
മലയാളചലച്ചിത്രഗാനശാഖയെ ലളിതഗാനത്തിന്റെ മധുരിമയിലേക്ക് കൈ പിടിച്ചു നടത്തിയ ഭാസ്കരന് മാഷ് ഓര്‍മ്മയായിട്ട് ഇന്ന്(ഫെബ്രുവരി 25, 2010) മൂന്നു വര്‍ഷം തികയുന്നു. കാലയവനികള്‍ക്കുള്ളില്‍ മറഞ്ഞിട്ടും അദ്ദേഹമെഴുതിയ കവിത തുളുമ്പുന്ന വരികള്‍ മലയാളിയെ ഇന്നും ഓര്‍മ്മകളുടെ തീരത്തെത്തിക്കുന്നു. കവി, ഗാനരചയിതാവ്, പത്രപ്രവര്ത്തകന്, സംവിധായകന് എന്നിങ്ങനെ കൈവച്ച എല്ലാമേഖലകളിലും പ്രതിഭയുടെ കയ്യൊപ്പ് നല്കാന് അദ്ദേഹത്തിനു കഴിഞ്ഞു. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും വിനീതവിധേയനായ ഒരു മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. തന്നെ പ്രശംസകൊണ്ടു മൂടുന്നവരില്നിന്നും പരിഹസിക്കുന്നവരില്നിന്നും ഒരേയകലം സൂക്ഷിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
ഒരിക്കല്‍ ഭാസ്കരന്‍മാഷും തിരക്കഥാകൃത്ത് ജോണ്‍ പോളും കൂടി മദ്രാസിലേക്ക് യാത്ര തിരിച്ചു. ഒരു സിനിമയുമായി ബന്ധപ്പെട്ടായിരുന്നു യാത്ര. യാത്രയ്ക്കിടെ അദ്ദേഹത്തിന്റെ മുറിയിലേക്ക് ഒരു നിര്‍മ്മാതാവും അക്കാലത്തെ പ്രശസ്തനായ ഒരു സംവിധായകനുംകൂടി കയറിവന്നു. മാഷുടെ വലിയ ആരാധകനാണെന്നായിരുന്നു സംവിധായകന്റെ സ്വയം പരിചയപ്പെടുത്തല്‍. ഒപ്പമൊരു ആവശ്യവും സംവിധായകന് അറിയിച്ചു. തന്റെ പുതിയ ചിത്രത്തിന്റെ ഗാനരചന മാഷുതന്നെ നിര്‍വഹിക്കണം. സംവിധായകന്റെ ആവശ്യം കേട്ട് ആദ്യം ഞെട്ടിയത് ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. പുതിയ ചിത്രത്തിലെ ഗാനങ്ങളെഴുതാന്‍ പൂവ്വച്ചല്‍ ഖാദറിനെ നിശ്ചയിച്ചിരുന്നതാണ്. അതെല്ലാം ശരിയാക്കാം എന്ന മട്ടില്‍ സംവിധായകന് നിര്‍മ്മാതാവിനെ നോക്കിയതും തല്ക്കാലം നിര്‍മ്മാതാവിന് സംശയനിവൃത്തിയായി. ഭാസ്കരന് മാഷാകട്ടെ ചിരിച്ചുകൊണ്ട് സമ്മതിച്ചു.
ഗാനമെഴുതാമെന്ന് സമ്മതിച്ചിട്ടും ഭാസ്കരന് മാഷെ വെറുതെ വിടാന്‍ സംവിധായകന് ഒരുക്കമല്ല. മാഷെ ഒന്നു പുകഴ്ത്തിക്കളയാമെന്ന ആഗ്രഹത്തോടെ സംവിധായകന് ആരംഭിച്ചു.
'മാഷുടെ ഒരു പാട്ടിന്റെ വരികള്‍ ഞാനെപ്പോഴും മൂളും.
എത്ര ലളിതം... എത്ര ഉദാത്തം! കവി മനസ്സ് അപ്പാടെ പൂത്തുലഞ്ഞ് നില്‍ക്കുന്നത് അതില്‍ കാണാം.'എന്നു പറഞ്ഞ് സംവിധായകന് ആ പാട്ടിന്റെ വരികള്‍ മൂളി.
