Tuesday, October 18, 2016

അനുസരണക്കേടുകള്‍ നല്ലതാണ്


#MyDiaryOfResistance
#SpeakOut

ഇന്നാണ് അമ്മയോട് പറഞ്ഞത്. അമ്മ ഒന്നും പറഞ്ഞില്ല. കുറേ നേരം മിണ്ടാതിരുന്നു. ഈ ദിവസങ്ങളിലെല്ലാം ഞാനേറ്റവും കൂടുതല്‍ തവണ മനസില്‍ കണ്ടത്, ഇക്കാര്യം പറയുമ്പോള്‍ അമ്മയുടെ പ്രതികരണം എങ്ങനെയാകും എന്നതായിരുന്നു. അമ്മയോട് പറയണ്ട എന്നായിരുന്നു ആദ്യം മനസിലുറപ്പിച്ചത്. പക്ഷേ, ചില വീര്‍പ്പുമുട്ടലുകളില്ലേ... അമ്മയോട് ചേര്‍ന്നിരിക്കുമ്പോള്‍ മാത്രം ഇല്ലാതാകുന്നത്... അങ്ങനെയൊരു നിമിഷത്തില്‍ ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍, ഏറ്റവും ലളിതവല്‍ക്കരിച്ച് പറഞ്ഞു.

ഒറ്റയ്ക്ക് താമസിക്കാന്‍ തുടങ്ങിയതിനു ശേഷം അമ്മയുമായി ചേര്‍ന്നിരിക്കാന്‍ കിട്ടുന്ന സമയം വളരെ കുറഞ്ഞു തുടങ്ങിയിരുന്നു. കാണുമ്പോള്‍, അമ്മയെ സങ്കടപ്പെടുത്തുന്നതൊന്നും പറയണ്ട എന്ന തോന്നും. എവിടെ ആണെങ്കിലും ഞാന്‍ സുരക്ഷിതയായി ഇരിയ്ക്കുന്നുണ്ട് എന്ന തോന്നല്‍ മാത്രമാണല്ലോ അമ്മയുടെ പിടിവള്ളി. ഓരോ തവണ വീട്ടില്‍ വന്നു പോകുമ്പോള്‍ അമ്മ പറയും, ശ്രദ്ധിച്ചു നടക്കണേ മോളേ ന്ന്...

ശ്രദ്ധിച്ചു തന്നെയാണ് അമ്മാ എപ്പോഴും നടക്കുന്നത്. എന്നിട്ടും അപകടങ്ങള്‍ സംഭവിക്കുന്നു. എനിയ്ക്ക് മാത്രമല്ല, പലര്‍ക്കും... വീടിനുള്ളില്‍ മാനം കാണാതെ വളര്‍ന്നിട്ട്, അങ്ങനെ ജീവിച്ചിട്ട് എനിയ്ക്ക് ഒരു ദേവകുമാരന്റേയും കിരീടത്തിലെ മയില്‍പ്പീലി ആകേണ്ട.

അമ്മയുടെ മകള്‍ അനുസരണയില്ലാത്തവളാണെന്ന് ആളുകള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ സങ്കടം വരുമായിരിക്കും. സാരമില്ല... അമ്മയെപ്പോലുള്ള പെണ്ണുങ്ങള്‍ നേരത്തെ ഇത്തരം അനുസരണക്കേടുകള്‍ കാണിച്ചിരുന്നെങ്കില്‍ നമ്മുടെ നാട്ടുനടപ്പുകള്‍ കുറച്ചൂടെ മാറിയേനെ... വൈകിയിട്ടില്ല... ചിലപ്പോഴൊക്കെ അനുസരണക്കേടുകള്‍ നല്ലതാണ്. അമ്മയക്ക് ഉമ്മ :)

