ആണെന്നതാണ് രസകരമായ വസ്തുത.മാത്രമല്ല, കൂടംകുളം ടൗണ്‍ഷിപ്പിലെക്കുള്ള വൈദ്യുതിയും ഇവിടെ നിന്ന് തന്നെ. കൂടംകുളം നിലയത്തിലെ ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും താമസിക്കുന്നത് ഇവിടെയാണ്. പദ്ധതി സുരക്ഷിതമെന്ന് വാദിക്കുന്ന ഇവര്‍ പോലും താമസിക്കുന്നത് ഈ നിലയത്തില്‍ നിന്നും കിലോ മീറ്ററുകള്‍ക്കപ്പുറത്താണ്.
ഒരുച്ച നേരത്താണ് ഇടിന്തകരയില്‍ എത്തുന്നത്. രണ്ട് മൂന്ന് ചെറിയ കടകള്‍ മാത്രമുള്ള ഒരു ജങ്ഷനില്‍ ഞങ്ങള്‍ വണ്ടിയിറങ്ങി. കൂടംകുളം ആണവ പദ്ധതിക്കെതിരായി സമരം നടക്കുന്ന ഇടിന്തകരയിലെ ലൂര്‍ദ്ദ് പള്ളിക്ക് സമീപമത്തൊന്‍ അവിടെ നിന്ന് ചെറിയൊരു കട്ട് റോഡുണ്ട്. രണ്ടടി നടന്നപ്പോഴേക്കും മുദ്രാവാക്യങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി…
“മൂടി വിട്… മൂടി വിട് …. അണു ഉലൈ മൂടി വിട് ”
തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഒരു സ്ത്രീ ശബ്ദം!
ഞങ്ങളുടെ നടത്തത്തിനു വേഗത കൂടി. രണ്ട് ദശാബ്ദങ്ങളായി നീണ്ടു നില്‍ക്കുന്ന ആ സമരത്തിന്റെ ചൂട് കാല്‍പാദങ്ങളെ പൊള്ളിച്ച പോലെ. അത്ര നേരം പല വര്‍ത്തമാനങ്ങളും പറഞ്ഞ് കൊണ്ടിരുന്ന ഞങ്ങള്‍ പെട്ടെന്ന് നിശ്ശബ്ദരായി.
ആ ചെറിയ നടവഴി ചെന്ന് കയറിയത് വിശാലമായ പള്ളി മുറ്റത്തേക്കായിരുന്നു. ഓല മേഞ്ഞ വിശാലമായ മുറ്റം. അതിനൊരു വശത്ത് മാതാവിന്റെ നാമധേയത്തിലുള്ള പള്ളിയും അഭിമുഖമായി ചെറിയാരു ക്ഷേത്രവും. ആ നട്ടുച്ച വെയിലിലും ഒരു കൂട്ടം മനുഷ്യര്‍ ആ മുറ്റത്ത് ഒരുമിച്ചിരിക്കുന്നു്. മുന്നിലെ മൈക്കിലൂടെ ഒരു അക്ക മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊടുക്കുന്നു. ആവേശം ഒട്ടും ചോരാതെ അത് ഏറ്റു വിളിച്ച് മറു കൂട്ടവും അതിനോട് ചേര്‍ന്നു.
“വേണ്ടാ വേണ്ടാ …. അണു ഉലൈ വേണ്ടാ…..” അവരുടെ ശബ്ദം വീണ്ടും ഞങ്ങളുടെ നിശബ്ദതയെ കീറി മുറിച്ചു.
പള്ളിമുറ്റത്തേക്ക് കയറാനുള്ള പടവുകള്‍ക്കു മുന്നില്‍ ഞങ്ങള്‍ അങ്ങനെ നില്‍ക്കുകയാണ്. ആളിക്കത്തുന്ന സമരചൂടിന്റെ ഒരംശം ഞങ്ങളിലേക്കും… സഹദേവേട്ടന്‍ തുടക്കം ഇട്ടു. ഞങ്ങള്‍ ഏറ്റു പിടിച്ചു.
“അഭിവാദ്യങ്ങള്‍ …. അഭിവാദ്യങ്ങള്‍ ! കൂടംകുളം ജനതക്കഭിവാദ്യങ്ങള്‍ !”
