Sunday, March 25, 2012

ഉണ്ണിയും മേരിയും പിന്നെ ഞാനും

എന്നെ പ്രസവിക്കുമ്പോള്‍ അമ്മക്ക് മുപ്പത്തിയാറ് വയസ്സുണ്ട്. അമ്മയെ മരണത്തിന്റെയും ജീവിതത്തിന്റെയും ഒരു നൂല്‍പ്പാലത്തിലൂടെ നടത്തി അവസാനം എനിക്കും അമ്മയ്ക്കും ദൈവം ജീവിതം വിധിച്ചു. ഓപ്പറേഷന്‍ തിയ്യട്ടറിനു പുറത്ത് കാത്തു നിന്ന വല്യമ്മച്ചിയോട് ഡോക്ടര്‍ പറഞ്ഞു, "അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു." അങ്ങനെ എന്റെ അമ്മയുടെ ശരീരത്തില്‍ അവശേഷിച്ച ചോരയും നീരും ഊറ്റിയെടുത്ത്‌ ഞാനീ ഭൂലോകത്തില്‍ കരഞ്ഞു വിളിച്ചു കണ്ണ് തുറന്നു. 'അമ്മച്ചിയേയും കുഞ്ഞുവാവയെയും ഒരു കുഴപ്പവും കൂടാതെ ഞങ്ങള്‍ക്ക് തരണേ' എന്ന് ഒല്ലൂര്‍ പള്ളിയിലെ മാലാഖയുടെ രൂപത്തിന് മുന്നില്‍ മുട്ട് കുത്തി നിന്ന് പ്രാര്‍ഥിക്കുകയായിരുന്നു കുഞ്ഞിയും വെല്ലിയും അപ്പോള്‍ !
 "ഒരു തല തെറിച്ച കൊച്ച് നിനക്ക് ജനിച്ചിട്ടുണ്ട്ട്ടാ ആന്റപ്പാ' എന്ന് എന്റെ അപ്പനെ വിളിച്ചു പറയാന്‍ അന്ന് മൊബൈല്‍ ഒന്നും ഇല്ലാത്തത് കൊണ്ട് ഞാന്‍ ജനിച്ച വിവരം അപ്പന്‍ അറിയുന്നത് പിന്നെയും മാസങ്ങള്‍ കഴിഞ്ഞാവണം. ( അമ്മ അപ്പച്ചന് പിന്നീട് കത്തെഴുതിയിട്ടുണ്ടായിരിക്കണം.  ആ കത്തിലെ വരികള്‍ എങ്ങനെ ആയിരുന്നിരിക്കും എന്ന് ഞാന്‍ ഇടയ്ക്കു ആലോചിക്കാറുണ്ട്. )
അമ്മയെ കുറെ കഷ്ടപ്പെടുത്തി ജനിച്ചത്‌ കൊണ്ട് ഈ കൊച്ചിന്റെ മേല് വല്ല പിശാചുക്കള്‍ ഉണ്ടെങ്കില്‍ വേഗം പോയിക്കോട്ടെ എന്ന് കരുതിയിട്ടാണോ എന്തോ ജനിച്ച് കൃത്യം ഒരു മാസവും നാല് ദിവസവും കഴിഞ്ഞപ്പോള്‍ എന്നെയങ്ങ് മാമ്മോദീസ മുക്കാന്‍ അപ്പൂപ്പനും അമ്മൂമ്മയും തീരുമാനിച്ചു. അങ്ങനെ, തല മൂത്തവരുടെ നേതൃത്വത്തില്‍ എന്നെ ഒരു ഞായറാഴ്ച പള്ളിയിലേക്ക് ആഘോഷമായി കൊണ്ടു വന്നു. അമ്മ വരാത്തത് കൊണ്ടു എനിക്കിടേണ്ട പേരൊക്കെ ആന്റിയോട്‌ കൃത്യമായി പറഞ്ഞ് വച്ചാണ് അമ്മ വിട്ടത്. തലതൊട്ടപ്പനും തലതൊട്ടമ്മയുമായി അച്ചനും ആന്റിയും! ഞാനിങ്ങനെ വെളുത്ത ഉടുപ്പൊക്കെ ഇട്ട്‌ വല്ലാത്ത ഗെറ്റപ്പിലാ! വികാരിയച്ചന്‍ മാമ്മോദീസ വെള്ളം എന്‍റെ തലയില്‍ ഒഴിച്ച് പ്രാര്‍ത്ഥനകള്‍ ഓരോന്നായി ചൊല്ലി തുടങ്ങി. എനിക്ക് പേര് ഇടേണ്ട ഘട്ടം എത്തിയപ്പോള്‍ അച്ചന്‍ 'എന്ത് പേരാണ് കണ്ടു വച്ചിരിക്കുന്നത് എന്നര്‍ത്ഥത്തില്‍ ആന്റിയെ നോക്കി. വളരെ ഭയഭക്തിയോടെ ആന്റി പേര് പറഞ്ഞു, 'ഉണ്ണിമേരി' ! വികാരിയച്ചന്‍ ഒരു ഞെട്ടലോടെ ആന്റിയെ നോക്കി. 