ഇരകളാകേണ്ടവരല്ല നമ്മള്‍



കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ കുറേ കാര്യങ്ങള്‍ സംഭവിച്ചു. കേരളത്തിലെ റോഡുകളിലൂടെ സഞ്ചരിക്കുന്ന ഏതൊരു സ്ത്രീയ്ക്കും സംഭവിക്കുന്നതേ എനിക്കും സംഭവിച്ചുള്ളൂ. പട്ടാപ്പകല്‍ റോഡിലൂടെ നടന്നുപോയപ്പോള്‍ ഒരാള്‍ കേറി വന്നെന്റെ മുലയ്ക്ക് പിടിച്ചു. അയാള്‍ ചെയ്ത കാര്യം ഇത്രയും പച്ചയ്ക്ക് തന്നെ പറഞ്ഞത് അയാള്‍ ചെയ്ത കാര്യത്തിന്റെ ഗൗരവം വ്യക്തമാക്കാനാണ്. ഇതാദ്യമായല്ല ഇങ്ങനെയുള്ള സംഭവങ്ങള്‍ എനിക്ക് നേരിടേണ്ടി വരുന്നത്. എനിയ്ക്ക് മാത്രമല്ല, പല സ്ത്രീകള്‍ക്കും സമാന അനുഭവങ്ങള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ പലപ്പോഴും ഇങ്ങനെ ചെയ്യുന്നവര്‍ അവരുടെ ഐഡന്റിന്റി വ്യക്തമാക്കാതെ ഇരുട്ടിന്റെ മറവിലോ അല്ലെങ്കില്‍ ഹെല്‍മറ്റ് വച്ചോ അതുമല്ലെങ്കില്‍ വാഹനത്തില്‍ പാഞ്ഞു വന്ന് ശരീരത്തില്‍ കേറിപ്പിടിച്ച് കടന്നു കളയാറാണുള്ളത്. ഇങ്ങനെ വരുമ്പോള്‍ ആര്‍ക്കെതിരെ പരാതി കൊടുക്കും എന്നു പോലും അറിയാതെ ദേഷ്യവും വെറുപ്പും എല്ലാം വന്ന് വല്ലാത്ത അവസ്ഥ ആകാറുണ്ട്.

എന്നാല്‍ ബുധനാഴ്ച നടന്ന സംഭവത്തില്‍ അയാള്‍ ഓടി രക്ഷപ്പെടാന്‍ പോലും നോക്കാതെ പിന്നെയും എനിയ്ക്ക് നേരെ വരികയായിരുന്നു. അയാളുടെ വണ്ടി നമ്പര്‍ ഞാന്‍ ശ്രദ്ധിച്ചെന്ന് മനസിലാക്കിയപ്പോള്‍ മാത്രമാണ് അയാള്‍ എന്നെ പിന്തുടരുന്നത് നിറുത്തി തിരികെ പോയത്. പാലക്കാട് മുണ്ടൂര്‍ IRTC യില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും മാധ്യമങ്ങളും എന്ന വിഷയത്തില്‍ ക്ലാസ് എടുക്കാന്‍ പോകുന്ന വഴിയ്ക്കാണ് സംഭവം നടന്നത്.

സെമിനാറിന് ശേഷം പരിപാടിയുടെ സംഘാടകര്‍ക്കൊപ്പം കോങ്ങാട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. അതിനു മുന്‍പേ പാലക്കാട് സുഹൃത്തുക്കളുടെ സഹായത്താല്‍ വണ്ടിയ്ക്കു വേണ്ടിയുള്ള അന്വേഷണം നടത്തിയിരുന്നു. ഡല്‍ഹി രജിസ്‌ട്രേഷനിലുള്ള ഒരു പഴയ ബുള്ളറ്റിലായിരുന്നു അയാള്‍ എന്നെ പിന്തുടര്‍ന്നത്. പോലീസും മറ്റ് സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, ഞാന്‍ പരാതി കൊടുത്ത് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അയാളെ പിടിയ്ക്കാന്‍ കഴിഞ്ഞു. ഞാന്‍ രാത്രി തന്നെ പോലീസ് സ്‌റ്റേഷനില്‍ പോയി അയാളെ തിരിച്ചറിഞ്ഞു. ഞാന്‍ പരാതി കൊടുത്തെന്ന് അറിഞ്ഞ് മറ്റൊരു പെണ്‍കുട്ടിയും പരാതിയുമായി വന്നു. ആ പെണ്‍കുട്ടിയെയും ഇയാള്‍ ഇതുപോലെ വഴിയിലൂടെ നടന്നു പോകുമ്പോള്‍ ശല്യം ചെയ്തിരുന്നു.

