Thursday, January 19, 2012

ഒരു കുന്തംപട്ടാണി ഉണ്ടായ കഥ


ബ്ലോഗിന് എന്ത് പേരിടണം എന്ന് ആലോചിച്ചപ്പോള്‍ ഏറ്റവും ആദ്യം മനസ്സില്‍ വന്നത് ഞാന്‍ എപ്പോഴും  ഉപയോഗിക്കാറുള്ള ഒരു വാക്കാണ്‌. മലയാള ഭാഷ നിഘണ്ടുവില്‍  തപ്പി നോക്കിയാല്‍ ഒരു പക്ഷെ ഇത്തരം ഒരു വാക്ക് കണ്ടെത്താന്‍ കഴിയില്ല. എന്ന് കരുതി  ഇത് അത്രയ്ക്ക് തരം താണ വാക്കാണെന്നു കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി. . ഏതു സന്ദര്‍ഭത്തിലും പറഞ്ഞു ഫലിപ്പിക്കാവുന്ന ഒരു കുന്തംപട്ടാണി വാക്ക്... കണ്ടോ കണ്ടോ.... അവനിങ്ങനെ എന്റെ എഴുത്തില്‍ കയറി പറ്റുന്നത്.... 

എങ്ങനെ, എപ്പോള്‍  ഈ വാക്ക് എന്റെ നാവില്‍ കയറി പറ്റി എന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരം പറയാന്‍ ബുദ്ധിമുട്ടാണ്. എങ്കിലും  ഓര്‍മ്മയില്‍ ആദ്യം വരുന്ന സംഭവം ഒരു സ്കോളര്‍ഷിപ്‌  പരീക്ഷയുമായി ബന്ധപെട്ടാണ്.  ഞാന്‍ അന്ന് ഒന്നാം ക്ലാസ്സില്‍ രണ്ടാം വര്‍ഷം പഠിക്കുകയാണ്. രണ്ടു വര്‍ഷം ഒന്നാം ക്ലാസ്സില്‍ പഠിച്ചതിനു പുറകിലുമുണ്ട് ഒരു ചെറിയ ഫ്ലാഷ് ബാക്ക്. 
എന്റെ വീടിനടുത്ത് തന്നെ ഒരു നേഴ്സറി സ്കൂള്‍ ഉണ്ട്. അമ്പിളി  നേഴ്സറി  സ്കൂള്‍ . നാട്ടിലെ ഒരു വിധം കുട്ടിപട്ടാളമൊക്കെ ഇവിടെ നിന്നാണ് എഴുതാനും വായിക്കാനുമൊക്കെ പഠിച്ചു തുടങ്ങുന്നത്.  അവിടത്തെ ടീച്ചര്‍ എന്‍റെ അമ്മയുടെ അടുത്ത കൂട്ടുകാരിയും! അങ്ങനെ എനിക്ക് മൂന്നു വയസ്സായപ്പോഴേക്കും ഞാനും അവിടത്തെ വിദ്യാര്‍ഥിയായി. സംഭവം ചെറിയ നേഴ്സറി ആണെങ്കിലും അവിടെയും യുണിഫോം ഒക്കെ ഉണ്ട്. ക്രീം നിറത്തിലുള്ള ഷര്‍ട്ടും മെറൂണ്‍ പാവാടയും. വെറുതെ വീട്ടില്‍ ഇരിക്കുന്ന സമയം രണ്ടക്ഷരം പഠിച്ചോട്ടെ എന്നായിരുന്നു അമ്മയുടെ ന്യായം.  എന്നെ രണ്ടു വര്‍ഷം നേഴ്സറിയില്‍ ഇരുത്തി അഞ്ച് വയസ്സാവുമ്പോള്‍ സ്കൂളില്‍ ചേര്‍ക്കാനായിരുന്നു അമ്മയുടെ പ്ലാന്‍ . ഞാനാരാ മോള്‍ ! ഒരു വര്‍ഷം കൊണ്ടു തന്നെ ഞാന്‍  നേഴ്സറിയിലെ പാഠങ്ങള്‍ ഒക്കെ മനപാഠം ആക്കിയത് കൊണ്ട്  എന്നെ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തോളാന്‍ ടീച്ചര്‍ അമ്മയോട് പറഞ്ഞു. അങ്ങനെ നാലാം വയസ്സില്‍ ഞാന്‍ കൊവെന്താ സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നു. 