'പേരെന്താ പറഞ്ഞെ?' അദ്ദേഹം ഒന്ന് കൂടി ചോദിച്ചു.
'ഉണ്ണിമേരി' , ആന്റി വീണ്ടും പറഞ്ഞു! 
കേട്ട് നിന്നവരൊക്കെ പള്ളിയില്‍ വച്ച് എന്തോ തെറി പറഞ്ഞ പോലെ ആന്റിയെ തുറിച്ചു നോക്കി. 
'ഉണ്ണിമേരി' എന്ന പേരാണ് കുഴപ്പം! 
മലയാള സിനിമയില്‍ അന്ന് മാദക വേഷങ്ങള്‍ ചെയത് നിറഞ്ഞു നില്‍ക്കുന്ന ഉണ്ണിമേരി ആണ് ആ പേര് കേട്ടപ്പോഴേ സാക്ഷാല്‍ വികാരിയച്ചന്റെയും അവിടെ ഉള്ളവരുടെയും മനസ്സില്‍ തെളിഞ്ഞു വന്നത്.  പുല്‍ക്കൂട്ടില്‍ കിടക്കുന്ന ഉണ്ണിയേശുവിനെയും അമ്മ മേരിയേയും ആര് ഓര്‍ക്കാന്‍ !!! ശാരദക്കുട്ടി ഒരു ലേഖനത്തില്‍ പറഞ്ഞ പോലെ, പകുതി മാറിടവും പൊക്കിളും പ്രദര്‍ശിപ്പിക്കുന്ന രീതിയില്‍ അല്ലാതെ മലയാള സിനിമ അവരെ സാരി ഉടുപ്പിച്ചിട്ടില്ലല്ലോ! 
അങ്ങനെ ഒരു സ്ത്രീയുടെ പേര് തന്നെ വേണോ കൊച്ചിന് എന്നായി അച്ചന്‍ ! 
"നമ്മടെ ഉണ്നിയെശുവിന്റെം മാതാവിന്റെം പേര് കൂട്ടി ഇടണം എന്നത് കൊച്ചിന്റെ അമ്മയുടെ ആഗ്രഹം ആണ്  അച്ചോ ,"  ആന്റി വിട്ട്‌ കൊടുത്തില്ല. 
"മേരി എന്ന് മാത്രം ഇട്ടാല്‍ പോരെ? വേണമെങ്കില്‍ കുഞ്ഞു മേരി എന്നാക്കാം..." 
"ഉണ്ണിമേരി എന്ന് തന്നെ കിടക്കട്ടെ അച്ചോ..."  ആന്റി കാട്ടായം പറഞ്ഞു.
അവസാനം  ഗത്യന്തരമില്ലാതെ അച്ചന്‍ പരിശുദ്ധ ത്രീത്വത്തിന്റെ നാമത്തില്‍ എന്നെ ഉണ്ണിമേരി ആയി നാമകരണം ചെയ്തു. ഈ നടക്കുന്ന പുകിലുകള്‍ ഒന്നും അറിയാതെ ഞാന്‍ അപ്പോഴും പൂര ഉറക്കമായിരുന്നു...
പള്ളിയില്‍ ഒരു പേര് സ്കൂളില്‍ വേറെ പേര്, എന്നത് അന്നത്തെ ഒരു ഫാഷന്‍ ആയതു കൊണ്ടാണോ ആവോ പിന്നീട് എന്‍റെ പേര് മാറ്റപ്പെട്ടു.   നേഴ്സറിയില്‍ ചേര്‍ത്തപ്പോള്‍ ചേച്ചിമാരുടെ പേരുകളോട് ചേര്‍ച്ചയുള്ള സീനയായി ഞാന്‍ മാറി.
ഈയടുത്ത്, ഉണ്ണിമേരിയുടെ അമ്പതാം പിറന്നാളുമായി ബന്ധപ്പെട്ട് അവരെ കുറിച്ച് പത്രത്തില്‍ ഒരു അഭിമുഖം കണ്ടപ്പോള്‍ അമ്മ പറഞ്ഞ്
കേട്ട ഈ മാമ്മോദീസ കഥ ഓര്‍ത്തു. പതിമൂന്നാം വയസ്സ് മുതലുള്ള അവരുടെ അഭിനയ ജീവിതത്തില്‍ അവര്‍ അറിഞ്ഞോ അറിയാതെയോ ചോദ്യം ചെയ്തതും നേരിട്ടതും ആണ്‍നോട്ടങ്ങളുടെ അഴകളവുകളെയായിരുന്നല്ലോ  എന്ന തിരിച്ചറിവ് അവരെ കുറിച്ചുള്ള കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്തിയിരിക്കുന്നു. അല്ലെങ്കിലും , ആ പേരില്‍ അല്ലല്ലോ, ആ പേര് കേള്‍ക്കുമ്പോ വേറെ കാര്യങ്ങള്‍ ചിന്തിക്കുന്ന നമുക്കാണല്ലോ കുഴപ്പം!