ഒറ്റ സ്വരമായി അവര്‍ക്ക് മുന്നില്‍ ഞങ്ങള്‍ നിന്നു. ഭാഷയുടെ, ദേശത്തിന്റെ അതിര്‍വരമ്പുകള്‍ ഇല്ലാതായി. .
അവക്കൊപ്പം, അവരില്‍ ഒരാളായി, ഞങ്ങളും സമരപ്പന്തലില്‍ വിരിച്ചിട്ട പായയില്‍ ഇടം പിടിച്ചു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു വലിയ കൂട്ടം തന്നെ അവിടെ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15 ന് നിരാഹാര സത്യാഗ്രഹം തുടങ്ങിയത് മുതല്‍ ഈ സമരപ്പന്തല്‍ ഒരിക്കലും ശൂന്യമായിട്ടില്ല. ആണവനിലയം ഉണ്ടാക്കുന്ന ഭവിഷ്യത്തുകളെ കുറിച്ച് വളരെ കൃത്യമായ അറിവുകളോടെ ആയിരുന്നു അവരുടെ സംസാരം. കൂലിപ്പണി ചെയ്തും മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടുമാണ് ഗ്രാമത്തിലെ ഭൂരിഭാഗം പേരും ജീവിക്കാനുള്ള വക കണ്ടത്തെുന്നത്.
 
സമരപ്പന്തലിലെ കുട്ടികള്‍
 
സമരപ്പന്തലില്‍
കൂട്ടത്തിലും അധികം ‘കുട്ടികള്‍’ ആയത് കൊണ്ടാണോ എന്നറിയില്ല ഞങ്ങള്‍ ആദ്യം കൂട്ടായത് അവിടത്തെ കുട്ടികളോടായിരുന്നു. കടലാസ് കൊണ്ടു പല തരത്തിലുള്ള രൂപങ്ങള്‍ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് മുബീനും സംഘവും അവര്‍ക്ക് കാണിച്ചു കൊടുത്തു. തസ്ലീമും ആദിലും ക്യാമറയുടെ സൂത്രങ്ങള്‍ പറഞ്ഞു കൊടുത്ത് കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു. ഞാനും മിധുവും അമ്മച്ചിമാര്‍ക്കൊപ്പം കൂടി. സമരത്തെ കുറിച്ച് പറയുമ്പോഴൊക്കെ അവരുടെ മുഖങ്ങള്‍ ജ്വലിച്ചു. ഇടയില്‍ അല്പം നാട്ടുവിശേഷങ്ങളും വീട്ടുവിശേഷങ്ങളും. ദിവസവും കാലത്ത് സമരപ്പന്തലില്‍ എത്തുന്നതാണ് ഇവര്‍. വൈകുന്നേരം വരെ ഇവിടെ തന്നെ. അതിനിടയില്‍ വെള്ളം മാത്രം ഭക്ഷണം! വിഷവികിരണം ഏറ്റു മരിക്കുന്നതിനെക്കാള്‍ എത്രയോ ഭേദമാണ് വിശന്നു ജീവിക്കുന്നത്!
പിന്നിട്ട നാള്‍ വഴികളുടെ ഓര്‍മ്മകള്‍ സമരപ്പന്തലിലെ അമ്മമാര്‍ ഞങ്ങളോട് പങ്കുവെച്ചു. കഷ്ടപ്പാടും പ്രാരബ്ധവും ആയിക്കഴിയുന്ന ഗ്രാമവാസികള്‍ക്ക് രക്ഷാമാര്‍ഗം എന്ന നിലക്കായിരുന്നു വര്‍ഷങ്ങള്‍ക്കു മുന്‍പേ ഈ പദ്ധതി അവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നത്. പക്ഷെ, ചെര്‍ണോബില്‍ ദുരന്തത്തിന് ശേഷം ആണവ പദ്ധതികള്‍ സുരക്ഷിതമാണോ എന്നുള്ള സംശയങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നു തുടങ്ങി. ആണവ പദ്ധതികളുടെ അപകടങ്ങളെ കുറിച്ച് ഗ്രാമവാസികളോട് ആദ്യം പറയുന്നത് 1988 ല്‍ ഇവിടെയത്തെിയ ഒരു കൂട്ടം ആണവ വിരുദ്ധ പ്രവര്‍ത്തകരായിരുന്നു. 1988 ലെ തീരദേശ രക്ഷായാത്രയുടെ ഭാഗമായ സമ്മേളനങ്ങളില്‍ നിന്ന് പദ്ധതിയുടെ ഭീകരാവസ്ഥയെ കുറിച്ച് ഗ്രാമവാസികള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. അതോടെ ഗ്രാമത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന എതിര്‍പ്പ് പുറം ലോകം അറിയാന്‍ തുടങ്ങി. ജനങ്ങള്‍ പദ്ധതിയെ എതിര്‍ക്കാന്‍ തയ്യാറായി. പക്ഷെ അവരുടെ എതിര്‍പ്പിനെ വെടിവയ്പ്പ് കൊണ്ടാണ് അന്നത്തെ തമിഴ് നാട് സര്‍ക്കാര്‍ നേരിട്ടത്.