അഞ്ച് വയസ്സ് ആവാത്തത്  കൊണ്ട് , ഒരു അട്ജസ്റ്റ്മെന്റില്‍ ആണ് പ്രവേശനം. പേര് ഉണ്ണിമേരി, വിലാസം അമ്മയുടെ തറവാട്ടിലെ കൊടുത്തു.  കഷ്ടകാലത്തിന്, ചുമ്മാ സ്കൂളില്‍ ചേര്‍ത്ത എനിക്ക് സ്കൂളില്‍ കാക്കൊല്ല  പരീക്ഷക്കും   അരക്കൊല്ല പരീക്ഷക്കും ഒന്നാം സ്ഥാനം കിട്ടി. നിയമ പ്രകാരം ആ വര്‍ഷത്തെ സ്കോളര്‍ഷിപ്‌ പരീക്ഷ എഴുതേണ്ടത് ഞാനും. എന്‍റെ പ്രവേശനം അഡ്ജസ്റ്റ് മെന്റ് പ്രവേശനം ആയതു  കൊണ്ട്  എന്നെ പരീക്ഷക്ക്‌ വിടാന്‍ നിവൃത്തിയില്ല. അതുകൊണ്ടു അരകൊല്ല പരീക്ഷ കഴിഞ്ഞപ്പോള്‍ എന്‍റെ സ്കൂളില്‍ പോക്ക് നിറുത്തിച്ചു. പിന്നെ അടുത്ത വര്‍ഷം ശരിയായ പേരിലും ശരിയായ വിലാസത്തിലും ഞാന്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നു. 