'തുമ്പി തുമ്പി വാ വാ...
ഈ തുമ്പത്തണലില് വാ വാ...'
ഇതു കേട്ടതും ഞെട്ടിയത് കൂടെയുണ്ടായിരുന്ന ജോണ്‍ പോളായിരുന്നു. അദ്ദേഹത്തിന് ഇടപെടാന്‍ കഴിയുന്നതിനു മുന്‍പേ സംവിധായകന് വീണ്ടും പറഞ്ഞു തുടങ്ങി. മാഷുടെ കടുത്ത ആരാധകനാണെന്ന് സ്ഥാപിച്ചെടുക്കാന്‍ മറ്റൊരു ഗാനരചയിതാവിനെ മോശമായി ചിത്രീകരിക്കാനാണ് സംവിധായകന്റെ അടുത്ത ശ്രമം. അദ്ദേഹം തുടര്‍ന്നു.
'മറ്റൊരു പ്രശസ്തനായ കവി എഴുതിയ വരികളുണ്ട്.
കിഴക്കുദിക്കിലെ ചെന്തെങ്ങില്‍...
കരിക്കു പൊന്തിയ നേരത്ത്
മുരിക്കിന് തെയ്യേ മുരിക്കന്‍ തെയ്യേ...
നിന്നുടെ ചോട്ടില് മുറുക്കിത്തുപ്പിയതാരാണ്...
പെരുക്കു പട്ടിക ചൊല്ലുന്നതു പോലെയുണ്ട്. ഒരു ഭാവനയുമില്ല! സൗന്ദര്യവുമില്ല!'
ഇതു കേട്ടതും മുറിയിലുണ്ടായ എല്ലാവരും ഇനിയെന്തു സംഭവിക്കും എന്നറിയാതെ അമ്പരന്നിരിക്കുകയാണ്. ആരും ഒന്നും സംസാരിക്കുന്നില്ല. പ്രത്യേകിച്ച് ഒരു ഭാവഭേദവും കൂടാതെ ആദ്യം സംസാരിച്ചു തുടങ്ങിയത് ഭാസ്കരന് മാഷ് തന്നെയായിരുന്നു. അദ്ദേഹം പറഞ്ഞു.
'താങ്കള്‍ എന്റേതെന്ന് കരുതി പുകഴ്ത്തിയത് വയലാര്‍ രാമവര്‍മ്മ എഴുതിയ ആദ്യകാല വരികളാണ്. മറ്റാരുടേയോ എന്നു കരുതി രണ്ടാമത് പറഞ്ഞ വരികളാണ് എന്റേത്.'
ഒരൊറ്റ നിമിഷം കൊണ്ട് സംവിധായകന്റെ മുഖം വിവര്‍ണ്ണമായി. ഭാഗ്യത്തിന് അതേ സമയം ടി ടി ആര് അതിലൂടെ കടന്നു പോയി. ടി ടി ആറിനോട് എന്തോ സംസാരിക്കാനുണ്ടെന്ന വ്യാജേന പുറത്തു കടന്ന സംവിധായകന് തല്ക്കാലം അവിടെ നിന്നും രക്ഷപ്പെട്ടു. ഇതൊക്കെ സംഭവിച്ചിട്ടും മാഷു തന്നെ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തില്‍ ഗാനങ്ങളെഴുതി. ഒരിക്കല്‍ പോലും ഇതു പറഞ്ഞ് സംവിധായകനെ കളിയാക്കിട്ടില്ല എന്നറിയുമ്പോഴാണ് മാഷുടെ വ്യക്തിത്വത്തിന്റെ വലുപ്പം മനസ്സിലാക്കാന്‍ കഴിയുന്നത്.
ഒരൊറ്റ ദിവസം കൊണ്ടും ഒരൊറ്റ ഗാനം കൊണ്ടുമൊക്കെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയര്‍ത്തപ്പെടുന്നവര്‍ മാഷിന്റെ ഈ വലുപ്പം ഓര്‍ക്കുന്നത് നല്ലതാണ്. മാഷിന്റെ വരികള്‍ കടമെടുത്തു പറഞ്ഞാല്‍, 'ഓര്‍ക്കുക വല്ലപ്പോഴും!'