Saturday, March 10, 2012

ഓണ്‍ലൈന്‍ ചുമരുകളില്‍ എന്റെ അടയാളങ്ങള്‍


( വനിതാദിനത്തില്‍ 'നാലമിട' ത്തില്‍ വന്ന കുറിപ്പ്)


ഡിഗ്രി കാലത്താണ്. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ എല്ലാ വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ രണ്ട് മൂന്ന് ചേച്ചിമാരെ കാണാം. കറുത്ത വസ്ത്രം ധരിച്ചു നില്‍ക്കുന്ന അവരുടെ കൈകളില്‍ ചില പോസ്റ്ററുകളുണ്ടാവും. പൊതു ഇടങ്ങള്‍ സ്ത്രീകള്‍ക്കും കൂടിയുള്ളതാണ് എന്ന് എഴുതിവെച്ച പോസ്റ്ററുകള്‍. പതിവായി കാണുമായിരുന്നെങ്കിലും ആ കൂട്ടത്തെ പരിചയപ്പെടുന്നത് പിന്നീടാണ്. ഒരുമിച്ചിരിക്കാനും സംസാരിക്കാനും കൂട്ട് കൂടാനും തര്‍ക്കിക്കാനും ഒരിടം വേണമെന്ന ബോധം വന്നതിനു ശേഷം. നേരെ പറയാനുള്ള കാര്യങ്ങള്‍ നേരെ തന്നെ പറയണം. ഉറക്കെ പറയാനുള്ളത് ഉറക്കെയും! അങ്ങനെയുള്ള ഒരു ഇടത്തിന്റെ അതിരുകള്‍ ‘ഭൂലോകം’ കടന്ന് ഇപ്പോള്‍ ‘ബൂലോകം’ വരെയെത്തി നില്‍ക്കുന്നു.