വീണ്ടും ചക്ക വീണു, മുയല്‍ ചത്തു, ഞാന്‍ വീണ്ടും ഒന്നാമതായി.അങ്ങനെ ആദ്യത്തെ സ്കോളര്‍ഷിപ്‌ പരീക്ഷക്ക്‌ ഞാന്‍ തെരഞ്ഞെടുക്കപെട്ടു. തൃശൂര്‍ വച്ചായിരുന്നു പരീക്ഷ. ഒരു പക്ഷെ ഞാന്‍ ആദ്യമായി തൃശൂര്‍ ടൌണ്‍ കാണുന്നതും അന്നായിരിക്കണം. എന്‍റെ കൂടെ വന്നത് അമ്മയായിരുന്നു. നല്ല രസകരമായിരുന്നു യാത്ര. പരീക്ഷ എങ്ങനെ ഒക്കെയോ എഴുതി. പരീക്ഷ കഴിഞ്ഞു ചോദ്യ പേപ്പര്‍ അമ്മയെ ഏല്പിച്ചു എന്നാണ്‌ എന്‍റെ ഓര്‍മ. എന്തായാലും, അമ്മ അതു നേരെ ബാഗില്‍ നിക്ഷേപിച്ചു. സംഗതി ക്ലീന്‍ ! പക്ഷെ, കഥ അവിടെ തീര്‍ന്നില്ല. പരീക്ഷ കഴിഞ്ഞ്‌ എന്നെയും കൂട്ടി അമ്മ നേരെ ചെന്നത് അമ്മയുടെ തറവാട്ടിലെക്കായിരുന്നു!  അവിടെ ഒരു പൂരത്തിന്റെ ആളുകള്‍ ഉണ്ടായിരുന്നു. തറവാട്ടില്‍ നിന്ന് ആദ്യമായി ഒരു കുട്ടി സ്കോളര്‍ഷിപ്‌ പരീക്ഷ എഴുതി വന്നിരിക്കുകയാണ്. അതിന്റെ സന്തോഷത്തിലാണ് എല്ലാവരും. എനിക്ക് രാജകീയ സ്വീകരണം. സ്പെഷ്യല്‍ ചായ... പലഹാരങ്ങള്‍ ... ഇതൊക്കെ ആസ്വദിച്ചു ഞാനിങ്ങനെ രസിച്ചു ഇരിക്കുമ്പോഴാണ് കുഞ്ഞി (എന്‍റെ രണ്ടാമത്തെ ചേച്ചി ) ആ കൊടും പാതകം ചെയ്തത്. അമ്മയുടെ ബാഗില്‍ നിന്നും ചോദ്യ പേപ്പര്‍ കണ്ടെത്തി. അതോടെ എല്ലാവരും ആവേശത്തിലായി!
പക്ഷെ എന്‍റെ ബള്‍ബ് ഫ്യൂസ് ആയി എന്നല്ലേ പറയേണ്ടൂ !!!! പരീക്ഷ കഴിഞ്ഞിട്ട് പിന്നെ ചോദ്യ പേപ്പര്‍ നോക്കി എത്ര മാര്‍ക്ക് കിട്ടും എന്നും നോക്കുന്നതിനേക്കാള്‍ ബോറ് പരിപാടി വേറെ ഉണ്ടോ?! ഞാന്‍ ഇടവും വലവും തിരിഞ്ഞു നോക്കി. രക്ഷപ്പെടാന്‍ ഒരു വഴിയും കാണുന്നില്ല. ഗത്യന്തരമില്ലാതെ കുഞ്ഞി ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ ഞാന്‍ ഉത്തരം പറഞ്ഞു. എന്‍റെ ഹൃദയം ഇടിക്കുന്നത്‌ അര കിലോമീറ്റര്‍ ദൂരം വരെ കേള്‍ക്കാം. പക്ഷെ കുഞ്ഞി ഉണ്ടോ വിടുന്നു... അങ്ങനെ  ചോദ്യങ്ങളായ ചോദ്യങ്ങളൊക്കെ ചാടി കടന്നു അവസാനത്തെ ചോദ്യത്തില്‍ എത്തി. ആനയെ കുറിച്ച് അഞ്ച് വാചകം എഴുതുക. 
കുഞ്ഞി ചോദിച്ചു, നീ എഴുതിയോ? 
നാട്ടില്‍ പൂരത്തിന് എല്ലാ വര്‍ഷവും ആനയെ എഴുന്നുള്ളിക്കുന്നത് കണ്ടു വളര്‍ന്ന എനിക്ക് ആന ഒരു പുതിയ സംഭവം ആയിരുന്നില്ല. അതു കൊണ്ടു ഈ ചോദ്യത്തിന് ഞാന്‍ ഉത്തരം എഴുതി കാണുമെന്നു കുഞ്ഞിക്കു ഉറപ്പായിരുന്നു.
 "നീ എന്താ എഴുതിയെ? പറഞ്ഞെ, കേള്‍ക്കട്ടെ!' എന്നായി കുഞ്ഞി. 
എനിക്കാണെങ്കില്‍ ആ ചോദ്യത്തിന് എന്താന്ന് ഉത്തരമായി എഴുതി വച്ചിരിക്കുന്നത് എന്ന് ഓര്‍മയും കിട്ടുന്നില്ല.  
എന്‍റെ ആലോചന കണ്ട് കുഞ്ഞി വീണ്ടും ചോദിച്ചു, "ആനക്ക് രണ്ടു കണ്ണുണ്ട്, ഒരു വാലുണ്ട്, നാല് കാലുണ്ട്. ആനയുടെ നിറം കറുപ്പ് ആണ്. ഇതൊക്കെ എഴുതീലെ?" 
എന്‍റെ ഹൃദയത്തില്‍ ഒരു കൊള്ളിയാന്‍ മിന്നി. ആനയെക്കുറിച്ചു ഇതൊക്കെയാണോ എഴുതേണ്ടത്? എഴുതിയത് എന്താണെന്ന് ഓര്‍മ ഇല്ലെങ്കിലും ഒരു കാര്യം എനിക്കുറപ്പായിരുന്നു. കുഞ്ഞി പറഞ്ഞ കാര്യങ്ങള്‍ ഒന്നുമല്ല ഞാന്‍ എഴുതിയിരിക്കുന്നത്. ഈ ചോദ്യത്തിനു അഞ്ച് മാര്‍ക്കാണ്. ഇതെങ്ങാനും ഞാന്‍ തെറ്റിച്ചു എന്ന് പറഞ്ഞാല്‍ കുഞ്ഞി ചീത്ത വിളിക്കും  എന്ന കാര്യം ഉറപ്പ്. (പഠന കാര്യങ്ങളില്‍ എന്‍റെ ചുമതല കുഞ്ഞിക്കാണ്‌. അതാരും ഏല്‍പ്പിച്ചു കൊടുത്തതല്ല, ചേച്ചി സ്വയം ഏറ്റെടുത്ത കുരിശാ!!!)
നീയെന്താ  എഴുതിയെ..... , കുഞ്ഞി വീണ്ടും ചോദിച്ചു. 
ദേഷ്യവും സങ്കടവും പേടിയും കലര്‍ന്ന് വല്ലാത്ത ഒരു അവസ്ഥയില്‍ ആണ് ഞാന്‍ അപ്പോള്‍ .....
എടുത്ത വഴിക്ക് ഒറ്റ കാച്ചാ, "കുന്തംപട്ടാണി! എനിക്കറിയില്ല!" 
ഇപ്പൊ അടി വീഴും എന്ന് പ്രതീക്ഷിച്ച്‌ നിന്ന ഞാന്‍ കേട്ടത് പൊട്ടിച്ചിരി ആയിരുന്നു.... 
"കുന്തംപട്ടാണിയോ, അതെന്താ?"
"ആന തോട്ടി ആയിരിക്കോ?"
അവിടെ ഉണ്ടായിരുന്ന ഓരോരുത്തരും അവരവര്‍ക്ക് തോന്നുന്ന അര്‍ഥം ആലോചിച്ച്‌ കണ്ടെത്തി ചിരിയോ ചിരി! 
പിന്നെ ഞാന്‍ അധിക നേരം അവിടെ നിന്നില്ല. വേഗം അമ്മയുടെ സാരി തലപ്പിനു പുറകിലേക്ക് പാഞ്ഞു.