എന്തായാലും കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. അയാളെ ഇപ്പോള്‍ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇതിന് വേണ്ടി കുറച്ച് നടക്കേണ്ടി വന്നാലും പരാതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം.

പരാതി കൊടുക്കാനും അയാളെ തിരയാനും പിന്നീട് കോടതിയില്‍ ഹാജരായപ്പോള്‍ മണിക്കൂറുകളോളം കോടതി വരാന്തയില്‍ എനിക്കൊപ്പം നില്‍ക്കാനും രഹസ്യമൊഴി രേഖപ്പെടുത്താന്‍ മജസിട്രേറ്റ് വിസമ്മതിച്ചപ്പോള്‍ നിയമപരമായി തന്നെ നേരിട്ട,് അന്ന് തന്നെ അതിന് വേണ്ട കാര്യങ്ങള്‍ ചെയ്യാനും കൂടെ നിന്ന ഒരുപാട് പേരുണ്ട്. +Shaji Mullookkaaran മുള്ളൂക്കാരന്‍ , നന്ദേട്ടന്‍, സുധീഷേട്ടന്‍, അച്ചായന്‍ (അജിത് സക്കറിയ), രാമചന്ദ്രേട്ടന്‍, അജിലേച്ചി, മാതൃഭൂമിയിലെ ഹരിയേട്ടന്‍ പിന്നെ ഫോണിലും മറ്റുമായി ഇടപെടല്‍ നടത്തിയ സുഹൃത്തുക്കള്‍ +മത്തായി, മാതൃഭൂമിയിലെ എന്റെ സുപ്പീരിയേഴ്‌സ്, ജില്ലാ പഞ്ചായത്ത്, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകര്‍, സിപിഎം പാര്‍ട്ടി പ്രവര്‍ത്തകര്‍ അങ്ങനെ എല്ലാവരേയും സ്‌നേഹത്തോടെ ഓര്‍ക്കുന്നു. 36 മണിക്കൂറോളം നീണ്ട സംഭവ പരമ്പരയില്‍ എനിയ്‌ക്കൊപ്പം നിങ്ങളും കൂടി ഉണ്ടായിരുന്നതുകൊണ്ടാണ് അയാള്‍ ഇപ്പോള്‍ ജയിലില്‍ കിടക്കുന്നത്.

കേസ് തീര്‍ന്നിട്ടില്ല. തുടങ്ങിയിട്ടേ ഉള്ളൂ. ഇനി കാര്യങ്ങള്‍ കോടതിയിലാണ്... ആടിനെ പട്ടിയാക്കാനും പട്ടിയെ കുട്ടിയാക്കാനും വരെ കഴിവുള്ള വക്കീലന്‍മാര്‍ വാഴുന്ന ഇടത്ത് കേസിന്റെ ഭാവിയെന്താകുമെന്നൊന്നും അറിയില്ല. പക്ഷേ, മുന്നോട്ട് തന്നെയാണ് എന്റെ വഴികള്‍. ഞാനിത് ചെയ്തില്ലെങ്കില്‍ മറ്റൊരു ജിഷയോ സൗമ്യയോ പേരില്ലാതെ ജീവിക്കേണ്ടി വരുന്ന പെണ്‍കുട്ടികളോ ഇയാളുടെ വൈകൃതത്തിന്റെ തുടര്‍ച്ചയില്‍ സംഭവിച്ചേക്കാം. അതിക്രമത്തില്‍പ്പെട്ട് കൊല്ലപ്പെടുമ്പോള്‍ മെഴുകുതിരി കത്തിയ്ക്കാന്‍ വേണ്ടി മാത്രമല്ല പൊതുബോധം ഉണരേണ്ടത്. ഒരു സ്ത്രീയെ ഒറ്റയ്ക്ക് കണ്ടാല്‍ എന്തും പറയാം, എന്തും ചെയ്യാം എന്ന തോന്നല്‍ ഊട്ടിയുറപ്പിക്കുന്ന നമ്മുടെ വ്യവസ്ഥിതിയുണ്ടല്ലോ, അതിനെ കത്തിയ്ക്കാനാണ് മെഴുകുതിരി തെളിയിക്കേണ്ടത്.
#SpeakOut #StopViolenceAgainstWomen