ഒരു കുന്നിന്റെ മുകളില്‍ കയറി നിന്ന്, ‘ഞാനൊരു പെണ്ണാണ്, ഇതെന്റെ ശരീരമാണ്, ഇതെന്റെയും കൂടെ ലോകമാണ്’ എന്നുറക്കെ പറയുന്ന സുഖമാണ് ഓണ്‍ലൈന്‍ ഇടങ്ങളിലെ കുത്തിക്കുറിക്കലുകളും പങ്കുവയ്ക്കലുകളും എനിക്ക് നല്‍കുന്നത്. ഞാനൊരു നിശാചരിയാണ് . നേരം കെട്ട നേരങ്ങളില്‍ പുറത്തിറങ്ങി നടക്കുന്നവള്‍ ! സൈബര്‍ വഴികളിലും അങ്ങനെ തന്നെ. നഗരങ്ങളിലെ രാത്രിവഴികളെപ്പോലെ സൈബര്‍ ലോകത്തിലെ രാവഴികളിലൂടെ പാറിപ്പറന്നു നടക്കാനാണ് എനിക്കിഷ്ടം! ജോലി കഴിഞ്ഞു തിരിച്ചെത്തുന്ന രാത്രിയുടെ രണ്ടാം യാമത്തില്‍ തുടങ്ങുന്നു എന്‍റെ ഓണ്‍ലൈന്‍ അങ്കം വെട്ടലുകള്‍ ! ചാറ്റ് ബോക്സില്‍ ഒളിച്ചിരുന്ന് ഒരു അദൃശ്യ ജീവിയായി ഈ അദൃശ്യ ലോകത്ത് ഒഴുകി നടക്കാം! ഭൂമിയിലെ കസര്‍ത്തുകള്‍ നോക്കി മേഘങ്ങള്‍ക്ക് ഇടയിലൂടെ ഒഴുകി നടക്കാം.
കവിതയും കഥയും തമാശയും മാത്രമല്ല രാഷ്ട്രീയവും സമരങ്ങളും അതിജീവനുമെല്ലാം ഇവിടെ വിഷയങ്ങളാണ്. ഇത്തരം വിഷയങ്ങളിലുള്ള നിലപാടുകളും അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പങ്കു വയ്ക്കുന്ന ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിഞ്ഞെത്തുന്ന കൂട്ടായ്മകളിലൂടെയാണ് ഈ ‘അയഥാര്‍ത്ഥ’ ലോകത്തിന്റെ സാധ്യതകള്‍ തുറക്കുന്നത്.
കഴിഞ്ഞ വര്‍ഷം, തെസ്നി ബാനുവിന് നേരെ അക്രമം ഉണ്ടായപ്പോള്‍ അതിനെതിരെ ശബ്ദം ഉയര്‍ത്താന്‍ ഏറ്റവും മുന്നില്‍ ഉണ്ടായത് ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ ആയിരുന്നു. സദാചാര പോലീസ് അവര്‍ക്ക് നേരെ അഴിച്ചു വിട്ട ആരോപണങ്ങളുടെ മുനയൊടിക്കാന്‍ ഇത്തരം ഓണ്‍ലൈന്‍ കൂട്ടങ്ങള്‍ വഹിച്ച പങ്ക് ശ്രദ്ധേയമായിരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടു നിരവധി കൂടിച്ചേരലുകള്‍ നടന്നു. ഇതൊന്നും ഒരു പ്രത്യേക സംഘടനയുടെ പിന്‍ബലത്തോടെ ആയിരുന്നില്ല. ഓണ്‍ലൈന്‍ ഇടത്തിലെ അവരുടെ പങ്ക് വയ്ക്കലുകളുടെ വെളിച്ചത്തില്‍ അവരെ അറിഞ്ഞ കൂട്ടുകാരുടെ പിന്തുണ മാത്രമായിരുന്നു അത്തരം കൂടിച്ചേരലുകളുടെ കൈമുതല്‍.
പൊതു സമൂഹത്തില്‍ പെട്ടന്ന് അസ്വീകാര്യമായി തോന്നുന്ന നിലപാടുകളും അഭിപ്രായങ്ങളും ഈ ഓണ്‍ലൈന്‍ ഇടത്തില്‍ സ്വീകാര്യത നേടുന്നത് വളരെ പെട്ടന്നാണ്. അതുകൊണ്ട് തന്നെ, നിരവധി പെണ്‍കുട്ടികള്‍ / സ്ത്രീകള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് പോലുള്ള ഇടങ്ങളെ തങ്ങളുടെ സ്വാതന്ത്യ്ര പ്രഖ്യാപനത്തിന്റെ വേദികളാക്കി മാറ്റുന്നത് കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. എന്‍റെ പരിമിതമായ സൌഹൃദത്തിന്റെ വട്ടങ്ങളില്‍ തന്നെ എത്രയോ പേര്‍ !