എന്നാല്‍ ഇനി ഒരു വെടിവയ്പ്പ് ഉണ്ടായാലും സമരത്തില്‍ നിന്ന് പിന്‍മാറാന്‍ ഒരുക്കമല്ല എന്ന് പറഞ്ഞ്, ഞങ്ങളോട് സംസാരിച്ചു കൊണ്ടിരുന്ന അക്ക, മുമ്പിലിരുന്ന കുട്ടികളുടെ നേരെ തിരിഞ്ഞ് ഉറക്കെ ചോദിച്ചു. “പോരാട്ടത്തക്ക് തയ്യറാ….. തയ്യറാ……”
“……… തയ്യര്‍ … തയ്യര്‍ …. ” അവിടെയുള്ള കുട്ടികള്‍ ഉറച്ച സ്വരത്തില്‍ മറുപടി പറഞ്ഞു.
ചെറിയാരു പെണ്‍കുട്ടി ആയിരുന്നു പിന്നെ മുദ്രാവാക്യം വിളിച്ചു കൊടുത്തത്. വലിയ സ്വരത്തില്‍ കുട്ടികള്‍ അതേറ്റു വിളിച്ചു.
രണ്ട് മൂന്ന് മണിക്കൂര്‍ അവര്‍ക്കൊപ്പം ചെലവഴിച്ച ശേഷം അവിടം ചുറ്റി നടന്ന് കാണാന്‍ ഞങ്ങള്‍ പുറത്തേക്കിറങ്ങി.
 
ചുവന്ന നിറത്തില്‍ കടല്‍
 
കാതോര്‍ത്താല്‍ ഇരമ്പം
ഒരു വിളിപ്പാടകലെ കടലുണ്ട്. കാതോര്‍ത്താല്‍ ഇരമ്പം കേള്‍ക്കാം. ഞങ്ങള്‍ പല കൂട്ടങ്ങളായി കടലിനെ ലക്ഷ്യമാക്കി നീങ്ങി. ഇടിന്തകരൈ കോളനികളിലെ വീടുകള്‍ കടന്നു വേണം കടലിനടുത്തത്തൊന്‍. മണ്ണ് കൊണ്ടണ്ടാക്കിയ ചെറിയ കൂരകള്‍ ആയിരുന്നു കൂടുതലും. അങ്ങിങ്ങായി ഉറപ്പുള്ള ചില വീടുകളും ഉണ്ട്. വീടിനു പുറത്ത് നിന്നിരുന്ന കുട്ടികളോടൊപ്പം വിഘ്നേഷും സംഘവും കൂടി. അവരുടെ ചില ഫോട്ടോകള്‍ എടുത്തും അതൊക്കെ അവരെ കാണിച്ചും അവര്‍ പെട്ടെന്ന് കൂട്ടായി. ആദിലും അജിലാലും ആയിരുന്നു കുട്ടികളോട് സംസാരിക്കുന്നതില്‍ മുമ്പില്‍ .