സംഭവം ഇങ്ങനെയൊക്കെ ആണെങ്കിലും, ഈ വാക്ക് എന്നെ ചുറ്റി പറ്റി കറങ്ങി കൊണ്ടിരുന്നു. ഏതെങ്കിലും സാധനത്തിന്റെ  പേര് കിട്ടാതെ വരുമ്പോള്‍ ഞാന്‍ അവിടെയൊക്കെ ഈ വാക്ക് ഉപയോഗിക്കും. ഉത്തരം കിട്ടാതെ വരുമ്പോഴും അമളി പറ്റുമ്പോഴും ദേഷ്യം വരുമ്പോഴും ഒക്കെ കുന്തംപട്ടാണി എന്‍റെ രക്ഷക്കെത്തും! 

എന്‍റെ നാവില്‍ എപ്പോഴും കയറി ഇറങ്ങി നടക്കുന്ന  ഈ വാക്ക് ആദ്യം ശ്രദ്ധിച്ചത് എന്‍റെ സുഹൃത്ത്‌ സനല്‍ ആയിരുന്നു.  ഇതിനൊരു ഔദ്യോഗിക പരിവേഷം നല്‍കി, എന്‍റെ വിളിപ്പേരായി  ആദ്യം മൊബൈലില്‍ സേവ് ചെയ്തതും അവന്‍ തന്നെ! പിന്നെയും  പല സുഹൃത്തുക്കളുടെയും കുന്തംപട്ടാണിയായി ഞാന്‍ മാറി! സാഹചര്യത്തിന് ഒത്ത്‌  അര്‍ഥം മാറാന്‍ കഴിയുന്ന ഈ വാക്ക് എന്‍റെ നാവില്‍ നിന്നും പലരുടെയും ശബ്ദ ശേഖരത്തില്‍ ഇടം നേടി. അവസാനം ഇപ്പോള്‍ ഇതാ എന്‍റെ ബ്ലോഗിലും.... കാര്യം ഒരു കുന്തംപട്ടാണി ആണെങ്കിലും ഗൂഗിളില്‍ ഒന്ന് അന്വേഷിച്ചാല്‍ ഇപ്പോള്‍ കുന്തംപട്ടാണി കാണാം. ഇനി അര്‍ഥം അറിയണമെങ്കില്‍ ഈ പോസ്റ്റ്‌ ധാരാളം! 
ഈ കുന്തംപട്ടാണി ലോകത്ത്, ഇത് പോലെയുള്ള കുന്തംപട്ടാണികളും ജീവിച്ചു പോയ്ക്കൊട്ടെന്നെ... !!! 