പെണ്ണ് എന്ന കാഴ്ചയുടെ സ്ഥിരം ചട്ടക്കൂടുകളെ പൊളിച്ചെഴുതുന്ന ചിത്രങ്ങള്‍ അപ്ലോഡ് ചെയത് അമ്പരപ്പിക്കുകയും സ്ഥിരം കാഴ്ച വട്ടങ്ങളെ പരിഹസിക്കുകയും ചെയ്യുന്ന കനി കുസൃതിയും ഗാര്‍ഗിയും ചില ഉദാഹരണങ്ങള്‍ മാത്രം. സ്റാറ്റസ് അപ്ഡേറ്റുകള്‍ കൊണ്ടു ഞെട്ടിക്കുന്ന കുഞ്ഞിലയും വ്യത്യസ്തമായ വായനാനുഭവത്തിലേക്ക് കൊണ്ടു പോകുന്ന മായ ഇന്മയയും മെഹ് നാര രോഷ്നിനും ഇത്തരത്തില്‍ ഓണ്‍ലൈന്‍ ഇടങ്ങളെ വളരെ കൃത്യമായി ഉപയോഗിക്കുന്നവരാണ്. വിശാലമായ ഈ സൈബര്‍ ലോകത്തിലെ ഇങ്ങനെയുള്ള പെണ്ണടയാളപ്പെടുത്തലുകള്‍ തീര്‍ച്ചയായും സ്വാഗതം ചെയ്യേണ്ടതുണ്ട്. അവിടെ പ്രായം, തൊഴില്‍ , വിദ്യാഭ്യാസം ഒന്നും മാനദണ്ഡങ്ങളായി വരുന്നില്ല. പങ്കു വയ്ക്കാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ ആരുടേയും മുഖം നോക്കാതെ പറയാം. ഈ ഇടം നല്‍കുന്ന ദൃശ്യപരമായ അദൃശ്യത കൊണ്ടു തന്നെ വളരെ ക്രിയാത്മകമായ പെണ്ണിടപെടലുകള്‍ ഇത്തരം കൂട്ടായ്മകളില്‍ സജീവമാണ്.
സ്നേഹിക്കാനും പ്രണയിക്കാനും മാത്രമല്ല കലഹിക്കാനും തര്‍ക്കിക്കാനും വിയോജിപ്പ് രേഖപ്പെടുത്താനുമൊക്കെ ഇത്തരം ഇടങ്ങള്‍ തുറന്നു വയ്ക്കുന്ന സാധ്യതകള്‍ വളരെ വലുതാണ്. ഒരു കൊച്ചു മുറിയുടെ ചുമരുകള്‍ക്കുള്ളില്‍ ഇരുന്നു വലിയ ലോകത്തിന്റെ വിശാലതയിലേക്ക് കണ്ണു നട്ടിരിക്കുന്ന അനുഭവം. എന്റെ ശീലങ്ങളെയും കാഴ്ചപ്പാടുകളെയും ഇഷ്ടങ്ങളെയുമൊക്കെ ഒരുമിച്ചു ചേര്‍ത്ത് വച്ച ഒരു സൈബര്‍ കൂട്.
ഇവിടെ ഞാനൊരിക്കലും ഒറ്റക്കാവുന്നില്ല. മഴയറിയാനും നിലാവറിയാനും കൂടെ പോരുന്നുണ്ടോ എന്ന് ചോദിക്കുമ്പോഴും, ആണവ പദ്ധതിക്കെതിരായി സൈക്കിളില്‍ കേരളം ചുറ്റാന്‍ കൂടുന്നുണ്ടോ എന്ന് അന്വേഷിക്കുമ്പോഴും നല്ല സിനിമകള്‍ കാണാന്‍ അവസരമുള്ള ചലച്ചിത്ര മേളകളിലേക്ക് ക്ഷണിക്കുമ്പോഴും കൂടെ നില്‍ക്കാനും പ്രതികരിക്കാനും പങ്കെടുത്തു വിജയിപ്പിക്കാനും ഓണ്‍ലൈന്‍ ഇടങ്ങളിലെ കൂട്ടുകാരും ഇവിടെ നടക്കുന്ന ചര്‍ച്ചകളും എന്നെ ഏറെ സഹായിച്ചിട്ടുണ്ട്.
ഈ കുറിപ്പിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ, നിലപാടുകള്‍ വ്യക്തമാക്കി കൊണ്ടുള്ള പോസ്ററുകള്‍ ഉയര്‍ത്തി പിടിച്ച് കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ നിന്നിരുന്ന പെണ്‍കൂട്ടത്തിന്റെ മറ്റൊരു രൂപമായി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ ചുമരെഴുത്തുകളും പങ്കുവയ്ക്കലുകളും വളര്‍ന്നിരിക്കുന്നു. സൈബര്‍ ചുവരുകളില്‍ നിന്ന് ഇത്തരം എഴുത്തുകളും ഇടപെടലുകളും വലിയ ലോകത്തിന്റെ വഴികളെ അമ്പരപ്പിക്കുന്ന കാലം അതിവിദൂരമല.