അവരില്‍ ഭൂരിഭാഗവും പഠിക്കുന്നത് അടുത്തുള്ള സര്‍ക്കാര്‍ സ്കൂളുകളിലാണ്. സ്കൂള്‍ വിട്ട് നേരെ സമരപ്പന്തലിലെക്കത്തെും. സ്കൂള്‍ ഇല്ലാത്ത ദിവസങ്ങളില്‍ മുഴുവന്‍ സമയവും പന്തലില്‍ തന്നെ. അവരുടെ കുട്ടിക്കളികളെ കുറിച്ച് കേട്ടപ്പോള്‍ രസം തോന്നി. തമിഴ് സിനിമകളിലെ ഹിറ്റ് പാട്ടുകള്‍ സമരപ്പാട്ടുകള്‍ ആക്കി മാറ്റുന്നതാണ് ഒരു കളി. സിനിമയിലെ പാട്ടുകളുടെ വരികള്‍ക്ക് പകരം സമരത്തെ കുറിച്ച് സൂചിപ്പിക്കുന്ന വരികള്‍ കണ്ടത്തെണം. ട്യൂണിനു വ്യത്യാസമില്ല. അങ്ങനെ അവര്‍ മാറ്റി മറിച്ച പാട്ടുകള്‍ ഞങ്ങള്‍ക്കായി ആവേശത്തോടെ പാടി തന്നു. കയ്യിച്ച്, താളം പിടിച്ച് ഞങ്ങളും ആ കുഞ്ഞു സമരക്കാരോടൊപ്പം ചേര്‍ന്നു. പാട്ടിനു ശേഷം കടലിലേക്ക് പോകാനുള്ള വഴി ചൂണ്ടിക്കാട്ടി തന്ന് അവര്‍ സമരപ്പന്തലിലേക്ക് ഓടിപ്പോയി.
കൂറ്റന്‍ കരിങ്കല്‍ ഭിത്തി കൊണ്ട് തടയിട്ട കടല്‍ തീരം. നോക്കത്തൊ ദൂരത്തു പരന്നു കിടക്കുന്ന കടല്‍ . പക്ഷെ, കടലിന്റെ നിറം കണ്ടപ്പോള്‍ ഞങ്ങള്‍ ഞെട്ടി. കലങ്ങി മറിഞ്ഞു ചുമന്ന നിറത്തിലുള്ള കടല്‍ കാണുന്നത് ആദ്യമായിട്ടായിരുന്നു. കുറച്ചു കിലോമീറ്ററുകളോളം കടല്‍ ചുമന്നു തന്നെ. അക്ഷരാര്‍ത്ഥത്തില്‍ ചെങ്കടല്‍ . കടല്‍ ചുവക്കാനുള്ള കാരണം അന്വേഷിച്ചപ്പോഴാണ് മറ്റൊരു സംഗതി കൂടി മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇടിന്തകരൈ ഗ്രാമത്തിന് അടുത്ത് തന്നെയുള്ള കൂതെങ്കുളി എന്ന സ്ഥലത്ത് ഒരു സാന്‍്റ് മൈനിംഗ് പ്ളാന്‍്റ് ഉണ്ട്. ആ പ്ളാന്‍്റില്‍ നിന്നുള്ള മാലിന്യം കടലിലേക്ക് ഒഴുക്കി വിടുന്നതുകൊണ്ടാണ് കടല്‍ വെള്ളം ഇങ്ങനെ ചുവക്കുന്നത്. കൂടംകുളം പദ്ധതിയുടെ sterilization സോണിനകത്താണ് ഈ മൈനിംഗ് പ്ളാന്‍്റും. ചെകുത്താനും കടലിനും ഇടയില്‍ കഴിയുക എന്ന് പറയുന്നതിന്‍്റെ വൈചിത്ര്യം അമ്പരപ്പിക്കുന്നതായിരുന്നു. നിരക്ഷരരായ ജനതയെ വീണ്ടും വീണ്ടും ചൂഷണം ചെയ്യക എന്നതാണോ വികസനം എന്ന വാക്ക് കൊണ്ട് ഉദേശിക്കുന്നത് എന്ന സംശയം ബാക്കി വച്ച് ഞങ്ങള്‍ സമരപ്പന്തലിലേക്ക് തിരിച്ചു നടന്നു.
അവിടെയിപ്പോഴും മുദ്രാവാക്യങ്ങളുടെ കടലിരമ്പം. മുദ്രാവാക്യങ്ങള്‍ വിളിച്ച് ക്ഷീണിച്ച അവരുടെ ശബ്ദങ്ങള്‍ക്ക് ശക്തിയായി ഞങ്ങളും ചേര്‍ന്നു. സമരത്തിന് ഊര്‍ജ്ജം നിറച്ച് ഒന്നിന് പിറകെ ഒന്നായി അനേകം പാട്ടുകള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു. ഗണേശന്‍ അണ്ണന്‍ പാടി തന്ന ‘വെല്‍കവേല്‍ …..’ എന്ന് തുടങ്ങുന്ന പാട്ട് പെരും മഴ പോലെ പെയ്തു. എത്ര പാടിയിട്ടും തീരാതെ അത് ഞരമ്പുകളില്‍ ആവേശം നിറച്ചു.