Sunday, January 8, 2012

വിചിത്ര ജീവിതം


നീയൊരു വിചിത്ര ജീവിയാണ്
ഒന്നിലധികം ഹൃദയമുള്ള
വിചിത്ര ജീവി
അല്ലെങ്കില്‍ എങ്ങനെയാണ്
എന്നില്‍ നിന്ന്
തിരിച്ചു വാങ്ങാതെ
അവള്‍ക്കും നീയൊരു
ഹൃദയം നല്‍കിയത്?
അന്ന് ചിരിച്ചു
പിരിഞ്ഞതിനു ശേഷം
നമ്മള്‍ കണ്ട
ആ രാത്രിയില്ലേ,
അന്നാണ് നീ അടുത്ത്തുണ്ടായിട്ടും
എത്ര അകലത്തില്‍ ആണെന്ന്
ഞാനറിഞ്ഞത്!!!
നമ്മുടെ പ്രണയ നിഖണ്ടുവിലെ
വാക്കുകള്‍ എല്ലാം
നീയപ്പോഴേക്കും
മറന്നിരുന്നു!!
എന്‍റെ മുഖം കയ്യിലെടുത്തു
നീ പറഞ്ഞ ഭാഷയെല്ലാം
എനിക്കജ്ഞാതമായിരുന്നു
എന്‍റെ ഭാഷ വിട്ട്‌
മധുരങ്ങള്‍ വിട്ട്‌
നീ പോയെന്നറിഞ്ഞത്‌
അന്നാണ്

ഇന്ന് വീണ്ടും
ഞാന്‍ നിന്നെ കാണാന്‍
വരുന്നു....
നിന്റെ മുറിഞ്ഞ
ചുണ്ടുകളില്‍
എന്‍റെ മുറിഞ്ഞ
ഹൃദയത്തില്‍ നിന്നുള്ള
സ്നേഹം നിറക്കാന്‍ !

Sunday, January 1, 2012

വഴികള്‍ ഉണ്ടാവുകയല്ല. ഉണ്ടാക്കപ്പെടുകയാണ് !


യാത്രകളില്‍ ഞാനെന്റെ ഡയറി കരുതാറുണ്ട്‌. കോളേജ് പഠനകാലത്തെ യാത്രകളില്‍ പലപ്പോഴും എനിക്ക് പ്രിയമുള്ളവരെ കാണുമ്പോള്‍ ഡയറി അവര്‍ക്ക് നേരെ നീട്ടി ‘എന്തെങ്കിലും എഴുതണം’ എന്ന് നിര്‍ബന്ധം പിടിക്കും. പല തരത്തിലുള്ള ആളുകള്‍… ഒന്ന് കണ്ട് ചിരിച്ചു മാത്രം കടന്നു പോകുന്നവര്‍… ഒരു ചിരി കൊണ്ടു ജീവിതത്തിലേക്ക് കയറി വരുന്നവര്‍… കണ്ടവരില്‍ കുറച്ചു പേരോട് മാത്രം അടുപ്പം തോന്നി… അതില്‍ കുറച്ചു പേരോട്‌ മാത്രം പ്രകടിപ്പിച്ചു. കുറച്ചു നിമിഷങ്ങളുടെ പരിചയം മാത്രം ഉള്ളവര്‍ പോലും വലിയ അടുപ്പക്കരായി തോന്നി. കൂടെ പഠിച്ചില്ലെങ്കിലും, ഒരേ നാട്ടുകാര്‍ അല്ലെങ്കിലും ഒരു ബന്ധം. ഇവരെയൊക്കെ എങ്ങനെ വിശ്വസിക്കും എന്നതിന് മറുപടിക്കായി പഴയ യാത്രകളില്‍ കൂടെ ഉണ്ടായിരുന്ന ഡയറിയുടെ താളുകളിലേക്ക് നീളും. ഒരിക്കല്‍ ഇതേ ചോദ്യം ഞാനും ചോദിച്ചിരുന്നു. സമൂഹത്തിന്റെ മതിലുകള്‍ സൃഷ്ടിച്ച അതിര്‍ത്തികള്‍ക്കു അപ്പുറം യാത്ര ചെയ്തിരുന്ന ഒരു സുഹൃത്തിനോട്… അതിനു മറുപടിയായി അദ്ദേഹം എന്റെ ഡയറിയില്‍ എഴുതി, ‘സീനാ, ഞാന്‍ ഇപ്പോഴും മനുഷ്യന്റെ നന്മയില്‍ വിശ്വസിക്കുന്നു.’ പരിചിതമല്ലാത്ത വഴിയിലൂടെ യാത്രകള്‍ ചെയ്യേണ്ടി വരുമ്പോള്‍ ഈ വാചകം എന്‍റെ മനസ്സില്‍ കടന്നു വരാറുണ്ട്. പക്ഷെ ഒരു ആണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു ചിന്ത അവനുമായി ബന്ധപെട്ടു നില്‍ക്കുന്ന സമൂഹത്തിനോട് പങ്കു വക്കുമ്പോള്‍ അവനു കിട്ടുന്ന സ്വീകാര്യതയല്ല ഒരു പെണ്‍കുട്ടി എന്ന നിലയില്‍ എനിക്ക് കിട്ടിയിട്ടുള്ളത്. അങ്ങനെ ഒരു വിശ്വാസം പോലും കൊണ്ടു നടക്കാന്‍ ഒരു പെണ്‍കുട്ടി എന്ന നിലയില്‍ ഞാന്‍ ഭയപ്പെടണം. കാരണം ‘നഷ്ടപ്പെടാന്‍’ ഉള്ളത് പെണ്‍കുട്ടികള്‍ക്ക് മാത്രമാണല്ലോ!