‘ വെല്‍കവേല്‍ …. വെല്‍കവേല്‍ …. അണു ഉലയേ എതിര്‍ക്കും മക്കള്‍ പോരാട്ടം വെല്‍കവേല്‍ ….’
ഒരേ സ്വരത്തില്‍, ഒരേ താളത്തില്‍ പോരാട്ടത്തിന്റെ ആ പാട്ട് അവിടമാകെ മാറ്റൊലി കൊണ്ടു.
ആറുമണിക്കുള്ള അവസാന ബസില്‍ കയറാന്‍ , യാത്ര പറഞ്ഞ് ഇറങ്ങുമ്പോഴും കാതിലത് നിറഞ്ഞു നിന്നു. തീച്ചൂടുള്ള വരികള്‍.
‘വെല്‍കവേല്‍ …. വെല്‍കവേല്‍ …. അണു ഉലയേ എതിര്‍ക്കും മക്കള്‍ പോരാട്ടം വെല്‍കവേല്‍ ….’
 
കടല്‍ ചുവന്നപ്പോള്‍
 
നിസ്സംഗതയുടെ വില
കൂടംകുളം നിലയത്തിന്റെ മുപ്പതു കിലോമീറ്റര്‍ ചുറ്റളവില്‍ 10 ലക്ഷം പേര്‍ താമസിക്കുന്നുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. ആണവ നിലയങ്ങള്‍ക്ക് ചുറ്റിലും താമസിക്കുന്നവരില്‍ റേഡിയേഷന്‍ മൂലം വലിയ അളവിലുള്ള ജീന്‍ മ്യൂട്ടേഷന്‍ സംഭവിക്കുന്നതായി കണ്ടത്തെിയിട്ടുണ്ട്. കൂടാതെ പലവിധ കാന്‍സര്‍ രോഗങ്ങളും കണ്ടു വരുന്നുണ്ട്. ഒരു ജനതയെ നിശബ്ദമായി വിഷവികിരണം ഏല്‍പ്പിച്ചു കൊന്നിട്ട് വേണോ നമ്മുടെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ ?
തമിഴ്നാട്ടില്‍ ഇപ്പോഴുള്ള ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ ഈ പദ്ധതി അല്ലാതെ വേറെ മാര്‍ഗം ഒന്നുമില്ല എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. അതിനു ആക്കം കൂട്ടാന്‍ 9 മുതല്‍ 13 മണിക്കൂര്‍ വരെ തമിഴ്നാട് സര്‍ക്കാര്‍ വക പവര്‍ കട്ടും. ചെന്ന പോലുള്ള വലിയ നഗരങ്ങള്‍ക്കും, വന്‍കിട കമ്പനികള്‍ക്കൊന്നും ഈ കറന്‍്റ് കട്ട് ബാധകമല്ല എന്നറിയുമ്പോഴാണ് ഊര്‍ജത്തിന്റെ പേരില്‍ നടക്കുന്ന ഈ രാഷ്ട്രീയക്കളികള്‍ എന്തിനെന്ന് ചോദിച്ചു പോവുന്നത്. തീര്‍ച്ചയായും കേള്‍ക്കാന്‍ സുഖമുള്ള ഉത്തരങ്ങളില്ല, ഇത്തരം ചോദ്യങ്ങള്‍ക്കൊന്നിനും.
എങ്കിലും ഇത്തരം ചോദ്യങ്ങള്‍ വക തിരിവോടെ ചോദിച്ചില്ലെങ്കില്‍ അവരീ ഭൂമിക്ക് വിലയിടും. ശ്വസിക്കുന്ന വായുവിനു നികുതി ചുമത്തും. കുടിക്കുന്ന വെള്ളത്തില്‍ വിഷം കലക്കും. അവസാനം പ്രകൃതി ദുരന്തത്തിലും മനുഷ്യ നിര്‍മ്മിത ദുരന്തത്തിലും പെട്ട് മരിക്കുന്ന വാര്‍ത്തയിലെ വെറും അക്കങ്ങളായി നമ്മള്‍ മാറേണ്ടി വരും. നിസ്സംഗരായിരിക്കാന്‍ എളുപ്പമാണ്. പക്ഷെ, അതിന്റെ വില ഒട്ടും ചെറുതായിരിക്കില്ല.