രാത്രിയും പകലും എന്നില്ലാതെ ഇങ്ങനെ പുറത്തിറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യം എവിടെ നിന്ന് കിട്ടിയെന്നു പലരും നെറ്റി ചുളിച്ച് ചോദിച്ചിട്ടുണ്ട്. (‘നിനക്കൊന്നും ചോദിക്കാനും പറയാനും ആരും ഇല്ലേ’ എന്നാണ് ഈ ചോദ്യത്തിന്റെ പച്ചമലയാളം) കാണാമറയത്തുള്ള ഇത്തരം അധികാരകേന്ദ്രങ്ങള്‍ കല്‍പ്പിച്ചു നല്‍കിയ സ്വാതന്ത്ര്യങ്ങള്‍ക്കു പുറത്ത് കടന്നാല്‍ ആകെ പുലിവാലായി! ഭാരത സ്ത്രീയുടെ ഭാവശുദ്ധി വെള്ളത്തിലായി എന്നുള്ള വിലാപങ്ങള്‍! അതുകൊണ്ട് തന്നെ എന്തിനു വെറുതെ പുലിവാല് പിടിക്കണം എന്നാണു ഭൂരിപക്ഷം സ്ത്രീകളും ചിന്തിക്കുക. സമാധാനമാണല്ലോ എല്ലാവര്‍ക്കും പ്രധാനം! ഇത്തരം കടമ്പകള്‍ ചാടിക്കടന്ന സ്ത്രീകളൊക്കെ ഒരു പ്രത്യേക ആനുകൂല്യം അനുഭവിക്കുന്നവരാണ് എന്നും, അവരെയൊന്നും സാധാരണ സ്ത്രീകളുടെ / പെണ്‍കുട്ടികളുടെ ഗണത്തില്‍ പെടുത്താനാവില്ല എന്നുമാണ് പൊതുവെ നമ്മളൊക്കെ കേട്ടിട്ടുള്ളത്. പക്ഷെ, മാതാപിതാക്കള്‍ പോലീസോ വക്കീലോ പൊതുപ്രവര്‍ത്തകരോ ആക്റ്റിവിസ്റ്റോ പത്രപ്രവര്‍ത്തകരോ അല്ലാതിരുന്നിട്ടും ഭയമില്ലാതെ പുറത്തിറങ്ങി നടക്കാന്‍ ചങ്കൂറ്റം കാണിക്കുന്ന, ആഗ്രഹത്തിന് ഒത്ത്‌ ജീവിക്കാനും സ്വപ്നം കാണാനും ധൈര്യം കാണിക്കുന്ന നിരവധി പെണ്‍കുട്ടികള്‍ നമുക്കിടയിലുണ്ട്. അവര്‍ക്കാര്‍ക്കും അത്തരമൊരു വഴി തനിയെ ഉണ്ടായി വന്നതല്ല, ഉണ്ടാക്കി എടുക്കുകയാണ് ചെയ്തത്. അതിന് അവര്‍ക്ക് വലിയ വില കൊടുക്കേണ്ടി വന്നിട്ടുമുണ്ട്. വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നില്‍ അവള്‍ സദാചാരബോധം ഇല്ലാത്തവളും അപഥസഞ്ചാരിണിയും ആണ്. അവള്‍ക്കെന്തെങ്കിലും അപകടം പിണഞ്ഞാല്‍ കണ്ണീരു പൊഴിക്കാനോ മെഴുകുതിരി കത്തിക്കാനോ ആരും ഉണ്ടാകണമെന്നില്ല. അതു അവളുടെ കയ്യിലിരിപ്പിന്റെ ‘ഗുണം’ കൊണ്ടു സംഭവിച്ചതല്ലേ, അനുഭവിക്കട്ടെ എന്ന് പറയാന്‍ നൂറായിരം പേര്‍ കാണും!

എന്നിരുന്നാലും, അധികാരകേന്ദ്രങ്ങള്‍ കല്പിച്ചു നല്‍കുന്ന സ്വാതന്ത്ര്യങ്ങള്‍ക്ക് അപ്പുറത്ത് സ്വന്തമായ ലോകം കെട്ടിപ്പടുക്കുന്ന, കെട്ടുപാടുകളില്ലാതെ ലോകത്തെ സമീപിക്കാന്‍, സ്വപ്നം കാണാന്‍, അവയ്ക്ക് വേണ്ടി അക്ഷീണം പ്രയത്നിക്കാന്‍ മനസുള്ള പെണ്‍കുട്ടികളുടെ എണ്ണം കൂടി വരുന്നുണ്ട് എന്ന് കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. അവരില്‍ നിന്നുണ്ടാകുന്ന തലമുറയിലെ പെണ്‍കുട്ടികള്‍ എങ്കിലും തല ഉയര്‍ത്തി ലോകത്തെ കാണും. ഭൂമിയിലെ പൂക്കളും മുള്ളുകളും മാത്രമല്ല ആകാശത്തിലെ നക്ഷത്രങ്ങളും മഴവില്ലും കാറ്റും കോളും കണ്ടും അറിഞ്ഞും വലിയ സ്വപ്‌നങ്ങള്‍ കണ്ടും അവര്‍ വളരും. അങ്ങനെയുള്ള ഒരു ലോകം ഇന്നുള്ളതിനെക്കാളും ക്രിയാത്മകവും ഉത്പാദനപരവുമായിരിക്കും എന്നാണ് എന്റെ പക്ഷം!